ഈ അഴക് ഇന്ത്യയിൽ മാത്രം; വൺപ്ലസ് 11 5ജി മാർബിൾ ഒഡീസി ലിമിറ്റഡ് എഡിഷൻ എത്തി
ഉപയോഗത്തിൽ മാത്രമല്ല, കാഴ്ചയിലും തങ്ങളുടെ സ്മാർട്ട്ഫോൺ ഏറ്റവും മികച്ചതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വൺപ്ലസ് 11 5ജി മാർബിൾ ഒഡീസി ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി. ഇന്ത്യക്കാർക്കുവേണ്ടി വൺപ്ലസ് പ്രത്യേകം പുറത്തിറക്കിയ ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ വിൽപ്പന ഇതിനോടകം ആമസോണിൽ ആരംഭിച്ചുകഴിഞ്ഞു.
മാർബിൾ പോലെയുള്ള ഫിനിഷിംഗ് വാഗ്ദാനം ചെയ്യുന്ന സവിശേഷമായ മൈക്രോ ക്രിസ്റ്റലിൻ റോക്ക് മെറ്റീരിയലാണ് മാർബിൾ ഒഡീസി ലിമിറ്റഡ് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത. ആമസോണിന് പുറമേ വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വൺപ്ലസ് വിൽപ്പന സ്റ്റോറുകൾ വഴിയും ക്രോമ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഇതിന് മുൻപ് മറ്റെങ്ങുനിന്നും ലഭിച്ചിട്ടില്ലാത്ത ഒരു അസാധാരണമായ അനുഭവം ഈ സ്മാർട്ട്ഫോൺ സമ്മാനിക്കുമെന്ന് വൺപ്ലസ് പറയുന്നു. വളരെ മിനുസമാർന്നതും ഉണർവ് നൽകുന്നതുമായ തണുത്ത ഘടന, കുറ്റമറ്റ രീതിയിൽ മിനുക്കിയ മാർബിൾ അല്ലെങ്കിൽ ശുദ്ധീകരിച്ച കല്ലുകൾ സ്പർശിക്കുന്നതിന്റെ സംവേദനം ഉണർത്തുന്നു എന്നാണ് വൺപ്ലസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
മികച്ച ഓഫറുകളുമായിട്ടാണ് വൺപ്ലസ് തങ്ങളുടെ ഈ പുതിയ പ്രീമിയം ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വിലയെപ്പറ്റി അറിയും മുമ്പ് ഈ ഫോണിലുള്ള ഫീച്ചറുകളെക്കുറിച്ച് അറിയാം. കാഴ്ചയിലെ ആകർഷണത്തിനപ്പുറം, വൺപ്ലസ് 11 5ജി മാർബിൾ ഒഡീസിയിൽ ഫീച്ചറുകൾ എല്ലാം വൺപ്ലസ് 11 5ജിയിലേതിന് സമാനമാണ്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, ഹാസിൽബാൾഡ് ട്യൂൺ ചെയ്‌ത ക്യാമറകൾ, 100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയും എന്നിവയൊക്കെയാണ് മാർബിൾ ഒഡീസിയിലും ഉള്ളത്. സ്പെഷ്യൽ എഡിഷൻ ആയതിനാൽത്തന്നെ ഉയർന്ന സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വൺപ്ലസ് 11 മാർബിൾ ഒഡീസി എത്തിയിരിക്കുന്നത്. അതായത് 16ജിബി റാം+ 256ജിബി സ്റ്റോറേജ് മോഡൽ മാത്രമേ ലഭ്യമാകൂ.
മൂന്നാം തലമുറ ഹാസൽബാൾഡ് ട്യൂൺ ചെയ്ത ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിലുള്ളത്. 50എംപി സോണി IMX890 ക്യാമറയും 48എംപി സോണി IMX581 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 32എംപി പോർട്രെയിറ്റ് ക്യാമറയുമാണ് റിയർ ക്യാമറ സംവിധാനത്തിലുള്ളത്. ഫ്രണ്ടിൽ സെൽഫികൾക്കായി 16 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഈ സ്പെഷ്യൽ എഡിഷൻ സ്മാർട്ട്‌ഫോണിൽ അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ബോക്‌സിൽ ചാർജറും വൺപ്ലസ് നൽകിയിട്ടുണ്ട്. 'പ്രകൃതിദത്ത കല്ല്' അടിസ്ഥാനമാക്കിയുള്ള ബായ്ക്ക് പാനൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 11 5ജി മാർബിൾ ഒഡീസി എഡിഷനെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാൽത്തന്നെ ഈ സ്പെഷ്യൽ എഡിഷനെയും വൺപ്ലസ് 11 5ജിയെയും ഒരേപോലെ കാണാനാകില്ലെന്നും വൺപ്ലസ് വ്യക്തമാക്കുന്നു.

വൺപ്ലസ് 11 5ജി മാർബിൾ ഒഡീസി ലിമിറ്റഡ് എഡിഷന് 64,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച്, ജൂൺ 11 വരെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും വാങ്ങുന്നവർക്ക് 1,000 രൂപ ഡിസ്കൗണ്ടിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.
കൂടാതെ, OnePlus.in, വൺപ്ലസ് സ്റ്റോർ ആപ്പ്, തെരഞ്ഞെടുത്ത വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, വൺപ്ലസ് പാർട്നർ സ്റ്റോറുകൾ, ആമസോൺ എന്നിവയിൽ തിരഞ്ഞെടുത്ത 4ജി സ്മാർട്ട്ഫോണുകൾക്ക് പരമാവധി 6,000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും ലഭിക്കും. ജൂൺ 11 വരെയാണ് ഈ ഓഫറുണ്ടാകുക. താൽപര്യമുള്ളവർക്ക് എത്രയും വേഗം ഓഫറുകൾ പ്രയോജനപ്പെടുത്തി ഈ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാവുന്നതാണ്.


Click it and Unblock the Notifications








