'കല്ല്' വച്ച സത്യം! ഇന്ത്യക്കാർക്കുള്ള സ്പെഷ്യലായി വൺപ്ലസ് 11 മാർബിൾ ഒഡീസി എത്തുന്നു, വില പുറത്ത്
ഇന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള വൺപ്ലസ്, ഇന്ത്യക്കായി തങ്ങളുടെ ഒരു സ്പെഷ്യൽ എഡിഷൻ സ്മാർട്ട്ഫോണുമായി ഉടൻ രംഗത്തെത്താൻ ഒരുങ്ങുകയാണ്. വൺപ്ലസ് 11 മാർബിൾ ഒഡീസി എന്നാണ് ഈ സ്പെഷ്യൽ എഡിഷൻ 5ജി സമാർട്ട്ഫോണിന്റെ പേര്. സ്പെഷ്യൽ എഡിഷൻ ഫോണുകൾ വൺപ്ലസ് പുറത്തിറക്കുന്നത് ഇതാദ്യമായല്ല.
എങ്കിലും എല്ലാത്തിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും സ്പെഷ്യൽ അതിലെല്ലാം ഉണ്ടാകും. ഇന്ത്യക്കാർക്കായുള്ള ഇത്തവണത്തെ വൺപ്ലസ് സ്പെഷ്യൽ എന്താണെന്ന് അതിന്റെ പേരിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണിന്റെ ഒരു മാർബിൾ ബാക്ക് പാനലോടുകൂടിയ പുതിയ വേരിയന്റാണ് വൺപ്ലസ് ഉടൻ പുറത്തിറക്കുക.

ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി മുമ്പും തന്ത്രങ്ങൾ പുറത്തെടുത്തിട്ടുണ്ട്. സ്മാർട്ട്‌ഫോണിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് നിലനിർത്താൻ ഡിസൈനറുടെ കരവിരുതിൽ ഒരുക്കുന്ന കൺസെപ്റ്റ് ഫോണുകളും കമ്പനി അവതരിപ്പിക്കുന്നു. ഈ വർഷമാദ്യം, കമ്പനി വൺപ്ലസ് 11 5ജി പുറത്തിറക്കിയിരുന്നു. ആക്റ്റീവ് ക്രയോ ഫ്ലക്സ് കൂളിംഗ് സാങ്കേതികവിദ്യയുള്ള ആദ്യ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായിട്ടായിരുന്നു ആ വരവ്.
ഇതിനു പിന്നാലെയാണ് ഉടൻതന്നെ വൺപ്ലസ് 11 മാർബിൾ ഒഡീസി സ്പെഷ്യൽ എഡിഷനും എത്തുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നെങ്കിലും ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാർബിൾ ഒഡീസി പതിപ്പ് "കലയും സാങ്കേതികവിദ്യയും തമ്മിലുള്ള വിടവ് കുറയ്ക്കുന്നു" എന്ന് കമ്പനി ഒരു റിലീസിൽ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള തത്പരർക്കും സാങ്കേതിക പ്രേമികൾക്കും അവരുടെ വ്യക്തിത്വം പോലെ സവിശേഷമായ ഒരു ഉപകരണം സ്വന്തമാക്കാൻ കാത്തിരിക്കാമെന്നും വൺപ്ലസ് 11 മാർബിൾ ഒഡീസിയുടെ വരവ് അറിയിച്ചുകൊണ്ട് കമ്പനി വ്യക്തമാക്കിയിരുന്നു. എങ്കിലും വില സംബന്ധിച്ച സൂചനകൾ ലഭ്യമായിരുന്നില്ല. എന്നാലിപ്പോൾ വൺപ്ലസ് 11 മാർബിൾ ഒഡീസിയുടെ വില സംബന്ധിച്ച് ഒരു വെളിപ്പെടുത്തൽ എത്തിയിട്ടുണ്ട്.
ഇതിനോടകം നിരവധി വിശ്വസനീയമായ ലീക്കുകൾ പുറത്തുവിട്ടിട്ടുള്ള ട്വിറ്റർ ഉപയോക്താവ് മുകുൾ ശർമ്മയാണ് വില വെളിപ്പെടുത്തിയിരിക്കുന്നത്. 64,999 രൂപയായിരിക്കും വൺപ്ലസ് 11 മാർബിൾ ഒഡീസിയുടെ വില എന്ന് മുകുൾ അവകാശപ്പെടുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് സൗജന്യ വൺപ്ലസ് Z2 ഇയർബഡുകൾ ലഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്പെഷ്യൽ എഡിഷൻ ആണെങ്കിലും കാഴ്ചയിലെ ആകർഷണത്തിനപ്പുറം, വൺപ്ലസ് 11 5ജി മാർബിൾ ഒഡീസിയിൽ ഫീച്ചറുകൾ എല്ലാം വൺപ്ലസ് 11 5ജിയിലേതിന് സമാനമായിരിക്കും. അതായത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, ഹാസിൽബാൾഡ് ട്യൂൺ ചെയ്‌ത ക്യാമറകൾ, 100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയും എന്നിവയൊക്കെത്തന്നെയാകും മാർബിൾ ഒഡീസിയിലും ഉണ്ടാകുക.
അതേസമയം, പ്രകൃതിദത്ത കല്ല് അടിസ്ഥാനമാക്കിയുള്ള ബാക്ക് പാനൽ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിലൊന്നാണ് വൺപ്ലസ് 11 5ജി മാർബിൾ ഒഡീസി എഡിഷനെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. അതിനാൽത്തന്നെ ഈ സ്പെഷ്യൽ എഡിഷനെയും വൺപ്ലസ് 11 5ജിയെയും ഒരേപോലെ കാണാനാകില്ലെന്നും വൺപ്ലസ് വ്യക്തമാക്കുന്നു. പരിമിത എണ്ണം ഫോണുകൾ മാത്രമാണ് സ്പെഷ്യൽ എഡിഷന്റെ ഭാഗമായി പുറത്തിറക്കുക.

സ്പെഷ്യൽ എഡിഷൻ ആയതിനാൽത്തന്നെ ഉയർന്ന സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വൺപ്ലസ് 11 മാർബിൾ ഒഡീസി ലഭ്യമാകുക. അതായത് ഉപഭോക്താക്കൾക്ക് 16 ജിബി റാം+ 256 ജിബി സ്റ്റോറേജ് മോഡൽ മാത്രമേ വാങ്ങാൻ ലഭ്യമാകൂ. 128 ജിബി സ്റ്റോറേജുള്ള സാധാരണ വൺപ്ലസ് 11 വേരിയന്റിന് 56,999 രൂപയും 256 ജിബി സ്റ്റോറേജുള്ള മോഡലിന് 61,999 രൂപയുമാണ് വില.
വൺപ്ലസ് 5ടി സ്റ്റാർ വാർസ് എഡിഷൻ, വൺപ്ലസ് 6 അവഞ്ചേഴ്സ് എഡിഷൻ, വൺപ്ലസ് 7ടി പ്രോ മക്ലാരൻ എഡിഷൻ, വൺപ്ലസ് 10 മാർവൽ എഡിഷൻ, വൺപ്ലസ് നോർഡ് 2 പായ്ക്മാൻ എഡിഷൻ തുടങ്ങിയവയൊക്കെയാണ് വൺപ്ലസ് ഇതിനുമുമ്പ് പരിമിതമായ അളവിൽ ഇന്ത്യയിൽ പുറത്തിറക്കിയ സ്പെഷ്യൽ എഡിഷനുകൾ.


Click it and Unblock the Notifications








