മിനികൾക്കിടയിലെ മിന്നും മിനി! ഐഫോണിനെ മോഡലാക്കി വരുന്നു, വൺപ്ലസ് 13 മിനി അഥവാ വൺപ്ലസ് 13T
സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ സ്ലിം, മിനി മോഡലുകൾക്ക് ആണ് പ്രിയം. പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ പ്രീമിയം മോഡലുകളുടെ മിനി വേരിയന്റുകൾ പുറത്തിറക്കുന്നുണ്ട്, അതല്ലെങ്കിൽ ഒരു സ്ലിം മോഡൽ പുറത്തിറക്കുന്നുണ്ട്. ഉപയോക്താക്കളുടെ മാറിയ മനോഭാവവും താൽപര്യങ്ങളും കൂടി വെളിപ്പെടുത്തുന്നതാണ് മിനി, സ്ലിം മോഡലുകൾക്ക് ലഭിക്കുന്ന ഈ ഡിമാൻഡ്. വിവോ തങ്ങളുടെ X200 പ്രോ മിനി വേരിയന്റ് പുറത്തിറക്കാൻ തയാറെടുക്കുന്നതായി ലീക്ക് റിപ്പോർട്ടുകളുണ്ട്. കൂടാതെ ഓപ്പോയും ഫൈൻഡ് X8 ന്റെ ഒരു മിനി വേരിയന്റ് ഇറക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. അതേപോലെ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സീരീസിൽ സ്ലിം വേരിയന്റുകളും വരാൻ പോകുകയാണ്.
ആപ്പിൾ തങ്ങളുടെ ഐഫോൺ സീരീസിലേക്ക് ഐഫോൺ 17 എയർ എന്ന സ്ലിം മോഡൽ ഇറക്കാൻ പണിയെടുത്തുകൊണ്ടിരിക്കുകയാണ് എന്ന് ദീർഘനാളായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ആപ്പിൾ മാത്രമല്ല, പ്രധാന എതിരാളിയായ സാംസങ്ങും പണി തുടങ്ങിയിട്ടുണ്ട്, ഗാലക്സി എസ്25 സീരീസിൽ ഒരു സ്ലിം മോഡൽ അവതരിപ്പിക്കാൻ. ഗാലക്സി എസ്25 എഡ്ജ് എന്ന പേരിൽ അധികം വൈകാതെ ഈ മോഡൽ ലോഞ്ച് ചെയ്യും.

ഇങ്ങനെ അനേകം മിനി, സ്ലിം മോഡലുകൾ വന്നുകൊണ്ടിരിക്കെ ഇപ്പോൾ വൺപ്ലസിന്റെ ഭാഗത്തുനിന്നും ഒരു മിനി മോഡൽ വരാൻ പോകുന്നു എന്ന വാർത്തയും എത്തിയിരിക്കുന്നു. വൺപ്ലസിന്റെ നിലവിലെ പ്രീമിയം മോഡൽ വൺപ്ലസ് 13 ആണ്. ഇതിനോട് അനുബന്ധമായി വൺപ്ലസ് 13 മിനി എന്ന ഒരു മോഡൽ പുറത്തിറക്കാൻ വൺപ്ലസ് തയാറെടുക്കുന്നതായി പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
വൺപ്ലസ് 13 മിനി അഥവാ വൺപ്ലസ് 13T (OnePlus 13 mini aka OnePlus 13T) എന്ന പേരിൽ പുതിയ വൺപ്ലസ് ഫോൺ ലോഞ്ചിന് തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ, ഈ ഫോണിന്റെ ചില കൺസെപ്റ്റ് റെൻഡറുകൾ ചോർന്നു, ഇത് ഐഫോൺ പോലുള്ള ഡിസൈനുമായിട്ടാണ് ഈ വൺപ്ലസ് ഫോൺ എത്താൻ പോകുന്നത് എന്ന് സൂചന നൽകുന്നു.
ഐഫോൺ 16 മോഡലിന് സമാനമായ ഡിസൈനാണ് വൺപ്ലസ് 13 മിനിക്ക് ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അതായത് മിനിമലിസ്റ്റിക് ഡിസൈൻ, വൃത്താകൃതിയിലുള്ള കോണുകൾ, ലംബമായി വിന്യസിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവ വരാൻ പോകുന്ന വൺപ്ലസ് 13 മിനിയിൽ ഉണ്ട് എന്ന് ലീക്ക് റിപ്പോർട്ടുകളുണ്ട്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്താക്കിയാകും വൺപ്ലസ് 13 മിനി എത്തുക എന്ന് വിശ്വസിക്കപ്പെടുന്നു, ഈ ചിപ്‌സെറ്റ് ഉള്ള വില കുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്ഫോണായിരിക്കും ഇത് എന്നും വിലയിരുത്തലുകളുണ്ട്. നിലവിൽ ഈ പ്രീമിയം ചിപ്സെറ്റുള്ള ഏറ്റവും വില കുറഞ്ഞ മോഡൽ ഐക്യൂ 13 ആണ്.
ഐക്യൂവിനെക്കാൾ വിലക്കുറവിൽ ആണ് എത്തുന്നത് എങ്കിൽ 50000 രൂപയോട് അടുത്തായിരിക്കും വൺപ്ലസ് 13 മിനിയുടെ വില. ഐക്യുവിന്റെ അടിസ്ഥാന മോഡൽ 54999 രൂപ വിലയിലാണ് എത്തുന്നത്. ഇത് ഡിസ്കൗണ്ടിൽ 52999 രൂപ വിലയിൽ ലഭ്യമാകാറുണ്ട്. വൺപ്ലസ് 13 മിനിയിൽ 6.3 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്‌പ്ലേയാകും ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്.
കൂടാതെ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും വൺപ്ലസ് 13 മിനിയിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐഫോണുമായുള്ള മറ്റൊരു സാമ്യതയായി ഒരു ആക്ഷൻ ബട്ടണിന്റെ സാന്നിധ്യവും ഈ ഫോണിൽ ആരോപിക്കപ്പെടുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 15 ൽ ആയിരിക്കും വൺപ്ലസ് 13 മിനിയുടെ പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറയും 2x സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉണ്ടായിരിക്കുമെന്ന് കരുതപ്പെടുന്നു. "മിനി" ബ്രാൻഡിങ്ങിൽ എത്തുമെങ്കിലും 80W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററിയുമായി എത്തിയും വൺപ്ലസ് 13 മിനി ഉപയോക്താക്കളെ അമ്പരപ്പിക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഈ ഫോൺ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications








