വിലകുറച്ച് കാണേണ്ട, കൈയിലുള്ളതൊക്കെ കൂടിയ വിദ്യകളാ! നുബിയ Z50 അൾട്ര പുറത്തിറങ്ങി
കഴിഞ്ഞ രണ്ടുമാസത്തിനിടെ കിടിലൻ ഫീച്ചറുകളുമായി എത്തി ആരാധകരെ അമ്പരപ്പിച്ച കുറെയേറെ സ്മാർട്ട്ഫോണുകളെ മൊബൈൽ വിപണി കണ്ടു കഴിഞ്ഞു. ഇപ്പോൾ മികച്ച ഫീച്ചറുകളുമായി അക്കൂട്ടത്തിലേക്ക് ഒരു സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുകയാണ് നുബിയ Z50 അൾട്ര. ഇസഡ്ടിഇയുടെ സബ് ബ്രാൻഡ് നുബിയയുടെ Z50 അൾട്ര ചൈനയിലാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.
2022 ഡിസംബറിൽ നുബിയയുടെ Z50 ഹാൻഡ്സെറ്റ് പുറത്തിറക്കിയിരുന്നു. ഒട്ടനവധി ആകർഷകമായ ഫീച്ചറുകളോടെയും പുതുമകളോടെയുമാണ് നുബിയ Z50 അൾട്ര പുറത്തിറങ്ങിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ, അണ്ടർ ഡിസ്പ്ലേ ക്യാമറ(യുഡിസി), 64 എംപി ട്രിപ്പിൾ റിയർ ക്യാമറ എന്നിവയൊക്കെ നുബിയ Z50 അൾട്രയുടെ പ്രധാന സവിശേഷതകളിൽപ്പെടുന്നു.

ഷവോമി, സാംസങ്, റിയൽമി, തുടങ്ങി നിരവധി സ്മാർട്ട്ഫോൺ നിർമാതാക്കൾ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ പട്ടിക അടുത്തിടെ പുതുക്കുകയും പുതിയ സ്മാർട്ട്ഫോണുകളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിലയിൽത്തന്നെയാണ് നുബിയയും Z50 അൾട്രയുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് പ്രീമിയം ഫീച്ചറുകളുമായി ആണ് ഈ സ്മാർട്ട്ഫോൻ എത്തിയിരിക്കുന്നത് എന്ന് അർഥം.
ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ മുൻനിര ഹാർഡ്‌വെയറും സ്പെസിഫിക്കേഷനുകളുമായി എത്തുന്ന പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് നുബിയ Z50 അൾട്ര. 2022 ഡിസംബറിൽ ലോഞ്ച് ചെയ്ത നുബിയ Z50 ആണ് ഈ സ്മാർട്ട്ഫോണിന്റെ മുൻഗാമി. പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിചയപ്പെടാം.
2480 × 1116 പിക്‌സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയോടുകൂടിയ 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നുബിയ Z50 അൾട്രയിൽ കമ്പനി നൽകിയിരിക്കുന്നത്. 1080p ഫ്ലെക്സിബിൾ കർവ്ഡ് സ്‌ക്രീനിന് 20:9 ആസ്പെക്ട് റേഷ്യോ, 960Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുമുണ്ട്.
100% DCI-P3 കളർ ഗാമറ്റ്, 10-ബിറ്റ് കളർ ഡെപ്‌ത്, 1500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുടെ മറ്റ് സവിശേഷതകൾ. അഡ്രിനോ 740 GPU-മായി ജോടിയാക്കിയ 4nm, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ് Z50 അൾട്രയുടെ ശക്തികേന്ദ്രം.

8 ജിബി, 12 ജിബി, 16 ജിബി എൽപിഡിഡിആർ 5 എക്സ് റാം പിന്തുണകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്റേണൽ സ്റ്റോറേജിന്റെ കാര്യത്തിൽ, 256ജിബി, 512ജിബി,, 1ടിബി എന്നീ അൾട്രാ ഫാസ്റ്റ് UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മൈഒഎസ് 13 ലാണ് നുബിയ Z50 അൾട്രയുടെ പ്രവർത്തനം.
മികച്ച ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നൂബിയ Z50 അൾട്രയുടെ ശക്തി വെളിപ്പെടുത്തുന്ന മറ്റൊരു മേഖല. സോണി IMX787 സെൻസറുള്ള 64എംപി പ്രൈമറി ക്യാമറ, 35mm ലെൻസ്, f/1.6 അപ്പർച്ചർ, OIS എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. സാംസങ് JN1 സെൻസർ, f/2.2 അപ്പേർച്ചർ, 2cm മാക്രോ ഫീച്ചറുകളുള്ള 50MP 116° അൾട്രാ-വൈഡ് ആംഗിൾ ക്യാമറയാണ് രണ്ടാമത്തേത്.
ട്രിപ്പിൾ ക്യാമറകളിൽ മൂന്നാമത്തേതായ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഓമ്‌നിവിഷൻ OV64B സെൻസർ പിന്തുണയുമായി എത്തുന്നു. 8K റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ ഈ പിൻ ക്യാമറ സജ്ജീകരണത്തിന് കഴിയും. ഓമ്‌നിവിഷൻ OV16E1Q സെൻസർ, f/2.0 അപ്പേർച്ചർ ഉള്ള 16എംപി അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട് ഫേസിംഗ് ക്യാമറയും നുബിയ Z50 അൾട്രയിൽ നൽകിയിരിക്കുന്നു.
വൈഫൈ 802.11ax, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ഒരു ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 4212 ചതുരശ്ര എംഎം വിസി കൂളിംഗും ബ്രാൻഡ്-ന്യൂ വിസി സെഗ്മെന്റഡ് ബയോണിക് ഡിസൈനും നൽകിയിരിക്കുന്നതായി നുബിയ അവകാശപ്പെടുന്നു, ഇത് താപനിയന്ത്രണം 4 മടങ്ങ് മെച്ചപ്പെടുത്തുമെന്ന് ബ്രാൻഡ് ഉറപ്പുനൽകുന്നു.
80W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് ഈ അൾട്ര മോഡലിലുള്ളത്. അടിസ്ഥാന വേറിയന്റുകൾ കറുപ്പും ചാരനിറത്തിലുമുള്ള കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 8ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 3999 യുവാൻ (ഏകദേശം 47,240 രൂപ) പ്രാരംഭ വിലയിലാണ് വിൽപ്പന ആരംഭിക്കുന്നത്. നുബിയ Z50 അൾട്രായുടെ ആഗോള ലോഞ്ച് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications








