വൺപ്ലസ് 15 ലോകത്തെ കാണിച്ച് ഇന്ത്യയിലെ CEO; 165Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ്...
ഇന്ത്യയിലെയും ലോകത്തെ മറ്റ് വിപണികളിലെയും സ്മാർട്ട്ഫോൺ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നായ വൺപ്ലസ് 15 (OnePlus 15) ആദ്യമായി പൊതുവിടത്തിൽ പ്രദർശിപ്പിച്ച് വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിലാണ് ഈ ഫോൺ അവതരിപ്പിക്കുക എന്ന് ഇതിനകം തന്നെ കമ്പനി സ്ഥിരീകരിച്ചിരുന്നു. പ്രമുഖ ബ്രാൻഡുകളെല്ലാം ഈ പ്രീമിയം ചിപ്സെറ്റ് കരുത്തിൽ തങ്ങളുടെ പുതിയ പ്രീമിയം മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ തങ്ങളുടെ ജിടി 8 പ്രോ ആയിരിക്കും എന്ന് റിയൽമി അറിയിച്ചിട്ടുണ്ട്.
റിയൽമി മാത്രമല്ല, മറ്റ് ബ്രാൻഡുകളും പുതിയ കരുത്തൻ ചിപ്സെറ്റിന്റെ പിന്തുണയുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ തയാറെടുത്തുകഴിഞ്ഞു. ഷവോമി 17 സീരീസ്, ഹോണർ മാജിക് 8 സീരീസ്, ഐക്യൂ 15, ഉൾപ്പെടെയുള്ളവ ഈ ചിപ്സെറ്റ് കരുത്തിൽ എത്തും. ഈ നിരയിലേക്കാണ് വൺപ്ലസ് 15 5ജിയും എത്താൻ പോകുന്നത്. ഒക്ടോബറിൽ വൺപ്ലസ് 15 ഔദ്യോഗികമായി ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും.

ഇന്ന് (26-09) ഇന്ത്യയിൽ നടന്ന സ്നാപ്ഡ്രാഗൺ സമ്മിറ്റ് ഗ്ലോബൽ ഹൈലൈറ്റ്സ് മീറ്റിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്താക്കി തങ്ങൾ അവതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് 15 മോഡൽ വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു വേദിയിലെത്തി പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഈ ഫോൺ 'ഔദ്യോഗികമായി' പൊതുവിടത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
വൺപ്ലസ് 13s മോഡലിന്റേതിന് സമാനമായ ഒരു ബാക്ക് പാനൽ വൺപ്ലസ് 15 ഹാൻഡ്‌സെറ്റിലുണ്ട്, മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ഒരു ഡെക്കോ ഉണ്ട്. അതായത് മുൻ മോഡലുകളിൽ കണ്ടിരുന്ന വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ വൺപ്ലസ് മാറ്റിയിരിക്കുന്നു. പുറം മോഡിക്കപ്പുറം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് തന്നെയാണ് വൺപ്ലസ് 15യുടെ മുഖ്യ ആകർഷണം.

ടിഎസ്എംസിയുടെ 3nm (N3P) പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച ക്വാൽകോമിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മൊബൈൽ ചിപ്‌സെറ്റാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5. ഇതിന് 64-ബിറ്റ് ആർക്കിടെക്ചർ ഉണ്ട്, പെർഫോമൻസിന്റെ കാര്യത്തിൽ മുൻ ജനറേഷനെക്കാൾ 23 ശതമാനം വരെ നവീകരണവും 20 ശതമാനം മികച്ച കാര്യക്ഷമതയും ഈ പുതിയ ചിപ്സെറ്റ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.
വൺപ്ലസ് 15 5ജിയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മറ്റൊരു ശ്രദ്ധേയമായ കാര്യം, ഈ ഫോൺ 165Hz അൾട്രാ-ഹൈ ഫ്രെയിം റേറ്റ് ഗെയിമിംഗ് ഇക്കോസിസ്റ്റം സഹിതം എത്തും എന്നതാണ്. നിലവിലെ സ്മാർട്ട്ഫോണുകളിലധികവും 120Hz റിഫ്രഷ് റേറ്റാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അതിൽ നിന്ന് ഒരു വലിയ മാറ്റം കൊണ്ടുവരാൻ പുതിയ 165Hz റിഫ്രഷ് റേറ്റിലൂടെ വൺപ്ലസ് 15യ്ക്ക് സാധിക്കും എന്ന് കരുതപ്പെടുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ൽ ആണ് വൺപ്ലസ് 15 എത്തുക. ഇന്ത്യയിലും വൺപ്ലസ് 15 ലോഞ്ച് ചെയ്യുമെന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്യപ്പെടുന്നതിന് പിന്നാലെ നവംബറിലോ ഡിസംബറിലോ വൺപ്ലസ് 15യുടെ ഇന്ത്യയിലെ ലോഞ്ച് നടന്നേക്കാം എന്നാണ് റിപ്പോർട്ട്.

മുൻ മോഡലായ വൺപ്ലസ് 13 ലോഞ്ച് ചെയ്ത സമയക്രമത്തെക്കാൾ നേരത്തെ വൺപ്ലസ് 15 ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് ചില റിപ്പോർട്ടുകളുണ്ട്. വൺപ്ലസ് 15 മോഡലിൽ വൺപ്ലസ് തങ്ങളുടെ പുതിയ ഡീറ്റെയിൽമാക്സ് ഇമേജ് എഞ്ചിൻ അവതരിപ്പിക്കും എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വരാൻ പോകുന്ന ഈ പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ അറിയാം.


Click it and Unblock the Notifications








