ആപ്പിളിന്റെയും സാംസങിന്റെയും വിപണി തകരുമോ? നത്തിങ് ഈ വർഷം 5 സർവ്വീസ് സെന്റർ തുറക്കും, അടുത്ത വർഷം 20 എണ്ണം
ഇന്ത്യയിൽ ആദ്യമായി സർവ്വീസ് സെന്ററുകൾ തുടങ്ങാൻ ഒരുങ്ങി ലണ്ടൻ ആസ്ഥാനമാക്കിയുള്ള ടെക് കമ്പനി നത്തിങ്. നത്തിങിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യയെന്ന് നത്തിങ് ഇന്ത്യയുടെ ജനറൽ മാനേജർ മനു ശർമ്മ പറഞ്ഞു. കമ്പനിയുടെ പുതിയ ഫോൺ ജൂലൈ 11ന് പുറത്തിറങ്ങാനിരിക്കെയാണ് ശർമ്മയുടെ പുതിയ വെളിപ്പെടുത്തൽ.
നത്തിങിന്റെ രണ്ടാമത്തെ ഫോണാണ് നാളെ പുറത്തിറങ്ങാനിരിക്കുന്നത്. ആദ്യ ഫോണിന് മികച്ച പ്രതികരണം തന്നെ ഉപഭോക്താക്കളുടെ ഇടയിൽ നിന്നുണ്ടായിരുന്നു. അതേ സമയം കമ്പനിക്ക് ഇന്ത്യയിൽ വേരുകൾ ഉറപ്പിക്കാനായി അഞ്ചോളം സർവ്വീസ് സെന്ററുകൾ രാജ്യത്ത് ഈ വർഷം തന്നെ തുടങ്ങും. ഈ ഓഗസ്റ്റിൽ തന്നെ ബംഗളൂരുവിൽ ആദ്യ സർവ്വീസ് സെന്റർ തുടങ്ങും എന്നാണ് മനു ശർമ്മ വ്യക്തമാക്കിയത്.

മറ്റുള്ള പ്രധാന നാല് നഗരങ്ങളിൽ ഈ വർഷം അവസാനത്തോടെ തന്നെ സർവ്വീസ് സെന്ററുകൾ ആരംഭിക്കുമെന്നും. ശേഷം അടുത്ത വർഷം ഇന്ത്യയിലെ 20 നഗരങ്ങളിൽ കൂടിയും തങ്ങളുടെ സർവ്വീസ് സെന്ററുകൾ വ്യാപിപ്പിക്കുമെന്നും ശർമ്മ വ്യക്തമാക്കി. തങ്ങളുടെ ആക്‌സസറികളും സർവീസ് സെന്റർ വഴി ലഭ്യമാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
നത്തിങ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ, സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകൾ, വാറന്റി അപ്‌ഗ്രേഡ് പ്രോഗ്രാമുകൾ, സർവീസ് പാക്കുകൾ, ലിക്വിഡ് കേടുപാടുകൾ വാറന്റി എന്നിവയും മറ്റും നേടാനും സർവ്വീസ് സെന്ററുകൾ ഉപകാരപ്രദമാകും. ഇന്ത്യയിൽ സർവ്വീസ് സെന്റർ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഉപഭോക്താക്കളുമായി കമ്പനിക്ക് അടുത്ത് ഇടപഴകാൻ സാധിക്കുമെന്നു ഇവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച സേവനം തയ്യാറാക്കൻ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നത്തിങ് ഉത്പന്നങ്ങൾ ഇന്ത്യയിലെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി മികച്ച പ്ലാനോട് കൂടിയാണ് കമ്പനി മുന്നോട്ട് പോകുന്നത്. അടുത്ത വർഷം രാജ്യത്തിനകത്ത് നിരവധി റീട്ടെയിൽ സ്റ്റോറുകൾ നിർമ്മിക്കാനും കമ്പനിക്ക് പ്ലാൻ ഉണ്ട്. ചെറുപ്പക്കാരെ ആകർഷിക്കുന്ന രീതിയിലാണ് നത്തിങിന്റെ പുതിയ ഫോൺ തയ്യാറാക്കിയിരിക്കുന്നതെന്നും. ആപ്പിൾ, സാംസങ്, വൺപ്ലസ് ഉപഭോക്താക്കളെ നത്തിങിലേക്ക് മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശർമ്മ പറയുന്നു.
നിരവധിപേര് ഇതിനോകടം തന്നെ നത്തിങ് ഫോണിലേക്ക് മാറിയിട്ടുണ്ട്. ഇനിയും ഈ മാറ്റം പ്രതീക്ഷിക്കുന്നു. നിലവിലെ ഉപഭോക്ത പ്രതികരണങ്ങളിൽ കമ്പനി സംതൃപ്തരാണ്. പുതിയ ഫോൺ അടുത്ത ദിവസം ഇറങ്ങാനിരിക്കെ നിലവിലെ ഉപഭോക്താക്കൾ അവരുടെ നത്തിങ് ഫോൺ വൺ അപ്ഡേറ്റ് ചെയ്യുമെന്നും കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ തേടി എത്തുമെന്നും ഇദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
അതേ സമയം നത്തിങ് ഫോൺ 2 ജൂലൈ 11ന് അവതരിപ്പിക്കും. ഇതിന്റെ ഫീച്ചറുകൾ കമ്പനി തന്നെ പുറത്തുവിട്ടിട്ടുണ്ട്. നത്തിങ് ഫോൺ (1)-ലെ ട്രാൻസ്പരന്റ് ബാക്കും അതിലെ എൽ.ഇ.ഡി ലൈറ്റുകളും പുതിയ പതിപ്പിലും ഉണ്ടാകും. ഒലെഡ് ഡിസ്‍പ്ലേയാണ് ഫോണിനുള്ളത് ഇതിന്റെ ഡിസ്പ്ലേ വലിപ്പം 6.7 ഇഞ്ചായിരിക്കും. 50 മെഗാപിക്സലിൽ ആണ് പ്രധാന ക്യാമറ ഒരുങ്ങുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷനാണ് ഇതിന്റെ പ്രത്യേകത.
50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസും ഫോണിൽ ഉണ്ടാകും ഫ്രണ്ട് ക്യാമറ 32 മെഗാപിക്സൽ ആയിരിക്കും. ബാറ്ററിയാകട്ടെ 4700 എംഎഎച്ച് ആയിരിക്കും ഇതിന് 33 വാട്ട് ഫാസ്റ്റ് ചാർജ് പിന്തുണയും 15 വാട്ട് വയർലെസ് ചാർജ് സപ്പോർട്ടും ഉണ്ടായിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുക.
ഇന്ത്യൻ മാർക്കറ്റിൽ 42,000 - 43,000 രൂപയാണ് നത്തിങ് ഫോൺ 2 ന്റെ അടിസ്ഥാന വേരിയന്റിന് പ്രതീക്ഷിക്കുന്നത്. ഉയർന്ന വേരിയന്റുകൾക്ക് ഇതിലും കൂടുതൽ തുക നൽകേണ്ടി വരും. 32,999 രൂപക്കായിരുന്നു ഫോൺ 1 ലോഞ്ച് ചെയ്തത്.


Click it and Unblock the Notifications








