വാങ്ങേണ്ട മുതൽ തന്നെ, സംശയമില്ല! സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറുമായി വൺപ്ലസ് 12 ഇന്ത്യയിൽ
സ്നാപ്ഡ്രാഗൺ 8 ജെൻ-3 പ്രോസസർ കരുത്തുമായി വൺപ്ലസ് 12 (OnePlus 12) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്മൂത്ത് ബിയോണ്ട് ബിലീഫ് ലോഞ്ച് ഇവന്റിൽ വൺപ്ലസ് 12, വൺപ്ലസ് 12ആർ എന്നിവ അടങ്ങുന്ന വൺപ്ലസ് 12 സീരീസും വൺപ്ലസ് ബഡ്സ് 3 ഇയർബഡ്സും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് വൺപ്ലസ് 12 ന്റെ ഹൈലൈറ്റ്. നിലവിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ ചിപ്സെറ്റ് ആണ് ഇത്. ഈ കരുത്തൻ ചിപ്സെറ്റ് നൽകുന്ന മികച്ച പെർഫോമൻസിനൊപ്പം, മികച്ച ക്യാമറ ഫീച്ചറുകളും ബാറ്ററിയും വൺപ്ലസ് 12ൽ സജ്ജമാക്കിയിരിക്കുന്നു.

ഷവോമി 14, ഐക്യൂ 12 പ്രോ, സാംസങ് ഗാലക്സി എസ്24 അൾട്ര, റിയൽമി ജിടി 5 പ്രോ, വിവോ എക്സ്100 തുടങ്ങി നിരവധി സ്മാർട്ട്ഫോണുകൾ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത്. ഈ ഫോണുകളെ നേരിട്ടുകൊണ്ട് വേണം വൺപ്ലസ് 12 ന് ഇന്ത്യയിൽ ജയിച്ചുകയറാൻ.
ഇതിനകം പുറത്തിറക്കിയ സ്മാർട്ട്ഫോണുകളിലൂടെ ഇന്ത്യൻ ഉപയോക്താക്കളുടെ മനസിൽ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളതിനാൽ നിറയെ എതിരാളികളുണ്ടെങ്കിലും നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് വൺപ്ലസ് 12 കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 2023 ഡിസംബറിൽ ആണ് വൺപ്ലസ് 12 ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. തുടർന്ന് ഇന്ത്യയിലേക്ക് എത്തുമ്പോഴും വൺപ്ലസ് 12ൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.
വൺപ്ലസ് 12 ന്റെ പ്രധാന സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ആണ് വൺപ്ലസ് 12 അവതരിപ്പിക്കുന്നത്. 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിന് അകമ്പടിയായി 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു.
ഡിസ്പ്ലേയും പ്രോസസറും എപ്പോഴും അൾട്രാ-സ്മൂത്ത് ആയി നിലനിർത്താൻ വൺപ്ലസ് 12ൽ ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നു. ഇത് ഉപയോക്താക്കളുടെ കൈകളിലേക്ക് എത്താതെ ചൂടിനെ തടയുന്നു. അധിക ഊർജം പാഴാക്കാതെ മികച്ച ക്വാളിറ്റിയിൽ ഡിസ്പ്ലേയിൽ കണ്ടന്റുകൾ കാണാൻ വൺപ്ലസിന്റെ സ്വന്തം ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പും ഈ ഫോണിൽ നൽകിയിട്ടുണ്ട്.
സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ടിൽ 32എംപി സെൽഫി ക്യാമറയുമുണ്ട്.

ഉപയോക്താക്കളുടെ ഫോട്ടോഗ്രാഫി കഴിവിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന 4th ജെൻ ഹാസൽബ്ലാഡ് ക്യാമറ യൂണിറ്റാണ് വൺപ്ലസ് 12 ൽ ഉള്ളത്. DSLR-ലെവൽ പൂർണ്ണതയുള്ള പോർട്രെയിറ്റ് ചിത്രങ്ങൾ എടുക്കാൻ വൺപ്ലസ് 12ലെ ക്യാമറ യൂണിറ്റ് ഉപയോക്താക്കൾക്ക് തുണയാകും. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർ ഇനിയുള്ള നാളുകളിൽ ഈ സ്മാർട്ട്ഫോണിനെയും പരിഗണിക്കേണ്ടിവരും എന്നുറപ്പ്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസിൽ ആണ് വൺപ്ലസ് 12 ന്റെ പ്രവർത്തനം. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.
100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും സഹിതം 5,400mAh ബാറ്ററിയാണ് വൺപ്ലസ് 12ൽ ഉള്ളത്. വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണിൽ വയർലെസ് ചാർജിങ് പിന്തുണ ചേർക്കുന്നത് ഇതാദ്യമാണ്. ഓപ്പോയുടെ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. IP65 റേറ്റിങ്ങോടെയാണ് വൺപ്ലസ് 12 എത്തുന്നത്.

വൺപ്ലസ് 12-ന്റെ SUPERVOOC ചാർജർ വെറും 11 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് 50% ആയി ഉയർത്തുകയും 26 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യുകയും ചെയ്യും. കൂടാതെ AIRVOOC ഉപയോഗിച്ച്, വൺപ്ലസ് 12 ന് അതിന്റെ ബാറ്ററി പാക്ക് 23 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും. പൂർണ്ണമായി ചാർജ് ചെയ്യാൻ 55 മിനിറ്റെടുക്കും.
സിൽക്കി ബ്ലാക്ക്, ഫ്ലോവി എമിറാൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. വൺപ്ലസ് 12 ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപ ആണ് പ്രാരംഭവില. 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപ നൽകണം.
വൺപ്ലസ് 12 ന്റെ പ്രീ ഓഡർ ഇന്ന് മുതൽ തന്നെ ആരംഭിച്ചു. ജനുവരി 30 മുതലാണ് ഓപ്പൺ സെയിൽ ആരംഭിക്കുക. ലോഞ്ചിനോട് അനുബന്ധിച്ച ആകർഷകമായ ഓഫറുകളും വൺപ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ, വൺപ്ലസ് ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവവഴി ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം.


Click it and Unblock the Notifications








