4,000 രൂപയില്‍ തുടങ്ങുന്ന ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണുകളുമായി ഒലിവ്

Posted By: Super

4,000 രൂപയില്‍ തുടങ്ങുന്ന ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണുകളുമായി ഒലിവ്

ഒലിവ് ടെലികോം ആന്‍ഡ്രോയിഡ് ഐസിഎസ് പ്ലാറ്റ്‌ഫോമില്‍ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റില്‍ ഇറക്കുന്ന ഇവയുടെ വില 4000 മുതല്‍ 12,000 രൂപ വരെയാണ്. ഒരു പ്രമുഖ ടെലികോം കമ്പനിയുമായി ചേര്‍ന്നാണ് ഈ മൂന്ന് ഉത്പന്നങ്ങളും ഇറക്കുകയെന്ന് ഒലിവ് ടെലികോം മാര്‍ക്കറ്റിംഗ് പ്രസിഡന്റ് അവിജിത് ദത്ത് പറഞ്ഞു. എന്നാല്‍ ഏത് കമ്പനിയാണെന്ന് ഒലിവ് വ്യക്തമാക്കിയിട്ടില്ല.

എയര്‍സെല്ലുമായി ചേര്‍ന്നാണ് ഒലിവ് സഹകരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. മികച്ച വോയ്‌സ്, ഡാറ്റാ പ്ലാനുകളുമായാണ് എയര്‍സെല്‍ ഈ ഉത്പന്നങ്ങളെ അവതരിപ്പിക്കുകയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

4000 രൂപയുടെ ഐസിഎസ് സ്മാര്‍ട്‌ഫോണിന് 3.2 ഇഞ്ച് സ്‌ക്രീനാണ് ഉണ്ടാവുക. അതേ സമയം 12,000 രൂപയുടെ ഹൈ എന്‍ഡ് സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീന്‍ വലുപ്പം 4.2 ഇഞ്ചായിരിക്കുമെന്നും അവിജിത് പറഞ്ഞു. ഈ രണ്ട് സ്മാര്‍ട്‌ഫോണുകളെ കൂടാതെ 8,000 രൂപയ്ക്ക് താഴെ വരുന്ന ഒരു സ്മാര്‍ട്‌ഫോണും കൂടി ഈ നിരയില്‍ ഉണ്ടാകും. എന്‍ട്രി, മിഡ് ലെവല്‍ സ്മാര്‍ട്‌ഫോണുകളില്‍ 800 മെഗാഹെര്‍ട്‌സ് പ്രോസസറും വില കൂടിയ മോഡലില്‍ 1.2 ജിഗാഹെര്‍ട്‌സ് പ്രോസസറുമാണ് ഒലിവ് ഉള്‍പ്പെടുത്തുന്നത്.

എയര്‍സെല്ലുമായി സഹകരിച്ച് ഇതിന് മുമ്പും ഒലിവ് സ്മാര്‍ട്‌ഫോണ്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. ഒലിവ്‌സ്മാര്‍ട് വി-എസ്300 എന്നായിരുന്നു ഈ മോഡലിന്റെ പേര്. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8255 പ്രോസസറും ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രജ് വേര്‍ഷനുമായിരുന്നു ഇതിലെ പ്രധാന സൗകര്യങ്ങള്‍. പുതിയ ഒലിവ് ഫോണ്‍ മോഡലുകളുടെ പേരും വ്യക്തമായ സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot