ഒരു പച്ചപ്പരിഷ്കാരി ആകാൻ റെഡിയല്ലേ! ഒടുവിൽ പ്രഖ്യാപിച്ചു: വൺപ്ലസ് 13s ജൂൺ 5ന് ഇന്ത്യയിൽ; അറിയാൻ ഏറെ
ഇന്ത്യൻ വിപണിയിലെ ശക്തമായ സാന്നിധ്യങ്ങളിലൊന്നായ വൺപ്ലസ് ഒരു പുതിയ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ വൺപ്ലസ് തന്നെ ആ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുന്നു. വൺപ്ലസ് 13യുടെ സഹോദരനായി, വേറിട്ട ലുക്കും ആകർഷകമായ ഫീച്ചറുകളും സഹിതം വൺപ്ലസ് 13s (OnePlus 13s) എന്ന മോഡലാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ റെഡിയായിരിക്കുന്നത്. ജൂൺ 5ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് വൺപ്ലസ് സ്ഥിരീകരിച്ചിരിക്കുന്നു. പരിസ്ഥിതിദിനത്തിൽ ഒരു 'പച്ച' പരിഷ്കാരി ഫോൺ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കായി വൺപ്ലസ് സമ്മാനിക്കുന്നു എന്നും പറയാം.
ഇതുവരെ വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഒരു ഡിസൈനും അതിനോട് ചേർന്നുതന്നെ പ്രീമിയം ലെവൽ ഫീച്ചറുകളും സഹിതം എത്തുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13s എന്ന് ടീസറുകൾ വ്യക്തമാക്കുന്നു. ഏറ്റവും ശ്രദ്ധേയമായൊരു കാര്യം എന്തെന്നാൽ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ഇനി ഇത് ആയിരിക്കും എന്നതാണ് സൂചന.

ഫ്ലാഗ്ഷിപ്പ്-ലെവൽ പെർഫോമൻസും സംയോജിത AI ഫീച്ചറുകളും വൺപ്ലസ് 13s ന്റെ പ്രത്യേകതയാണ് എന്ന് കമ്പനി പറയുന്നു. ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഗ്രീൻ സിൽക്ക് എന്നീ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത് എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ച കാര്യമാണ്. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കും വിധത്തിൽ തയാറാക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13s എന്ന് ഈ ചിപ്സെറ്റിന്റെ സാന്നിധ്യം തന്നെ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം, മികച്ച ഗെയിമിങ്ങും ഇത് വാഗ്ദാനം ചെയ്യും. അതിന്റെ കൂടി ഭാഗമായി 4400mm² ക്രയോ-വെലോസിറ്റി വേപ്പർ ചേമ്പർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഏത് കനപ്പെട്ട ടാസ്ക് നൽകിയാലും ചൂടാകാതെ പ്രവർത്തിക്കാൻ വൺപ്ലസ് 13sന് കഴിയും എന്ന് ഈ ഫീച്ചറുകൾ സൂചന നൽകുന്നു. കൂടാതെ, ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്നതിനായി പിൻ കവറിൽ ഒരു ബാഹ്യ കൂളിംഗ് പാളി സ്ഥാപിച്ചിട്ടുണ്ട്. പ്ലസ് കീ ആണ് വൺപ്ലസ് 13s നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.
അലേർട്ട് സ്ലൈഡറിന്റെ പരിണാമമായി പ്ലസ് കീ എന്ന പുതിയ ഫീച്ചർ വൺപ്ലസ് 13s അവതരിപ്പിക്കുന്നു. സൗണ്ട് പ്രൊഫൈലുകൾ (സൗണ്ട്, വൈബ്രേഷൻ, ഡുനോട്ട് ഡിസ്റ്റേർബ്), AI ടൂൾസ്, മറ്റ് യൂസർ ഡിഫൈൻഡ് ഫങ്ഷൻസ് പ്രവർത്തനങ്ങൾ എന്നിവയിലേക്ക് ക്വിക്ക് ആക്‌സസ് നൽകുന്നതിനാണ് ഈ കസ്റ്റമൈസബിൾ ബട്ടണിലൂടെ വൺപ്ലസ് ലക്ഷ്യമിടുന്നത്.
ആകർഷകമായ ക്യാമറ മൊഡ്യൂൾ വൺപ്ലസ് 13sന് ഇതുവരെ കാണാത്ത ഒരു ഭാവം നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നു. 8.15mm കനവും 185g ഭാരവുമുള്ള ഈ ഫോൺ, സുഖകരമായി ഒറ്റക്കൈയിൽ തന്നെ ഉപയോഗിക്കാൻ കഴിയും വിധം രൂപകൽപ്പന ചെയ്തിരിക്കുന്നു. 50:50 ബാലൻസ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷനും മെച്ചപ്പെട്ട ഗ്രിപ്പിനായി മുന്നിലും പിന്നിലും കർവ്ഡ് 2.5D ഗ്ലാസും നൽകിയിട്ടുണ്ട്.

360° ആന്റിന സിസ്റ്റവും G1 വൈ-ഫൈ ചിപ്‌സെറ്റും ആണ് വൺപ്ലസ് 13s ന്റെ മറ്റൊരു പ്രത്യേകത. മെച്ചപ്പെട്ട ഗെയിമിംഗ്, സ്ട്രീമിംഗ് എക്സ്പീരിയൻസിനായി മൂന്ന് ഹൈ പെർഫോമിങ് മൊഡ്യൂളുകളും സിഗ്നൽ സ്വീകരണം ഒപ്റ്റിമൈസ് ചെയ്യാൻ രൂപകൽപ്പന ചെയ്ത ഫോർ-മോഡ് അൾട്രാ-വൈഡ്‌ബാൻഡ് ലോ-ഫ്രീക്വൻസി ആന്റിനയും ഇതിൽ ഉൾപ്പെടുന്നു.
സിഗ്നൽ ശക്തി മെച്ചപ്പെടുത്തുന്നതിനും കൈ മൂലം ഉണ്ടാകുന്ന തടസ്സത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും ഒരു പുതിയ സ്വയം-വികസിപ്പിച്ച സിഗ്നൽ-ബാലൻസ്ഡ് മോഡ് ടെക്നോളജിയും ഇതിലുണ്ട്. വൈ-ഫൈ ചിപ്‌സെറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു G1 വൈ-ഫൈ ചിപ്‌സെറ്റ് ഉള്ളതിനാൽ സ്ഥിരതയുള്ളതും വേഗതയേറിയതുമായ വൈ-ഫൈ കണക്റ്റിവിറ്റി പ്രതീക്ഷിക്കാം. ദുർബലമായ സിഗ്നലുകളുള്ള ചുറ്റുപാടുകളിൽ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ ഇതിലെ ഫീച്ചറുകൾക്ക് കഴിയും.
പരിസ്ഥിതി ദിനത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 13s ന്റെ കളർ ഓപ്ഷനുകളിൽ ഇന്ത്യ-എക്സ്ക്ലൂസീവ് ഗ്രീൻ സിൽക്ക് പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഒലിവ് മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് ഇത്. വൺപ്ലസിന്റെ സിഗ്നേച്ചർ ഗ്രീൻ നിറങ്ങളുടെ തുടർച്ചയെ പ്രതിനിധീകരിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. ലോഞ്ചിന് ശേഷം വൺപ്ലസ് ഇന്ത്യ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








