ഐഫോൺ എയർ വരും മുമ്പേ മറ്റൊരു സ്ലിം എയർ 5G ഫോൺ എത്തി! നുബിയ എയർ ലോഞ്ച് ചെയ്തു
ആപ്പിൾ മുതലിങ്ങോട്ട് പ്രമുഖ ബ്രാൻഡുകളെല്ലാം സ്ലിം സ്മാർട്ട്ഫോൺ മോഡലുകളിലും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മികച്ച ബാറ്ററി ശേഷി നിലനിർത്തിക്കൊണ്ടുതന്നെ ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ സ്ലിം സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ശ്രമിച്ചുവരുന്നു. ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ഐഫോൺ എന്ന പ്രത്യേകതയുമായി ആപ്പിളിന്റെ ഐഫോൺ 17 എയർ ഈ മാസം 9ന് ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ആപ്പിളിന്റെ എയർ മോഡൽ ഇറങ്ങും മുമ്പ് തന്നെ മറ്റൊരു എയർ മോഡൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. IFA 2025-ൽ ZTE ആണ് നുബിയ എയർ (nubia Air) എന്ന പുതിയ സ്ലിം ഫോൺ അവതരിപ്പിച്ചത്.
സ്ലിം ബോഡിയാണ് നുബിയ എയറിന്റെ പ്രത്യേകത. എന്നാൽ ഈ സ്ലിം ബോഡിയുമായി എത്തുമ്പോൾ തന്നെ മികച്ച ഈടും അതോടൊപ്പം 5,000mAh ബാറ്ററി ശേഷിയും അടക്കം വാഗ്ദാനം ചെയ്താണ് നുബിയ എയർ എത്തിയിരിക്കുന്നത്. ZTEയുടെ "എയർ-സ്റ്റൈൽ" വിഭാഗത്തിലേക്കുള്ള ആദ്യ സ്മാർട്ട്ഫോൺ മോഡലാണ് നുബിയ എയർ.

അൾട്രാ-സ്ലിം ഡിസൈനിൽ എത്തുന്ന നുബിയ എയറിന്റെ വലിപ്പം വെറും 5.9mm മാത്രമാണ്. വലിയ 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയും IP68, IP69, IP69K റേറ്റിങ്ങും ഇതിനുണ്ട്. 1.5 മീറ്റർ വരെ വെള്ളത്തിൽ 30 മിനിറ്റ് അതിജീവിക്കാനും 80°C-ൽ ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ ജെറ്റുകൾ നേരിടാനും ഇതിന് കഴിയും. തുടർച്ചയായ 6,000 ഡ്രോപ്പ് ടെസ്റ്റുകൾ, ആവർത്തിച്ചുള്ള 600 റോളിംഗ് ഡ്രോപ്പ് ടെസ്റ്റുകൾ, 5 റൗണ്ട് ഫ്രീ-ഫാൾ ടെസ്റ്റുകൾ എന്നിവയിലൂടെ ഇതിന്റെ ഈട് തെളിയിക്കപ്പെട്ടിരിക്കുന്നു.
നുബിയ എയർ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് 1.5K (1224 x 2720 പിക്സലുകൾ) 120Hz AMOLED ഡിസ്പ്ലേ, 440ppi, 4500 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. യൂണിസോക് T8300 (6 nm) ഒക്ടാ-കോർ (2×2.2 GHz കോർടെക്സ്-A78, 6×2.0 GHz കോർടെക്സ്-A55) പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

8GB റാം, 12GB വരെ ഡൈനാമിക് റാം, 256GB സ്റ്റോറേജ് എന്നിവയും നുബിയ എയർ വാഗ്ദാനം ചെയ്യുന്നു. മാലി- G57 MP2 ജിപിയു, AI പെർഫോമൻസ് എഞ്ചിൻ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.
നുബിയ എയറിന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ, ഓക്സിലറി ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. ഉയർന്ന പ്രകടനമുള്ള ഓഡിയോ കോഡെക്കോടുകൂടിയ HiFi 4 DSP ഫീച്ചറും നുബിയ എയറിൽ നൽകിയിരിക്കുന്നു.
IP68, IP69, IP69K റേറ്റിങ്, 5G SA/NSA, 4G LTE, Wi-Fi 6 802.11 ac (2.4 + 5GHz), Bluetooth 5.4 LE, GPS, GALILEO, GLONASS, USB Type-C 2.0, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, സ്മാർട്ട് എഐ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.2 x 76.6 x 6.7 mm വലിപ്പവും 172 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും
ആദ്യഘട്ടത്തിൽ യൂറോപ്പിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. തുടർന്ന് തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി മറ്റ് വിപണികളിലേക്കും എത്തും. നുബിയ എയറിന്റെ വില 279 യുഎസ് ഡോളർ (ഏകദേശം 24,595 രൂപ) മുതൽ ആരംഭിക്കുന്നു. ടൈറ്റാനിയം ബ്ലാക്ക്, സ്ട്രീമർ ബ്ലാക്ക്, ടൈറ്റാനിയം ഡെസേർട്ട് നിറങ്ങളിൽ ലഭ്യമാകും.


Click it and Unblock the Notifications








