അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 ആർ; ലോഞ്ച് വൈകാതെ
വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസായ വൺപ്ലസ് 10 സീരീസ് അടുത്തിടെ അൺവെയ്ൽ ചെയ്തിരുന്നു. രണ്ട് ഹൈ എൻഡ് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ വൺപ്ലസ് പുറത്തിറക്കുന്നത്. വൺപ്ലസ് 10 മോഡലും വൺപ്ലസ് 10 പ്രോ മോഡലും. ഇപ്പോഴിതാ വൺപ്ലസ് 10 സ്മാർട്ട്ഫോണിന്റെ ഒരു ലൈറ്റ് വേർഷൻ കമ്പനി പുറത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൺപ്ലസ് 10 ആർ എന്ന പേരിലാവും ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുകയെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ മീഡിയടെക് ഫ്ലാഗ്ഷിപ്പ് ഡൈമെൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിലാകും വൺപ്ലസ് 10 ആർ പുറത്തിറങ്ങുകയെന്നാണ് കരുതുന്നത്. വൺപ്ലസ് 10 പ്രോയ്ക്ക് പവർ നൽകുന്നത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്സെറ്റ് ആണ്. ഡൈമെൻസിറ്റി 9000 ചിപ്സെറ്റും കരുത്തുറ്റ പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് സ്പെസിഫിക്കേഷനുകളും ബെഞ്ച്മാർക്ക് ടെസ്റ്റുകളും സൂചിപ്പിക്കുന്നത്. വൺപ്ലസ് 10 പ്രോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന വില കുറഞ്ഞ പതിപ്പായി വൺപ്ലസ് 10 ആറിനെ കാണാവുന്നതാണ്.

വൺപ്ലസ് 10 ആർ, വൺപ്ലസ് 9 ആർടിയുടെ പിൻവൺപ്ലസ്ഗാമിയാകുമെന്നാണ് വിലയിരുത്തൽ. ഈ വർഷം രണ്ടാം പാദത്തിൽ വൺപ്ലസ് 10 ആർ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് 9 ആറിന്റെ ലോഞ്ച് നടന്നത്. അതിനാൽ തന്നെ ( ലോഞ്ച് പാറ്റേൺ അനുസരിച്ച് ) 2022 രണ്ടാം പകുതിയിൽ തന്നെ വൺപ്ലസ് 10 ആർ ലോഞ്ച് ആകാനാണ് സാധ്യത.

9 ആർ, 9 ആർടി എന്നിവ ഇത് വരെ അന്താരാഷ്‌ട്ര വിപണിയിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലും ചൈനയിലും മാത്രമാണ് ഈ രണ്ട് ഡിവൈസുകളും അവതരിപ്പിക്കപ്പെട്ടത്. വൺപ്ലസ് 10 ആറിന്റെ കാര്യത്തിലും കമ്പനി ഇതേ സമീപനം സ്വീകരിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വൺപ്ലസ് 10 ആർ ഇന്ത്യയിലും ചൈനയിലും മാത്രമാകും പുറത്തിറക്കുക. 5ജി സേവനങ്ങൾ നൽകാൻ എംഎംവേവ് കണക്റ്റിവിറ്റിയെ ആശ്രയിക്കാത്ത ഏഷ്യൻ വിപണികളെ ലക്ഷ്യമിട്ട് തന്നെയാണ് വൺപ്ലസ് 10 ആർ പുറത്തിറക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

സ്പെസിഫിക്കേഷനുകൾ
ആൻഡ്രോയിഡ് സെൻട്രൽ വൺപ്ലസ് 10 ആറിനെക്കുറിച്ച് ഒരു റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ റിപ്പോർട്ടിലും വൺപ്ലസ് 10 ആർ മീഡിയടെക് 9000 എസ്ഒസി ഫീച്ചർ ചെയ്യുമെന്ന് പ്രെഡിക്റ്റ് ചെയ്യുന്നു. ഏറ്റവും കുറഞ്ഞത് 8 ജിബി റാമിനൊപ്പം 128 ജിബി ഓൺബോർഡ് സ്റ്റോറേജും പ്രതീക്ഷിക്കാവുന്നതാണ്.

മീഡിയടെക് 9000 5ജി പ്രോസസറിൽ വളരെ ഭാരിച്ച ജോലികൾ കൈകാര്യം ചെയ്യുന്നതിനായി മികച്ച പെർഫോർമൻസ് ഉറപ്പ് നൽകുന്ന കോർടെക്സ് എക്സ് 2 3.05 ഗിഗാ ഹെർട്സ് കോർ സജ്ജീകരിച്ചിരിക്കുന്നു. മികച്ച ഡിസ്പ്ലേ ഫീച്ചറുകളും വൺപ്ലസ് 10 ആറിൽ പ്രതീക്ഷിക്കാവുന്നതാണ്. അമോലെഡ് ഡിസ്പ്ലേയും വൺപ്ലസ് 10 ആർ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും വൺപ്ലസ് 10 ആറിന്റെ ഡിസ്പ്ലേയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഓക്സിജൻ ഒഎസ് 12 അല്ലെങ്കിൽ കളർ ഒഎസ് 12 സ്കിന്നിൽ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും വൺപ്ലസ് 10 ആർ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക.

വില
വൺപ്ലസ് 10 ആർ ഏത് പ്രൈസ് റേഞ്ചിലാകും വിപണിയിൽ എത്തുക എന്നത് ഈ ഘട്ടത്തിൽ പറയാനാകില്ല. ഇത് സംബന്ധിച്ച് ക്രെഡിബിൾ ആയിട്ടുള്ള ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടില്ല. എങ്കിലും വൺപ്ലസ് 9 ആറിന്റെ അതേ റേഞ്ചിലാകും വൺപ്ലസ് 10 ആറും വിപണിയിലെത്തുകയെന്ന് ഇപ്പോൾ കരുതാം. റഫറൻസിനായി, വൺപ്ലസ് 9 ആർ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പ്രൈസ് റേഞ്ച് നോക്കാം. വൺപ്ലസ് 9 ആറിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപ നൽകണം. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 43,999 രൂപയും നൽകണം.


Click it and Unblock the Notifications








