ലോകത്തെ ആദ്യ സ്നാപ്ഡ്രാഗൺ 8 ജെൻ 4 സ്മാർട്ട്ഫോണുമായി എത്തുക വൺപ്ലസ്! ഒപ്പം അൾട്രാസോണിക് സ്കാനറും
വൺപ്ലസ് തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പ്രീമിയം മോഡലായി വൺപ്ലസ് 12 (OnePlus 13) അവതരിപ്പിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നിലവിലെ ഏറ്റവും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാണ് ഈ വൺപ്ലസ് 12 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്.
വൺപ്ലസ് 12ന് പിൻഗാമിയായി വൺപ്ലസ് 13 എത്താൻ ഇനിയും സമയമേറെയുണ്ട്. എന്നാൽ ഇപ്പോൾ തന്നെ വരാൻ പോകുന്ന വൺപ്ലസ് 13 സ്മാർട്ട്ഫോണിനെപ്പറ്റി ശ്രദ്ധേയമായ ചില വാർത്തകൾ എത്തിയിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ഫോണായിട്ടായിരിക്കും വൺപ്ലസ് 13 എത്തുകയെന്നതാണ് അതിലേറ്റവും പ്രധാന വാർത്ത.

നിലവിലെ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ ചിപ്സെറ്റ് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ്. ഈ ചിപ്സെറ്റുമായി ആദ്യം പുറത്തിറങ്ങിയത് ഷവോമി 14 സീരീസ് ആയിരുന്നു. ഇതിന് പിന്നാലെ മാത്രമാണ് മറ്റ് ബ്രാൻഡുകൾക്ക് ഈ ചിപ്സെറ്റ് കരുത്തിൽ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇറക്കാനായത്.
എന്നാൽ നിലവിലെ സ്നാപ്ഡ്രാഗൺ ചിപ്സെറ്റിനെക്കാൾ മികച്ചതും അടുത്ത തലമുറയിലുള്ളതുമായ സ്നാപ്ഡ്രാഗൺ 8 ജെൻ 4 എത്തുമ്പോൾ അത് ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ തങ്ങളുടേത് ആകണമെന്ന് വൺപ്ലസ് ആഗ്രഹിക്കുന്നു. നെക്സ്റ്റ് ജനറേഷൻ സ്നാപ്ഡ്രാഗൺ ചിപ്പ് 2024 ഒക്ടോബറിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കേട്ടിരുന്നു.

ക്വാൽക്കോം CMO തന്നെയാണ് അടുത്ത ചിപ്സെറ്റിന്റെ ലോഞ്ച് ടൈംലൈൻ സംബന്ധിച്ച വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെയായിരുന്നു സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റും ലോഞ്ച് ചെയ്തത്. അതേ ഷെഡ്യൂൾ ആവർത്തിക്കാനാണ് ക്വാൽക്കോം ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സിഎംഒയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
വരാൻ പോകുന്ന 8 ജെൻ 4 ചിപ്സെറ്റ് TSMC-യുടെ 3nm പ്രോസസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അഡ്രിനോ 830 GPU-വും പുതിയ പെർഫോമൻസ് കോറുകളും, അതായത് Oryon CPU കോറുകളും കൊണ്ടുവരാൻ കഴിയുമെന്നും പറയപ്പെടുന്നു. റെവെംഗസ് എന്നു പേരുള്ള ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നത് ചിപ്പിന് 4GHz ൻ്റെ ഉയർന്ന ഫ്രീക്വൻസി ക്ലോക്ക് ചെയ്യാൻ കഴിയുമെന്നാണ്.
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിന്റെ 3.30GHz ഉയർന്ന ക്ലോക്ക് സ്പീഡിൽ നിന്നുള്ള കുതിച്ചുചാട്ടം 8 ജെൻ 4 ചിപ്സെറ്റിൽ കാണാം. മറ്റൊരു ശ്രദ്ധേയമായ വാർത്ത, വൺപ്ലസ് 13യുടെ ഡിസ്പ്ലേയിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനർ അവതരിപ്പിച്ചേക്കും എന്നതാണ്. എന്നാൽ, പലരും പ്രതീക്ഷിക്കുംപോലെ ഇത് ക്വാൽകോമിൻ്റെ 3D സോണിക് സെൻസർ ആയിരിക്കില്ല.

നിലവിൽ പ്രമുഖ ബ്രാൻഡുകൾ എഐയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇത് പിന്തുടർന്ന് വൺപ്ലസും ചില കണക്കുകൂട്ടലുകൾ നടത്തുന്നുണ്ട്. എഐ ട്രെൻഡിൽ വൺപ്ലസിന്റെ പേര് അടയാളപ്പെടുത്തുന്നതിനായി ഒരു പുതിയ ന്യൂറൽ എഞ്ചിൻ ചിപ്പ് വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ കമ്പനി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാംസങ് ഗാലക്‌സി എസ് 24 സീരീസ്, പിക്‌സൽ 8 സീരീസ് പോലുള്ള വമ്പൻ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളിൽ അടുത്തിടെ അവതരിപ്പിച്ചതുപോലുള്ള AI കഴിവുകൾ വൺപ്ലസ് 13 ലേക്ക് കൊണ്ടുവരാൻ പുതിയ ന്യൂറൽ എഞ്ചിൻ ചിപ്പ് സഹായിക്കും. വൺപ്ലസുമായി ബന്ധപ്പെട്ടുവരുന്ന മറ്റ് ചില വാർത്തകൾ കൂടിയുണ്ട്.
വൺപ്ലസ് എയ്സ് 3വി (OnePlus Ace 3V) അല്ലെങ്കിൽ വൺപ്ലസ് നോർഡ്-3 (OnePlus Nord 3) ഒരു ബ്ലൂ-ലൈറ്റ് ഫിൽട്ടറോടുകൂടിയ 1.5K ഡിസ്പ്ലേ, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 7 സീരീസ് ചിപ്സെറ്റ് (7+ Gen 3), 16GB വരെ റാം ഫീച്ചറുകളോടെ എത്തിയേക്കാമെന്ന് ടിപ്സ്റ്റർ സ്മാർട്ട് പിക്കാച്ചു അവകാശപ്പെട്ടു.


Click it and Unblock the Notifications








