2024 പുളകമണിയാൻ പോകുന്നു! 24GB റാം, QHD ഡിസ്പ്ലേ, 64MP ടെലി ക്യാമറ എല്ലാം സെറ്റ്; ജനുവരിയിലെ ഈ ദിവസം നിർണായകം
ഒരു കാത്തിരിപ്പിന്റെ 'മോഡി'ലാണ് ഇപ്പോൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ. 2024 വരാൻ പോകുന്നത് വെറുതേ കൈയും വീശിയല്ല, കൈനിറയെ കിടിലൻ സ്മാർട്ട്ഫോണുകളുമായാണ് എന്നതുതന്നെയാണ് അതിന് കാരണം. വരും വർഷത്തെ ആദ്യമാസമായ ജനുവരിയിൽത്തന്നെ വൺപ്ലസ് 12 മുതൽ സാംസങ് ഗാലക്സി എസ്24 അൾട്ര വരെയുള്ള വമ്പൻമാരാണ് എത്തുന്നത്.
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണാണ് ഗാലക്സി എസ്24 അൾട്ര. ജനുവരി 17ന് ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഗാലക്സി എസ്24 അൾട്രമാത്രമല്ല വരാൻപോകുന്ന വമ്പൻ.

ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അടുത്തിടെ ലോഞ്ച് ചെയ്തു. ഇതിന് പിന്നാലെ പ്രമുഖ ബ്രാൻഡുകളെല്ലാം ഈ ലേറ്റെസ്റ്റ് കരുത്തൻ ചിപ്സെറ്റ് അടങ്ങുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ചില സ്മാർട്ട്ഫോണുകൾ ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു.
അങ്ങനെ പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പുമായി ഇതിനോടകം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ഒരു സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12. ഒട്ടേറെ വൺപ്ലസ് ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. വൺപ്ലസ് ആരാധകർ മാത്രമല്ല, ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെല്ലാം തന്നെ ഈ കരുത്തൻ സ്മാർട്ട്ഫോണിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്.

ഇപ്പോൾ ഈ കാത്തിരിപ്പ് അവസാനിക്കുന്ന നാൾ കുറിക്കപ്പെട്ടിരിക്കുന്നു. 2024 ജനുവരി 23 ന് വൺപ്ലസ് 12 ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമെന്ന് നെവർ സെറ്റിൽ കമ്മ്യൂണിറ്റി ഇവന്റിൽ വൺപ്ലസ് പ്രഖ്യാപിച്ചു. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അടങ്ങുന്ന സ്മാർട്ട്ഫോണുകളുടെ വാശിയേറിയ ബലപരീക്ഷണമാണ് ജനുവരിയിൽ നടക്കാൻ പോകുന്നത്.
സാംസങ് മുതൽ ഐക്യൂവും ഷവോമിയും റിയൽമിയും വരെ മാറ്റുരയ്ക്കുന്ന ഈ ശക്തിപ്രകടനത്തിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ കച്ചകെട്ടിയാണ് വൺപ്ലസ് എത്തുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 12 ന്റെ ഫീച്ചറുകൾ ഇതിനുള്ള തെളിവാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് തന്നെ.
എന്നാൽ ഈ ചിപ്പിനൊപ്പം മറ്റ് ഫീച്ചറുകളും മികച്ചതാകണം എങ്കിൽ മാത്രമേ ഫോൺ ജനം ഏറ്റെടുക്കൂ. അതിനാൽത്തന്നെ നിലവിലെ ഏറ്റവും കരുത്തുറ്റ പ്രോസസറിന് പുറമേ, മികച്ച ക്യാമറ, 24GB റാം, QHD ഡിസ്പ്ലേ, 64MP ടെലിഷൂട്ട് ക്യാമറ തുടങ്ങി മികച്ച ഫീച്ചറുകളാൽ സമ്പന്നമായ ഒരു പട്ടികയുമായാണ് വൺപ്ലസ് 12 എത്തുന്നത്. ഇതിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

വൺപ്ലസ് 12 ന്റെ പ്രധാന ഫീച്ചറുകൾ: 1Hz - 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82-ഇഞ്ച് LTPO OLED സ്‌ക്രീനാണ് ഇതിലുള്ളത്. കരുത്തൻ ചിപ്സെറ്റിനു പിന്തുണയ്ക്കായി 24GB വരെ റാമും 1TB വരെ സ്‌റ്റോറേജും ഈ ഹാൻഡ്‌സെറ്റ് നൽകുന്നുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ലാണ് വൺപ്ലസ് 12 ന്റെ പ്രവർത്തനം. സോണി LYT-808 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ അടങ്ങുന്ന ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫിക്കായി 32എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
100W സൂപ്പർവൂക്ക് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 5,400mAh ബാറ്ററിയും വൺപ്ലസ് 12 പായ്ക്ക് ചെയ്യുന്നു. ചൈനയിൽ വൺപ്ലസ് 12ന്റെ 12ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 50,650 രൂപയാണ് വില.
അതേപോലെ 16ജിബി+ 512 ജിബി വേരിയന്റിന് ഏകദേശം 56,500 രൂപ വില നൽകണം. എന്നാൽ ഈ ഫോണുകൾ എന്ത് വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് വൺപ്ലസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വൺപ്ലസ് 12-നൊപ്പം ഗെയിമിംഗ്-ഓറിയന്റഡ് ആർ- സീരീസ് (വൺപ്ലസ് 12 ആർ) സ്മാർട്ട്‌ഫോണും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








