നോക്കിയ 'നോട്ടം' ഇഷ്ടപ്പെട്ടു; എച്ച്എംഡി ഗ്ലോബൽ സ്വന്തം ബ്രാൻഡിൽ ഫോണിറക്കുന്നു; നോക്കിയിരുന്നോ!
ആഗോള തലത്തിൽ പ്രശസ്തമായ നോക്കിയ മൊബൈലിന്റെ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ സ്വന്തം ബ്രാൻഡ്നെയിം ഉപയോഗിച്ച് ഫോണുകൾ പുറത്തിറക്കാൻ തയാറെടുക്കുന്നു. എച്ച്എംഡി ഗ്ലോബൽ കമ്പനി സഹസ്ഥാപകനും ചെയർപേഴ്‌സണുമായ ജീൻ-ഫ്രാങ്കോയിസ് ബാരിൽ തന്നെയാണ് ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നോക്കിയയുടെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവാകുന്ന തീരുമാനമാകും ഇത്.
നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമിക്കാനുള്ള അവകാശം ഏതാണ്ട് ആറ് വർഷം മുമ്പാണ് എച്ച്എംഡി ഗ്ലോബൽ സ്വന്തമാക്കിയത്. യഥാർഥ നോക്കിയ കോർപറേഷന് ഇപ്പോൾ പുറത്തിറങ്ങുന്ന നോക്കിയ ഫോണുകളുമായി യാതൊരു ബന്ധവുമില്ലാതായിട്ട് വർഷങ്ങളായി. 2013 സെപ്റ്റംബർ മൂന്നിന് നോക്കിയയുടെ മൊബൈൽഫോൺ വ്യവസായം മൈക്രോസോഫ്റ്റ് ഏറ്റെടുത്തു.

എന്നാൽ ആൻഡ്രോയിഡ് ഒഎസിനോട് മുഖം തിരിച്ചുനിന്ന നോക്കിയയുടെ ഭാവി മൈക്രോസോഫ്ടിന്റെ ഏറ്റെടുക്കൽ കൊണ്ടും രക്ഷപ്പെട്ടില്ല. തുടർന്ന് ഏതാണ്ട് 2016-17 കാലഘട്ടത്തിലാണ് നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമിക്കാനുള്ള അവകാശം മൈക്രോ സോഫ്ടിൽനിന്ന് എച്ച്എംഡി ഗ്ലോബൽ സ്വന്തമാക്കുന്നത്. ഫിൻലൻഡ് ആസ്ഥാനമായുള്ള എച്ച്എംഡി ഗ്ലോബൽ ആണ് തുടർന്നിങ്ങോട്ട് നോക്കിയ മൊബൈൽ ലൈസൻസിയിൽ ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്.
ഇത്രയും നാളത്തെ നോക്കിയ ഫോൺ നിർമാണം കൊണ്ട് നേടിയെടുത്ത എക്സ്പീരിയൻസ് കൈമുതലാക്കി ഇപ്പോൾ സ്വന്തം പേരിൽ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള എച്ച്എംഡി ഗ്ലോബൽ കമ്പനിയുടെ നീക്കം നോക്കിയയുടെ കൂടി ചരിത്രത്തിന്റെ ഭാഗമാകും. എന്നാൽ ഇതോടുകൂടി നോക്കിയ ഫോണുകൾ നാമാവശേഷമാകും എന്ന് ആരാധകർ ഭയക്കേണ്ടതില്ല.
കാരണം, സ്വന്തം ഫോൺ പുറത്തിറക്കുമെങ്കിലും നോക്കിയ ഫോണുകളുടെ നിർമാണം തുടരുമെന്ന് എച്ച്എംഡി ഗ്ലോബൽ ചെയർപേഴ്സൺ ജീൻ-ഫ്രാങ്കോയിസ് ബാരിൽ വ്യക്തമാക്കിയിട്ടുണ്ട്. HMD സ്മാർട്ട്ഫോണുകൾക്കായി, കമ്പനി "പുതിയ പങ്കാളികളുമായി" സഹകരിക്കും. അതോടൊപ്പം നോക്കിയ ഫോണുകൾക്കായി നടത്തുന്ന ഗവേഷണങ്ങളും കമ്പനി സ്വന്തം ഫോൺ ഇറക്കാൻ പ്രയോജനപ്പെടുത്തും.
ഉപയോക്താക്കളുടെ പരിഗണനകൾക്ക് മുൻഗണന നൽകി ഒരു പുതിയ ബ്രാൻഡായി വളർന്നുവരാനുള്ള നീക്കമാണ് എച്ച്എംഡി ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയ്ക്ക് തങ്ങൾ സജ്ജമാണെന്നും ടെലികമ്മ്യൂണിക്കേഷനായി ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിനുള്ള ഒരു ശക്തിയായി സ്വതന്ത്രമായി വിപണിയിൽ പ്രവേശിക്കാൻ ആണ് തങ്ങൾ ശ്രമിക്കുന്നതെന്നും കമ്പനി തന്നെ വ്യക്തമാക്കുന്നു.
ക്ലീൻ യൂസർ എക്സ്പീരിയൻസ്, 5G, ഈസി റിപ്പയറബിലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തങ്ങൾ തുടരുമെന്ന് കമ്പനി പറയുന്നു. തെരഞ്ഞെടുത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോണുകളാകും എച്ച്എംഡി ബ്രാൻഡ് തുടക്കത്തിൽ പുറത്തിറക്കുക. സ്വന്തം ബ്രാൻഡിനായി ഫോണുകൾ പുറത്തിറക്കുന്ന സമയത്ത് തന്നെ എച്ച്എംഡി നോക്കിയ ഫോണുകളും നിർമിക്കും.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും കുറഞ്ഞ നിരക്കിലുള്ളതുമായ മൊബൈൽ എത്തിക്കുന്നതിന് പ്രതിബദ്ധതയോടെ തങ്ങൾ പ്രവർത്തിക്കുന്നതായും ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്ന, ആളുകളെ സഹായിക്കുന്ന നൂതന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും എച്ച്എംഡി പറയുന്നു. ആളുകൾക്ക് ദീർഘനാൾ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ നിർമിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് കമ്പനി വിശദീകരിക്കുന്നു.
അതേസമയം സ്വന്തം ബ്രാൻഡിൽ ഫോൺ ഇറക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഫോൺ ഇറക്കുന്ന സമയമോ, ഫോണിന്റെ പേരോ കമ്പനി പുറത്തുവിട്ടിട്ടില്ല. കമ്പനിക്ക് ഏറെ സ്വാധീനമുള്ള യൂറോപ്യൻ വിപണിയിൽ മാത്രമാകും ആദ്യ ഘട്ടത്തിൽ എച്ച്എംഡി ഫോണുകൾ പുറത്തിറക്കുക എന്ന സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിൽ കമ്പനിയുടെ പക്കലുള്ള നോക്കിയ ഫോണുകൾതന്നെ വിപണി കണ്ടെത്താൻ പാടുപെടുന്നുണ്ട്.

