കരുത്തൻ ചിപ്സെറ്റും ക്യാമറകളുമായി മനസ് കീഴടക്കാൻ പുതിയ വൺപ്ലസ് 13; ഒക്ടോബറിലെ ആ ദിവസം കുറിച്ചുവച്ചോ!
ഏറെ നാളായി തുടരുന്ന ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കുമൊക്കെ വിരാമമിട്ടുകൊണ്ട് വൺപ്ലസിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13 (OnePlus 13) ലോഞ്ച് ചെയ്യുന്ന തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബർ 31ന് ചൈനയിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ ഈ ഫോൺ അവതരിപ്പിക്കും. തുടർന്ന് അധികം വൈകാതെ ഇന്ത്യ അടക്കമുള്ള ആഗോള വിപണികളിലേക്ക് ഈ സ്മാർട്ട്ഫോൺ എത്തും. ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനൊപ്പം തന്നെ വരാൻ പോകുന്ന വൺപ്ലസ് 13 ന്റെ ഡിസൈനും കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മുൻഗാമിയായ വൺപ്ലസ് 12ന്റേതിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് പുതിയ മോഡലിന്റെ ഡിസൈനിൽ ഉള്ളത്.
വൈറ്റ് ഡോൺ, ഒബ്‌സിഡിയൻ ബ്ലാക്ക്, ബ്ലൂ മൊമെൻ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വൺപ്ലസ് 13 വിപണിയിൽ എത്തുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 13 ഫ്രണ്ടിൽ മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയും പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉള്ള ഒരു സ്ലീക്ക് ഡിസൈനിലാണ് എത്തുന്നത്.

മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, വൺപ്ലസ് 13ന്റെ ക്യാമറ മൊഡ്യൂൾ ഫോണിന്റെ ഫ്രെയിമിലേക്ക് ലയിക്കുന്നില്ല. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ചതുരാകൃതിയിലുള്ള പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന മൂന്ന് ലെൻസുകളും എൽഇഡി ഫ്ലാഷും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഒരു ലോഹ വളയത്താൽ ഈ ക്യാമറ മൊഡ്യൂൾ ചുറ്റപ്പെട്ടിരിക്കുന്നു.
പതിവ് പോലെ ഹാസൽബ്ലാഡുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസിന്റെ ഈ പ്രീമിയം മോഡലിലെ ക്യാമറകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സൂചനയായി "H" ലോഗോ ക്യാമറ മൊഡ്യൂളിന്റെ വശത്തായി കാണാം. ഇതിന് താഴെയായി ക്യാമറ മൊഡ്യൂളിൽ നിന്ന് ഒരു നേർ രേഖയും ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെറ്റാലിക് ഘടകങ്ങൾ ഈ ഫോണിന്റെ പ്രീമിയം ഫീലും ഡ്യൂറബിലിറ്റിയും കൂട്ടുന്നു.

വൺപ്ലസ് 13 5ജിയിൽ എന്തൊക്കെ പ്രതീക്ഷിക്കാം: മുൻഗാമിയെക്കാൾ കാര്യമായ നവീകരണങ്ങളോടെയാണ് വൺപ്ലസ് 13 എത്തുക. അതിൽ ഏറ്റവും ആകർഷണം ശക്തമായ പ്രോസസർ തന്നെയാണ്. ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 13 എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒക്‌ടോബർ 22-ന് ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എന്ന പേരിൽ ഇത് എത്തുമെന്നാണ് മുൻപ് പ്രതീക്ഷിച്ചിരുന്നത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3യുടെ പിൻഗാമിയായി തന്നെയാണ് പുതിയ എലൈറ്റ് ചിപ്സെറ്റ് എത്തുന്നത്.
മികച്ച പെർഫോമൻസ് നൽകുന്ന പുതിയ ചിപ്സെറ്റിന്റെ കരുത്തിൽ ഇതിനകം പുറത്തിറങ്ങിയ എതിരാളികളുടെ പ്രീമിയം മോഡലുകളെ മറികടക്കാൻ വൺപ്ലസ് 13യ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡിസ്പ്ലേയുടെ കാര്യമെടുത്താൽ,
2K റെസല്യൂഷൻ സ്‌ക്രീൻ വൺപ്ലസ് 13യിലും കമ്പനി നിലനിർത്താൻ സാധ്യതയുണ്ട്. അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ പുതിയ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്, ഇതൊരു അസാധാരണ നീക്കമായിരുന്നു. ഇത് സാധാരണ സ്മാർട്ട്ഫോണുകളിൽ കാണുന്ന ഒപ്റ്റിക്കൽ സെൻസറുകളെക്കാൾ വേഗതയേറിയതും സുരക്ഷിതവുമായ അൺലോക്ക് വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 13യിലും ഉണ്ടാകുക. അതിൽ സോണിയുടെ LYT-808 സെൻസറും f/1.6 അപ്പേർച്ചറും ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 50-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
6,000mAh ബാറ്ററിയുമായിട്ടാകും പുതിയ വൺപ്ലസ് 13 എത്തുക. വൺപ്ലസ് 12ൽ 5,400mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. അതിനാൽ ബാറ്ററിയുടെ കാര്യത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാകുന്നത് ശ്രദ്ധിക്കപ്പെടും. 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫോൺ ഉപയോഗിക്കാൻ സജ്ജമാകും.


Click it and Unblock the Notifications








