കണ്ടുകൊതിച്ചവർ ചെണ്ടുംകൊണ്ടങ്ങനെ പണ്ടു പണ്ടേ കറക്കാടീ...! വൺപ്ലസ് 13 വാങ്ങാൻ ദേ ഈ ദിവസം പോര്
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമായി ഈ വർഷം ഒക്ടോബറിൽ വൺപ്ലസ് 13 ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടു. അന്നുമുതൽ ഈ കിടിലൻ മുതൽ ഇന്ത്യയിലേക്ക് എത്തുന്ന നാളിനായി കാത്തിരിക്കുകയായിരുന്നു ഇവിടുത്തെ സ്മാർട്ട്ഫോൺ പ്രേമികൾ. ചൈനയിലെ വൺപ്ലസ് 13 കണ്ട് കൊതിച്ച് കാത്തിരുന്ന ഇന്ത്യക്കാർക്കായി ഒടുവിൽ ആ ദിവസം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും ആഗോള വിപണിയിലും 2025 ജനുവരി 7ന് വൺപ്ലസ് 13 സീരീസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 13 സീരീസ് എന്നതിനാൽത്തന്നെ വൺപ്ലസ് 13യ്ക്ക് പുറമേ വൺപ്ലസ് 13r സ്മാർട്ട്ഫോണും ഇതോടൊപ്പം അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിന്റർ ലോഞ്ച് ഇവന്റ് എന്നാണ് വൺപ്ലസ് 13 സീരീസ് ലോഞ്ച് ഇവന്റിന്റെ പേര്. ജനുവരി 7ന് ഇന്ത്യൻ സമയം രാത്രി 9ന് ആണ് ലോഞ്ച് ഇവന്റ് നടക്കുക. ആരാധകർക്ക് വൺപ്ലസിന്റെ യൂട്യൂബ് ചാനൽ വഴി ലോഞ്ച് ഇവന്റ് തത്സമയം കാണാൻ അവസരം ഉണ്ടാകും.

വൺപ്ലസ് 13 വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ആളുകൾക്ക് പരിഗണിക്കാൻ കഴിയുന്ന ബദൽ ഓപ്ഷൻ എന്ന നിലയിൽ ആണ് വൺപ്ലസ് 13r എത്തുന്നത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും വൺപ്ലസ് 13r.
വൺപ്ലസ് 13, വൺപ്ലസ് 13r എന്നിവ ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളാണ്. അതിനാൽത്തന്നെ ഇവയിലെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന ഒരു ഏകദേശ ധാരണ ലഭ്യമാണ്. ഇന്ത്യയിലും ആഗോള തലത്തിലും അവതരിപ്പിക്കാൻ എത്തുമ്പോഴും ഈ മോഡലുകളിൽ കാര്യമായ മാറ്റങ്ങൾ വൺപ്ലസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

വൺപ്ലസ് 13യുടെ (OnePlus 13) പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് 2K+ LTPO AMOLED ഡിസ്‌പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ നോർമൽ ബ്രൈറ്റ്നസ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഷിമ്മിംഗ്, CWM സൂപ്പർ ഷിബൽ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ.
4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്‌ഫോം , 900MHz Adreno 830 ജിപിയു, 12GB / 16GB / 24GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടി, ജല പ്രതിരോധം (IP68 + IP69 റേറ്റിങ്).
ട്രിപ്പിൾ റിയർ ക്യാമറ (സോണി LYT-808 സെൻസറുള്ള 50MP മെയിൻ ക്യാമറ, Samsung JN1 സെൻസർ, 3.5cm മാക്രോ എന്നിവയുള്ള 50MP 114° അൾട്രാ വൈഡ് ക്യാമറ, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ) Hasselblad ക്യാമറ സിസ്റ്റം, 4k 60fps വരെ, 8K വീഡിയോ റെക്കോർഡിംഗ്, സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ.

5G SA/NSA, ഡ്യുവൽ 4G VoLTE, 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 6000mAh ബാറ്ററി എന്നിവയാണ് ചൈനയിൽ അവതരിപ്പിച്ച മോഡലിന്റെ പ്രധാന ഫീച്ചറുകൾ. ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിലും ഇവ തന്നെ പ്രതീക്ഷിക്കാം.
വൺപ്ലസ് 13R ന്റെ (OnePlus 13R) പ്രധാന ഫീച്ചറുകൾ: ചൈനയിൽ വൺപ്ലസ് എയ്സ് 5 എന്നൊരു സ്മാർട്ട്ഫോൺ ഡിസംബർ അവസാനത്തോടെ ലോഞ്ച് ചെയ്യും. ഈ സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിലും ആഗോള വിപണിയിലും വൺപ്ലസ് 13r എന്ന പേരിൽ അവതരിപ്പിക്കുക. സ്നാപ്ഡ്രാഗൺ 8 ജെൻ 3 കരുത്തിലാണ് വൺപ്ലസ് 13R എത്തുക.
16GB വരെ LPDDR5x റാം, 512GB വരെ UFS 4.0 സ്‌റ്റോറേജ്, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 6,000mAh ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ (50MP + 8MP + 2MP) എന്നിവ വൺപ്ലസ് 13rൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബർ 26ന് ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