സാംസങ്, ആപ്പിൾ, ചൈനീസ് ബ്രാൻഡുകൾ തുടങ്ങിയ എതിരാളികളിൽ നിന്ന് കടുത്ത മത്സരമാണ് നോക്കിയ നേരിടുന്നത്. അതിനിടയിൽ പുതിയ ഫോൺ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. എന്നാൽ ഇതിനകം ആഗോള തലത്തിൽ ശക്തമായ ഒരു വിതരണ ശൃംഖല സ്ഥാപിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എച്ച്എംഡി ഗ്ലോബൽ കമ്പനിയുടെ അവകാശവാദം.
മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ഈസിയായി റിപ്പയർ ചെയ്യാവുന്ന സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടും ആൻഡ്രോയിഡ് അപ്‌ഡേറ്റ് വാഗ്ദാനങ്ങൾ നൽകിയിട്ടും ഇന്ത്യയിൽ പോലും, നോക്കിയ ഫോണുകൾ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിടുന്നു. അതിനാൽത്തന്നെ എച്ച്എംഡിയുടെ സ്വന്തം ഫോണുകൾ വിപണികണ്ടെത്തുമോ എന്നാണ് ഉയരുന്ന ചോദ്യം.
എന്നാൽ, ഒട്ടനവധി ബ്രാൻഡുകൾ ഇതിനകം മൊബൈൽ രംഗത്ത് കുറഞ്ഞ നാളുകൾകൊണ്ട് തങ്ങളുടേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഫോൺ മാന്യമായ വിലയിൽ അവതരിപ്പിച്ചാൽ പുതിയ കമ്പനികൾക്കും ഇടം കണ്ടെത്താൻ സാധിക്കും. അതിനാൽത്തന്നെ നോക്കിയ ഫോണുകൾ നൽകിയ എക്സ്പീരിയൻസുമായി പുതിയ ഫോണിറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് എച്ച്എംഡി ഗ്ലോബൽ.


Click it and Unblock the Notifications








