സൈസ് കുറയും, ഫീച്ചറുകൾ കൂടും! പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു
സ്മാർട്ട് ഫോണുകൾ അനുദിനം മാറുകയാണ്. പ്രോ, പ്രോ മാക്‌സ്, മിനി, സ്ലിം എന്നീ മോഡലുകൾ ഇപ്പോൾ വിപണിയിലുണ്ട്. ഫോണിന്റെ വലിപ്പത്തിന് അനുസരിച്ചാണ് ഒട്ടുമിക്ക ഫോണുകളും മോഡലുകൾ മാറ്റുന്നത്. ഇതിൽ ഫ്‌ലിപ്പ് ചെയ്യാവുന്ന ഫോണുകളും ഉൾപ്പെടും. അനേകം മിനി, സ്ലിം മോഡലുകൾ വന്നുകൊണ്ടിരിക്കെ ഇപ്പോൾ വൺപ്ലസിന്റെ ഭാഗത്തുനിന്നും ഒരു മിനി മോഡൽ വരാൻ പോകുന്നു എന്ന വാർത്ത അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതിനോട് അനുബന്ധമായി വൺപ്ലസ് 13 ടിയുടെ വിലയും ലോഞ്ച് തിയ്യതിയും ഫോണിനെ കുറിച്ചുള്ള വിവരങ്ങളും പുതിയ ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നു.
ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നിവ 2025 ജനുവരി 7ന് ആയിരുന്നു പുറത്തിറക്കിയത്. ഇപ്പോഴിതാ വൺപ്ലസ് 13 സീരീസിൽ ഒരു പുതിയ ഫോണും കൂടെ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് കമ്പനി. വൺപ്ലസ് 13 മിനി അല്ലെങ്കിൽ വൺപ്ലസ് 13 ടി എന്ന പേരിലായിരിക്കും ഈ ഫോൺ വിപണിയിലെത്തുകയെന്നാണ് സൂചന.

ഈ മാസം പകുതിയോടെ ചൈനയിലാണ് ഫോണിന്റ ലോഞ്ച് പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ഈ ഫോണിന്റെ ചില കൺസെപ്റ്റ് റെൻഡറുകൾ ചോർന്നിരുന്നു. ഇത് ഐഫോൺ പോലുള്ള ഡിസൈനുമായിട്ടാണ് ഈ വൺപ്ലസ് 13 ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 13ടിക്ക് ഏകദേശം 37,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, വൺപ്ലസ് 13ടി ആഗോളതലത്തിൽ പുറത്തിറങ്ങുമോ അതോ ചൈനീസ് വിപണിയിൽ മാത്രമായി തുടരുമോ എന്നതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വൺപ്ലസ് പങ്കിടുന്നതുവരെ നമുക്ക് കാത്തിരിക്കേണ്ടിവരും.

മുൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈനിലുള്ള നിരവധി സ്മാർട്ട്‌ഫോണുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് വൺപ്ലസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് വരാനിരിക്കുന്ന വൺപ്ലസ് 13 ടിയുടെ ക്യാമറ മൊഡ്യൂളിലും ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം വൺപ്ലസ് പുതിയ ഡിസൈൻ ഭാഷ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതായത് മിനിമലിസ്റ്റിക് ഡിസൈൻ, വൃത്താകൃതിയിലുള്ള കോണുകൾ, ലംബമായി വിന്യസിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവ വരാൻ പോകുന്ന വൺപ്ലസ് 13 ടിയിൽ ഉണ്ട് എന്ന് ലീക്ക് റിപ്പോർട്ടുകളുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്താക്കിയാകും വൺപ്ലസ് 13 ടി എത്തുക എന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ചിപ്‌സെറ്റ് ഉള്ള വില കുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്ഫോണായിരിക്കും ഇത് എന്നും വിലയിരുത്തലുകളുണ്ട്. നിലവിൽ ഈ പ്രീമിയം ചിപ്സെറ്റുള്ള ഏറ്റവും വില കുറഞ്ഞ മോഡൽ ഐക്യൂ 13 ആണ്. സുരക്ഷയ്ക്കായി ഷോർട്ട്-ഫോക്കസ് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും പ്രതീക്ഷിക്കാം. കൂടാതെ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും വൺപ്ലസ് 13 മിനിയിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഐഫോണുമായുള്ള മറ്റൊരു സാമ്യതയായി ഒരു ആക്ഷൻ ബട്ടണിന്റെ സാന്നിധ്യവും ഈ ഫോണിൽ ആരോപിക്കപ്പെടുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 15 ൽ ആയിരിക്കും വൺപ്ലസ് 13 ടിയുടെ പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറയും 2x സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉണ്ടായിരിക്കുമെന്ന് കരുതപ്പെടുന്നു.
'മിനി' ബ്രാൻഡിങ്ങിൽ എത്തുമെങ്കിലും 80W ഫാസ്റ്റ് ചാർജിംഗുള്ള 6,200mAh ബാറ്ററിയുമായി വൺപ്ലസ് 13 ടി ഉപയോക്താക്കളെ അമ്പരപ്പിക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്.


Click it and Unblock the Notifications








