പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ മുൻ നിരയിൽ നിൽക്കുന്ന വൺപ്ലസ് 12ന് വില കുറച്ചു. ഈ വർഷം ജനുവരിയിൽ ആണ് വൺപ്ലസ് 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതിന്റെ പുതുമോടി തീരും മുമ്പേയാണ് ഈ ഫോണിന് ഇപ്പോൾ വിലക്കുറവ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പെർഫോമൻസ് മികവിന്റെ കാര്യത്തിലും ക്യാമറ മികവിന്റെ കാര്യത്തിലും ഏറെ പേരുകേട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12 (OnePlus 12). ഇപ്പോഴത്തെ പ്രീമിയം സ്മാർട്ട്ഫോണുകളിലെ കരുത്തൻ സാന്നിധ്യമായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറുമായിട്ടാണ് ഈ വൺപ്ലസ് ഫോൺ എത്തുന്നത്. ഇതിന് അകമ്പടിയായി 16GB റാമും ഉണ്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപ ആയിരുന്നു പ്രാരംഭവില. അതേപോലെ 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപ നൽകണമായിരുന്നു. എന്നാലിപ്പോൾ അത്രയും വില നൽകേണ്ടതില്ല.
വൺപ്ലസ് 12 ന്റെ പ്രാരംഭ മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത് 63,159 രൂപയ്ക്കാണ്. എച്ച്എസ്ബിസി, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് സമാനമായ ഡിസ്കൗണ്ടും ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാർഡുകളിൽ 10% അധിക ഡിസ്കൗണ്ടും ലഭിക്കും.

അതായത്, ബാങ്ക് ഡിസ്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയാൽ യഥാർഥ ലോഞ്ച് വിലയെക്കാൾ ലാഭത്തിൽ ഈ കിടിലൻ പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ സാധിക്കും. 2023 ഡിസംബറിൽ ആണ് വൺപ്ലസ് 12 ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഇതിന് പിന്നാലെ ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയായിരുന്നു.
വൺപ്ലസ് 12 ന്റെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഇതിലുണ്ട്. 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റും അതിന് അകമ്പടിയായി 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു.
ക്യാമറ, പെർഫോമൻസ് എന്നിവ പോലെ വൺപ്ലസ് 12ന്റെ ഡിസ്പ്ലേയും ഏറെമികച്ചതാണ്. കൂടുതൽ ഊർജം പാഴാക്കാതെ മികച്ച ക്വാളിറ്റിയിൽ കണ്ടന്റുകൾ കാണാൻ വൺപ്ലസിന്റെ സ്വന്തം ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പ് ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഡിസ്പ്ലേയും പ്രോസസറും എപ്പോഴും അൾട്രാ-സ്മൂത്ത് ആയി നിലനിർത്താൻ ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റവുമുണ്ട്. ഇത് കൈകളിലേക്കെത്താതെ ചൂടിനെ തടയുന്നു.

ഉപയോക്താക്കളുടെ ഫോട്ടോഗ്രാഫി കഴിവിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന വൺപ്ലസ് 12ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.
ആൻഡ്രോയിഡ് 14 ഒഎസിൽ ആണ് വൺപ്ലസ് 12 ന്റെ പ്രവർത്തനം. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.
100W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ് എന്നിവ സഹിതം 5,400mAh ബാറ്ററിയാണ് വൺപ്ലസ് 12ൽ ഉള്ളത്. വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണിൽ വയർലെസ് ചാർജിങ് പിന്തുണ ചേർക്കുന്നത് ഇതാദ്യമാണ്. ഓപ്പോയുടെ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. സിൽക്കി ബ്ലാക്ക്, ഫ്ലോവി എമിറാൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് എത്തുന്നത്.


Click it and Unblock the Notifications








