ശക്തന്മാരുടെ പോരാട്ടത്തിന് വൺപ്ലസ് 12 എത്തി; കരുത്ത് പുത്തൻ സ്നാപ്ഡ്രാഗൺ തന്നെ!
സ്മാർട്ട്ഫോണുകളിൽ പുതിയ വേഗത്തിന്റെ പോരിന് കളമൊരുക്കി ഏറ്റവും പുതിയ വൺപ്ലസ് 12 ( OnePlus 12 ) സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തു. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് വൺപ്ലസ് 12 ന് കരുത്ത് പകരുന്നത്.
വൺപ്ലസ് 12 ലോഞ്ച് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നതും സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ സാന്നിധ്യം കൊണ്ടാണ്. ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും കരുത്തൻ ചിപ്സെറ്റ് ഇത് ആണ് എന്നാണ് പറയപ്പെടുന്നത്. ഈ ചിപ്സെറ്റ് കൂട്ടുകെട്ടിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കാൻ എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും മത്സരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ മത്സരത്തിൽ പങ്ക് ചേർന്നുകൊണ്ട് വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് പുതിയ വൺപ്ലസ് 12. ഐക്യൂ 12 അടക്കമുള്ള എതിരാളികളോട് മത്സരിക്കാൻ കരുത്തൻ ചിപ്സെറ്റിന് പുറമേ ഒട്ടനവധി മികച്ച ഫീച്ചറുകൾ വൺപ്ലസ് പുതിയ ഫോണിൽ ഒരുക്കിയിരിക്കുന്നു. അതിനാൽത്തന്നെ ആഗോള വിപണി ഏറെ പ്രതീക്ഷയോടെയാണ് ഈ ഫോണിന്റെ വരവിനെ കാണുന്നത്.
ഇപ്പോൾ ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ഉടൻ തന്നെ ഈ ഫോൺ എല്ലാവരിലേക്കും എത്തും. കൃത്യമായി പറഞ്ഞാൽ, 2024 ജനുവരിയിൽ ഇന്ത്യ ഉൾപ്പെടെ, ആഗോളതലത്തിൽ വൺപ്ലസ് 12 ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്. മികച്ച പെർഫോമൻസ് ഉറപ്പിക്കാൻ പുതിയ കാലത്തിന്റെ കരുത്തുമായി എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
വൺപ്ലസ് 12 പ്രധാന ഫീച്ചറുകൾ: 2K റെസല്യൂഷനോടുകൂടിയ 6.82 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 2,160Hz PWM ഡിമ്മിംഗ് എന്നിവയും ഇതിലുണ്ട്. ഡിസ്‌പ്ലേമേറ്റ് എ+ സർട്ടിഫിക്കേഷൻ, റെയിൻ ടച്ച് എന്നിവ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ഹൃദയം. ഏറ്റവും ഉയർന്ന AnTuTu സ്‌കോർ നേടി ഇതിനകം ഈ ഫോൺ ശ്രദ്ധനേടിയിട്ടുണ്ട്. 16GB+ 512GB, 16GB+ 1TB, 24GB+1TB എന്നീ റാം+ സ്റ്റോറേജ് കൂട്ടുകെട്ടുകളിൽ വൺപ്ലസ് 12 ലഭ്യമാകും. 914 എംഎം ഡിസ്‌സിപ്പേഷൻ ഏരിയ ഹീറ്റ് ഇതിലുണ്ട്.
പ്രതീക്ഷിച്ചതു പോലെ തന്നെ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് ഇതിൽ നൽകിയിരിക്കുന്നത്. 50MP സോണി LYT-808 മെയിൻ ക്യാമറ, 48MP സോണി IMX581 അൾട്രാവൈഡ് സ്‌നാപ്പർ, 64MP പെരിസ്‌കോപ്പ് സൂം മൊഡ്യൂൾ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നത്. സെൽഫിക്കും മറ്റുമായി 32എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസ് ഔട്ട് ഓഫ് ദി ബോക്‌സുമായിട്ടാണ് വൺപ്ലസ് 12 എത്തുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.
100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗ് സൗകര്യവും സഹിതം 5,400mAh ബാറ്ററിയാണ് വൺപ്ലസ് 12ൽ ഉള്ളത്. ആകർഷകമായ ഡിസൈനും വൺപ്ലസ് 12 ന്റെ പ്രത്യേകതയാണ്. കർവ്ഡ് ഡിസ്‌പ്ലേ പാനലിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറ സജ്ജീകരണമാണ് ഇതിനുള്ളത്. ബായ്ക്കിൽ ഹാസൽബ്ലാഡ് ബ്രാൻഡിംഗുമായി വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം അവതരിപ്പിച്ചിരിക്കുന്നു.
വൺപ്ലസ് അതിന്റെ മുൻനിര ലൈനപ്പിൽ വയർലെസ് ചാർജിംഗ് പിന്തുണ ചേർക്കുന്നത് ഇതാദ്യമാണ്. ഓപ്പോയുടെ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. IP65 റേറ്റിങ്ങോടെയാണ് വൺപ്ലസ് 12 എത്തുന്നത്. പച്ച, കറുപ്പ്, വെളുപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

വൺപ്ലസ് 12 ന്റെ വിൽപ്പന ചൈനയിൽ ഡിസംബർ 11 ന് ആരംഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12 അടിസ്ഥാന മോഡലിന് 4,299 യുവാൻ (ഏകദേശം 50,600 രൂപ) ആണ് പ്രാരംഭവില. 16ജിബി റാമും 512 ജിബി സ്റ്റോറേജുമായി വരുന്ന വേരിയന്റിന് 4,799 യുവാൻ (ഏകദേശം 56,500 രൂപ) നൽകണം.
വൺപ്ലസ് 12 ന്റെ 16GB റാം + 1TB സ്റ്റോറേജ് മോഡലിന് 5,299 യുവാൻ (ഏകദേശം 62,400 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. അതേപോലെ, 24GB + 1TB ഹൈ വേരിയന്റിന് 5,799 യുവാൻ (ഏകദേശം 68,200 രൂപ) വില നൽകണം. ഈ ഫോണുകളുടെ ഇന്ത്യയിലെ വില അടുത്ത മാസം ആദ്യത്തോടെ അറിയാം.


Click it and Unblock the Notifications








