ഈ മിനി അത്ര 'മിനി' അല്ല! ആരും ആഗ്രഹിക്കുന്ന ബാറ്ററി കപ്പാസിറ്റിയുമായി വൺപ്ലസ് 13 മിനി
വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13 5ജിയും അതോടൊപ്പം അതിന്റെ അൽപ്പം വില കുറഞ്ഞ മോഡലായ വൺപ്ലസ് 13R 5ജിയും കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. എന്നാൽ 13 സീരീസിൽ വൺപ്ലസ് അധികം വൈകാതെ ഒരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കും, വൺപ്ലസ് 13 മിനി/ 13T ആയിരിക്കും ഈ സീരീസിൽ അടുത്തു വരാൻ പോകുന്ന സ്മാർട്ട്ഫോൺ എന്ന് കരുതപ്പെടുന്നു. മികച്ച ഫീച്ചറുകളുള്ളതും എന്നാൽ വലിപ്പത്തിൽ അൽപ്പം ചെറുതുമായ സ്മാർട്ട്ഫോൺ ആയിരിക്കും വൺപ്ലസ് 13 മിനി (OnePlus 13 Mini) എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വിവിധ ലീക്ക് റിപ്പോർട്ടുകളിലൂടെ വൺപ്ലസ് 13 മിനിയുടെ ഫീച്ചറുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിൽ ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത് പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) ആണ്. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരം അനുസരിച്ച്, വൺപ്ലസ് 13 മിനിയിൽ 6,000mAh ബാറ്ററി ഉണ്ടായിരിക്കും.

6,000mAh ബാറ്ററി സ്മാർട്ട്ഫോണുകളിൽ ഉണ്ടാകുക ഒരു വലിയ കാര്യമല്ല. കാരണം നിരവധി ബ്രാൻഡുകൾ ഇപ്പോൾ 6,000mAh ബാറ്ററി തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ താരതമ്യേന വലിപ്പം കുറഞ്ഞ ഒരു സ്മാർട്ട്ഫോണിൽ ഇത്രയും വലിയ അളവ് ബാറ്ററി ശേഷി എത്തുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ സ്മാർട്ട്ഫോൺ ബാറ്ററിയുടെ ശേഷിയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. കാരണം, വൺപ്ലസും ഓപ്പോയും 6,500mAh മുതൽ 7,000mAh വരെ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ 2025ന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

വൺപ്ലസ് 13 മിനിയുടെ കാര്യത്തിലേക്ക് വന്നാൽ, സാധാരണയായി വൺപ്ലസ് മിനി മോഡലുകൾ ഇറക്കാറില്ല. എന്നാൽ വിപണിയിൽ കളം പിടിക്കാൻ കോംപാക്ട് മോഡലിലേക്കും വൺപ്ലസ് ഇറങ്ങുകയാണ്. വൺപ്ലസ് 13 സീരീസിന്റെ ഗമ ഒട്ടും കുറയ്ക്കാതെ ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ വൺപ്ലസ് ഇതിൽ ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ വൺപ്ലസ് 13 മിനി അത്ര 'മിനി' ആയിരിക്കില്ല!.
അടുത്തിടെ പുറത്തുവന്ന രണ്ട് ലീക്ക് റിപ്പോർട്ടുകൾ വൺപ്ലസ് 13 മിനിയുടെ ചില ഹാർഡ്‌വെയർ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ചാറ്റ്സ്റ്റേഷന്റെ വെളിപ്പെടുത്തൽ പറയുന്നത് ഇതിന്റെ റിയർ പാനലിൽ ബാർ ആകൃതിയിലുള്ള ഡ്യുവൽ ക്യാമറ ഡിസൈൻ ആണ് നൽകിയിരിക്കുന്നത് എന്നാണ്. ഫ്ലാറ്റ് ഡിസ്പ്ലേ, മെറ്റൽ ഫ്രെയിം, ഗ്ലാസ് ബാക്ക് എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു.
പ്രീമിയം മോഡലായ വൺപ്ലസ് 13യിൽ നൽകിയിരിക്കുന്ന അതേ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് 13 മിനിയിലും വൺപ്ലസ് നൽകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള 6.31 ഇഞ്ച് 1.5K റെസല്യൂഷൻ LTPO OLED ഡിസ്പ്ലേയും ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ ഇതിൽ ഉണ്ടാകുമെന്നാണ് മുൻ റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഇതിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത് എന്നാണ്. അതിൽ 2X ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 50MP ടെലിഫോട്ടോ ക്യാമറയും 50MP പ്രൈമറി ക്യാമറയും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.
എപ്പോഴായിരിക്കും വൺപ്ലസ് 13 മിനി ലോഞ്ച് ചെയ്യുക എന്നതിന്റെ സൂചന കമ്പനി ഇതുവരെ നൽകിയിട്ടില്ല. എന്നാൽ 2025 ഏപ്രിലിലോ, 2025 ന്റെ രണ്ടാം പാദത്തിലോ ഇത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വില എന്തായിരിക്കും എന്ന വിവരവും ഇപ്പോൾ അജ്ഞാതമാണ്. ലോഞ്ചിന് മുൻപ് സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിൽ ലിസ്റ്റ് ചെയ്യുന്നതോടെ ഈ ഫോണിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








