സ്ഥിരം കൂട്ടുകെട്ട് ആണെന്ന് കരുതിയോ, എങ്കിൽ തെറ്റി! വൺപ്ലസ് 13 വരുന്നത് വേറെ ലെവൽ ക്യാമറകളുമായി
സ്മാർട്ട്ഫോൺ ലോകത്തെ ചൂടൻ ചർച്ചകൾ ഇപ്പോൾ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ബന്ധപ്പെട്ടും ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന പ്രീമിയം സ്മാർട്ട്ഫോണുകളെപ്പറ്റിയുമാണ്. ഷവോമി 15 സീരീസ്, റിയൽമി ജിടി 7 പ്രോ, ഐക്യൂ 13 തുടങ്ങിയ മോഡലുകൾക്കൊപ്പം വൺപ്ലസ് 13 (OnePlus 13 ) ഫോണും ചർച്ചകളിൽ സജീവമാണ്. ക്വാൽക്കോമിന്റെ ഏറ്റവും പുതിയ കരുത്തൻ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റിന്റെ അകമ്പടിയോടെയാണ് വണപ്ലസ് 13 എത്തുക എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടതാണ്. ആദ്യം ചൈനയിലാണ് ലോഞ്ച് ചെയ്യുന്നത് എങ്കിലും തുടർന്ന് ഇന്ത്യയിലും ഈ ഫോൺ ലോഞ്ച് ചെയ്യും എന്നതും ഇതിനകം ഉറപ്പിക്കപ്പെടുകഴിഞ്ഞു.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് വൺപ്ലസ് 13യുടെ കരുത്ത് എന്നതിനാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ മറ്റ് ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പലർക്കും സംശയമുണ്ടാകും, ക്യാമറകൾ അടക്കമുള്ള ഫീച്ചറുകൾ മുൻ മോഡലിലേതിന് (വൺപ്ലസ് 12) സമാനമായിരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. എന്നാൽ അത് തികച്ചും തെറ്റായ ചിന്തയാണ് എന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കാരണം വൺപ്ലസ് ചൈനയുടെ തലവൻ (പ്രസിഡന്റ്) ലൂയിസ് ലീ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ തന്റെ അക്കൗണ്ടിലൂടെ വൺപ്ലസ് 13യുടെ നിരവധി ക്യാമറ ഡീറ്റെയിൽസ് ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്. മികച്ച പെർഫോമൻസ് മാത്രമല്ല, ക്യാമറ മികവിലും ഈ വൺപ്ലസ് ഫോൺ ഏറെ മുന്നിലായിരിക്കും എന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
മുൻഗാമിയായ വൺപ്ലസ് 12ന്റേതിന് ഏകദേശം സമാനമായ ഡിസൈൻ തന്നെയാണ് വൺപ്ലസ് 13യിലും ഉണ്ടാകുക. എന്നാൽ ക്യാമറകൾ കാര്യമായ നവീകരണങ്ങളോടെ എത്തുന്നു. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് വൺപ്ലസ് 13യിൽ ഉള്ളത്. ഈ മൂന്ന് ക്യാമറകളും 50എംപി ആയിരിക്കും എന്നതാണ് പ്രധാന പ്രത്യേകത.

വൺപ്ലസ് 13യിലെ ട്രിപ്പിൾ റിയർ ക്യാമറളകിലെ പ്രധാന ക്യാമറ 50 മെഗാപിക്സൽ സോണി LYT-808 സെൻസർ കരുത്തിലാണ് എത്തുക. ഇതോടൊപ്പം രണ്ട് 50-മെഗാപിക്സൽ ക്യാമറകളും ജോടിയാക്കും, ഒന്ന് പെരിസ്കോപ്പ് ടെലിഫോട്ടോയും രണ്ടാമമേത്തത് അൾട്രാ വൈഡ് ലെൻസും. മുൻ വൺപ്ലസ് പ്രീമിയം മോഡലുകളിലേത് പോലെ തന്നെ ഹാസൽബ്ലാഡുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസ് 13യിലെ ക്യാമറകൾ അവതരിപ്പിക്കുന്നത്.
വൺപ്ലസ് 13യിലെ 50എംപി ടെലിഫോട്ടോ ക്യാമറ, സ്‌ലീക്കർ ഡ്യുവൽ-പ്രിസം ഡിസൈനിനായുള്ള സ്റ്റാൻഡേർഡ് പെരിസ്‌കോപ്പ് സജ്ജീകരണം ഒഴിവാക്കുന്നു, ഇത് സ്ലിം ഫോൺ ബോഡിയിലേക്ക് ഘടിപ്പിക്കുന്നത് എളുപ്പമാക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് 33% ചെറിയ സെൻസറുള്ള 3x ടെലിഫോട്ടോ ലെൻസാണിത്, 1/1.95"-ൽ f/2.6 അപ്പർച്ചറോടെ ഇത് വരുന്നു. കൂടാതെ, ലെൻസ് ഇപ്പോൾ ദീർഘചതുരത്തിന് പകരം വൃത്താകൃതിയിലാണ് എത്തുന്നത്. ഇത് മെച്ചപ്പെട്ട പ്രകാശം പിടിച്ചെടുക്കാൻ അനുവദിക്കുന്നു.
വൺപ്ലസ് 13യിലെ 50എംപി അൾട്രാ-വൈഡ് ക്യാമറയെ സംബന്ധിച്ചിടത്തോളം, ഇത് 120° വ്യൂ ഫീൽഡുമായി എത്തുന്നു. ലാൻഡ്‌സ്‌കേപ്പുകൾ, വലിയ ഗ്രൂപ്പ് ഫോട്ടോകൾ എന്നിവ മികച്ച രീതിയിൽ പകർത്തുന്നതിൽ ഇത് ഗംഭീര മികവ് പുലർത്തും എന്ന് പറയപ്പെടുന്നു. അതിന്റെ ഉദാഹരണം എന്ന നിലയിൽ വെയ്ബോയിൽ ചില സാമ്പിൾ ചിത്രങ്ങളും വൺപ്ലസ് പങ്കുവച്ചിരുന്നു. ഈ ക്യാമറയുടെ ഒരു നിലവാരം എത്രമാത്രം മികച്ചതാണ് എന്ന് ആ ചിത്രങ്ങൾ വെളിവാക്കുന്നു.

ക്യാമറ മികവ്, പെർഫോമൻസ് മികവ് എന്നിവയ്ക്കപ്പുറം മറ്റ് കാര്യങ്ങളിലും എതിരാളികൾക്ക് ശക്തമായ മറുപടി നൽകാൻ കരുതിക്കൂട്ടിയാകും ഈ ഫോൺ എത്തുക. വൺപ്ലസ് 13യുടെ ചൈനീസ് ലോഞ്ച് ഒക്ടോബർ 31ന് നടക്കും. തുടർന്ന് അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. വൈറ്റ് ഡോൺ, ഒബ്‌സിഡിയൻ ബ്ലാക്ക്, ബ്ലൂ മൊമെൻ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വിപണിയിൽ എത്തുകയെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
3168 x 1440 റെസലൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 5000 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 24GB വരെ റാം, 1TB വരെ സ്റ്റോറേജ്, IP69 റേറ്റിംഗ്, 6,000mAh ബാറ്ററി, സൂപ്പർ ഫാസ്റ്റ് 100 W വയർഡ് ചാർജിംഗിനുള്ള പിന്തുണ എന്നിവയും വൺപ്ലസ് 13യിൽ ഉണ്ടാകും എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








