സേവ് ദ ഡേറ്റ്! വൺപ്ലസ് 15 5G ലോഞ്ച് നവംബർ 13ന്; വരുന്നത് ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോൺ
ചൈനീസ് ലോഞ്ചിന് പിന്നാലെ തന്നെ വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 15 5ജിയുടെ ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചു. നവംബർ 13ന് വൈകുന്നേരം 7 മണിക്ക് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചു. കൂടാതെ അന്ന് രാത്രി 8 മണിക്ക് തന്നെ ആമസോണിലും വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റിലും ഫോണിന്റെ വിൽപ്പന ആരംഭിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നിലവിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ പ്രോസസർ എന്ന് വിലയിരുത്തപ്പെടുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്ന നേട്ടം വൺപ്ലസ് 15 സ്വന്തമാക്കിയേക്കും.
എതിരാളിയെക്കാൾ മുന്നേ ഇന്ത്യയിൽ
മുൻവർഷങ്ങളിൽ ഐക്യൂ ആയിരുന്നു ഇന്ത്യയിൽ വൺപ്ലസിന്റെ പ്രധാന എതിരാളി, ഇത്തവണ ഐക്യൂവിന്റെ പ്രീമിയം മോഡലായ ഐക്യൂ 15 എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യൻ വിപണിയിലെത്തി ആധിപത്യം നേടാൻ വൺപ്ലസ് തന്ത്രപരമായി നീങ്ങിയിരിക്കുന്നു എന്ന് വിലയിരുത്താം. നവംബർ 26ന് ആണ് ഐക്യൂ 15 5ജിയുടെ ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

വൺപ്ലസ് 15 ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. മുൻ മോഡലായ വൺപ്ലസ് 13 5ജിയെ അപേക്ഷിച്ച് പ്രോസസർ മാത്രമല്ല, ഒട്ടേറെ മറ്റ് നവീകരണങ്ങളും പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പകൽ സമയത്തും രാത്രിയിലും മെച്ചപ്പെട്ട വ്യക്തത നൽകുമെന്ന് അവകാശപ്പെടുന്ന പുതിയ DetailMax എഞ്ചിൻ വൺപ്ലസ് 15 5ജിയുടെ ഫോട്ടോഗ്രാഫി കഴിവുകളെ അടുത്ത തലത്തിലേക്ക് ഉയർത്തും എന്നാണ് പറയപ്പെടുന്നത്.
വൺപ്ലസ് 15 5ജിയിലെ ഡീറ്റെയിൽമാക്സ് എഞ്ചിന്റെ പ്രത്യേകതകൾ
അൾട്രാ-ക്ലിയർ 26MP മോഡ്: മൾട്ടി-ഫ്രെയിം 12MP ഷോട്ടുകളിൽ നിന്നുള്ള ഡാറ്റ ഒരൊറ്റ 50MP ഹൈ-റെസല്യൂഷൻ ഫ്രെയിമുമായി ഈ മോഡ് സംയോജിപ്പിക്കുന്നു. തത്ഫലമായുണ്ടാകുന്ന 26MP ഫോട്ടോ മെച്ചപ്പെട്ട വ്യക്തത വാഗ്ദാനം ചെയ്യുന്നു. ക്ലിയർ ബർസ്റ്റ്: മുൻ മോഡലായ വൺപ്ലസ് 13യെ അപേക്ഷിച്ച്, സെക്കൻഡിൽ 10 ഫ്രെയിമുകളിൽ ഷൂട്ട് ചെയ്തുകൊണ്ട് ഈ ഫീച്ചർ മെച്ചപ്പെടുത്തുന്നു, ഇത് ഡ്യുവൽ-എക്‌സ്‌പോഷർ ആന്റി-ബ്ലർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ക്ലിയർ നൈറ്റ് എഞ്ചിൻ: ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക്, എക്‌സ്‌പോഷറുകൾക്കിടയിലുള്ള സമയ വിടവുകൾ ഇല്ലാതാക്കാൻ ഈ എഞ്ചിൻ ഡ്യുവൽ അനലോഗ് ഗെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതിന്റെ ഫലമായി കൂടുതൽ നാച്ചുറലായുള്ള നൈറ്റ് ഫോട്ടോകൾ ലഭിക്കുന്നു. ഏറ്റവും പുതിയ ഓക്‌സിജൻ ഒഎസ് 16 ഔട്ട് ഓഫ് ദി ബോക്സുമായി ആണ് വൺപ്ലസ് 15 5ജി എത്തുക.
BOE യിൽ നിന്നുള്ള 165Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് LTPO AMOLED സ്‌ക്രീൻ ആണ് വൺപ്ലസ് 15 5ജിയിൽ ഉള്ളത്. ഇത് മുൻ മോഡലായ വൺപ്ലസ് 13 ന്റെ 120Hz സ്‌ക്രീനിനേക്കാൾ ശ്രദ്ധേയമായി സുഗമമായ ആനിമേഷനുകളും സ്‌ക്രോളിംഗും നൽകും. എന്നാൽ വൺപ്ലസ് 13 ൽ നിന്നുള്ള 2K സ്‌ക്രീൻ വൺപ്ലസ് 15 5ജിയിലേക്ക് എത്തുമ്പോൾ 1.5K ആയി കുറച്ചിട്ടുണ്ട്. ഈ മാറ്റം ഗുണകരമാകുമോയെന്ന് ഫോൺ ഉപയോഗിച്ച ശേഷമേ പറയാനാകൂ.
7,300 mAh ബാറ്ററിയുമായിട്ടാണ് വൺപ്ലസ് 15 5ജി വരുന്നത്. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് വലിയ മാറ്റമാണ്. വൺപ്ലസ് 13 5ജിയിൽ 5,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. 120W വയർഡ്, 50W വയർലെസ് ചാർജിംഗുമായി ചേർന്നുകൊണ്ട് അതിവേഗത്തിലുള്ള ബാറ്റിറ ചാർജിങ്ങും വൺപ്ലസ് 15 വാഗ്ദാനം ചെയ്യും.

ട്രിപ്പിൾ 50MP ക്യാമറ സജ്ജീകരണവുമായാണ് വൺപ്ലസ് 15 5ജി എത്തുക. അതിൽ 3.5x ഒപ്റ്റിക്കൽ സൂമുള്ള ഒരു അധിക ടെലിഫോട്ടോ ലെൻസ് കൂടി നൽകുന്നു. DetailMax എഞ്ചിൻ ബലത്തിൽ മികച്ച ക്യാമറ ശേഷി ഈ ഫോൺ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും IP66/68/69/69K റേറ്റിംഗും ഈ ഫോണിലുണ്ട്.
മുൻ മോഡലിനെ അപേക്ഷിച്ച് വൻ നവീകരണങ്ങളുമായി എത്തുന്ന വൺപ്ലസ് 15 5ജിയുടെ ഇന്ത്യയിലെ പ്രധാന എതിരാളി തുടക്കത്തിൽ പറഞ്ഞതുപോലെ ഐക്യൂ 15 5ജി ആയിരിക്കും. ഇരുകമ്പനികളുടെയും മത്സരത്തിൽ വില ഒരു പ്രധാന ഘടകമാകും. വൺപ്ലസ് 15 5ജിയുടെ 12ജിബി + 256ജിബി മോഡൽ ഏകദേശം 60,000+ രൂപ വിലയിൽ എത്തിയേക്കാം.


Click it and Unblock the Notifications








