വർഷത്തിൽ ഒരു സൂപ്പർഹിറ്റ്, ചരിത്രം മൂന്നാമതും ആവർത്തിക്കാൻ നത്തിങ് ഫോൺ 3 ഒരുങ്ങുന്നു!
വെറും ഒറ്റ സ്മാർട്ട്ഫോൺ കൊണ്ടുതന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് (Carl Pei) 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ് ഇന്ന് ഇന്ത്യയടക്കമുള്ള വിപണികളിലെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡാണ്.
2020 മുതൽ ഇങ്ങോട്ടുള്ള കാലയളവ് എടുത്താൽ വെറും രണ്ട് സ്മാർട്ട്ഫോണുകളാണ് നത്തിങ് പുറത്തിറക്കിയിരിക്കുന്നത്. 2020ൽ കമ്പനി ആരംഭിച്ച നത്തിങ് തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ ആയ നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് 2022 ജൂലൈ 21 ന് ആയിരുന്നു. ഇത് വിപണിയിൽ വൻ ഹിറ്റായി.

ഒരു വർഷത്തിനിപ്പുറം 2023 ജൂലൈ 11 ന് നത്തിങ് ഫോൺ 2 വിപണിയിൽ എത്തി. മുൻവർഷം പുറത്തിറങ്ങിയ നത്തിങ് ഫോൺ 1 നെക്കാൾ മികച്ച ഫീച്ചറുകളുമായാണ് നത്തിങ് ഫോൺ 2 ( Nothing Phone 2) എത്തിയത്. അതും ഇന്ത്യ അടക്കമുള്ള വിപണികളിൽ വൻ ഹിറ്റായി മാറി.
ആപ്പിളും സാംസങ്ങും പോലുള്ള വമ്പന്മാരും ഷവോമി അടക്കമുള്ള നിരവധി ചൈനീസ് ബ്രാൻഡുകളും നിറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിൽ ആദ്യ സ്മാർട്ട്ഫോൺ കൊണ്ട് തന്നെ ഇടം കണ്ടെത്താൻ നത്തിങ്ങിന് കഴിഞ്ഞു എന്നത് വലിയ നേട്ടമായിരുന്നു. നത്തിങ് 1 ന്റെ സൽപ്പേര് നത്തിങ് 2 കാത്തതോടുകൂടി നത്തിങ് ബ്രാൻഡിൽ ആളുകൾക്കുള്ള വിശ്വാസം കൂടുതൽ ഉറപ്പിക്കപ്പെട്ടു.

ആരാധകരുടെ ഇഷ്ടം കൂടുതൽ അരക്കിട്ടുറപ്പിക്കാൻ മികച്ച ഫീച്ചറുകളോടെ നത്തിങ് ഫോൺ 3 തയാറായിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. അതിവേഗം വളരുന്ന സ്മാർട്ട്‌ഫോൺ, വെയറബിൾ ബ്രാൻഡുകളിലൊന്നായി മാറിയ നത്തിങ് 2024 ലേക്കുള്ള തങ്ങളുടെ സൂപ്പർ ഹിറ്റായിട്ടാണ് നത്തിങ് ഫോൺ 3 ഒരുക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുൻ ലോഞ്ചുകളുടെ സമയക്രമം പരിഗണിക്കുമ്പോൾ 2024 ജൂലൈയിൽ നത്തിങ് ഫോൺ 3 എത്തും എന്ന് കരുതാം. സാധാരണയായി ജൂലൈയിൽ ലോഞ്ചുകൾ അധികം ഉണ്ടാകാറില്ല. ഈ കീഴ്വഴക്കമൊക്കെ തകർത്തുകൊണ്ടാണ് നത്തിങ് 1, 2 എന്നിവ എത്തിയത്. ഇത്തവണും അത് ആവർത്തിച്ചേക്കാം എന്ന് വിപണി വിദഗ്ധർ പറയുന്നു.
വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ ചില സൂചനകൾ നൽകുന്നുണ്ട്. നത്തിങ്ങിന്റെ അടയാളവും വിജയത്തിന് പിന്നിലെ പ്രധാന കാരണവും ഫോണിന്റെ ഡിസൈനിലെ പുതുമ ആയിരുന്നു. നത്തിങ്ങിന്റെ അടയാളമായി മാറിയ സൃതാര്യമായ ബാക്ക് ഡിസൈൻ നത്തിങ് 3യിൽ വേറിട്ട രീതിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

നത്തിങ് 1, 2 എന്നിവയിൽ നിന്ന് കാഴ്ചയിൽ വേറിട്ട് നിർത്തുന്ന വിധത്തിലാകും നത്തിങ് 3യുടെ ബാക്ക് ഡിസൈൻ അവതരിപ്പിക്കുക. ഗ്ലിഫ് ലൈറ്റുകൾ, നോട്ടിഫിക്കേഷനുകൾക്കായി എൽഇഡി സ്ട്രിപ്പുകൾ, വീഡിയോ ഫിൽഡ് ലൈറ്റുകൾ എന്നിവ നത്തിങ് 3യിൽ ഉൾപ്പെടുത്താൻ സാധ്യതയേറെയാണെന്ന് ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രോസസർ, മറ്റ് പ്രധാന ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ നത്തിങ് എന്ത് മാറ്റമാണ് വരുത്തുകയെന്നും വില എന്തായിരിക്കും എന്നും ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ നത്തിങ് ഫോൺ 2 വിന്റെ 8GB/128GB പ്രാരംഭ മോഡൽ 44,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ അടുത്തിടെ കമ്പനി എല്ലാ വേരിയന്റുകളുടെ വിലയിലും 5000 രൂപ കുറച്ചിട്ടുണ്ട്.


Click it and Unblock the Notifications








