നാളെ ലോഞ്ച് ചെയ്യാനിരിക്കെ, വൺപ്ലസ് 15 ഇന്ത്യൻ വില റിലയൻസ് ഡിജിറ്റൽ വഴി ലീക്കായി; സസ്പെൻസ് പൊളിഞ്ഞു
ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൺപ്ലസ് 15 (OnePlus 15) 5ജിയുടെ വില ലീക്കായി. റിലയൻസ് ഡിജിറ്റൽ വഴിയാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്ന് ബീബോം കണ്ടെത്തിയിരിക്കുന്നു. ഇതിനകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്ത ഈ ഏറ്റവും പുതിയ പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഏവർക്കും അറിയാൻ ആകാംക്ഷയുണ്ടായിരുന്നത് ഒരുകാര്യം മാത്രമായിരുന്നു, എന്താണ് വൺപ്ലസ് 15യുടെ ഇന്ത്യയിലെ വില? എന്നതായിന്നു അത്. ആ സസ്പെൻസ് ഇപ്പോൾ ലോഞ്ചിന് മണിക്കൂറുകൾക്ക് മുൻപ് പൊളിഞ്ഞിരിക്കുന്നു എന്ന് പറയാം.
റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റിൽ വൺപ്ലസ് 15 5ജിയുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 72,999 രൂപയ്ക്കും 16GB + 512GB വേരിയന്റ് 79,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു എന്ന് ബീബോം കണ്ടെത്തി. അബദ്ധം ശ്രദ്ധയിൽപ്പെട്ടതോടെ പിന്നീട് റിലയൻസ് വെബ്‌സൈറ്റിൽ നിന്ന് ഇവ നീക്കം ചെയ്തെങ്കിലും വൺപ്ലസ് 15 റിലയൻസ് ഡിജിറ്റൽ എന്ന് സേർച്ച് ചെയ്യുമ്പോൾ വിലയുൾപ്പെടെ റിസൾട്ട് കാണാനാകും.

വില അടക്കമുള്ള വിവരങ്ങൾ നീക്കം ചെയ്തെങ്കിലും റിലയൻസിൽ നിന്ന് ചോർന്നിരിക്കുന്നത് വൺപ്ലസ് 15 5ജിയുടെ യഥാർഥ വിലയാണോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ല. കാരണം, നാളെ നടക്കുന്ന ലോഞ്ച് ഇവന്റിന്റെ ഒടുവിൽ മാത്രമേ കമ്പനി വില ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഇപ്പോൾ പുറത്തുവന്ന വില സത്യമാണങ്കിൽ പുതിയ മോഡൽ മുൻ മോഡലിനെക്കാൾ കൂടിയ വിലയിലാണ് എത്തുന്നത്.
കഴിഞ്ഞ വർഷം വൺപ്ലസ് 13 5ജി 69999 രൂപ പ്രാംരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ റിലയൻസ് ഡിജിറ്റൽ വഴി ലീക്കായ വില സത്യമാണെങ്കിൽ മുൻ മോഡലിനെക്കാൾ 3000 രൂപ വില വർധന പുതിയ വൺപ്ലസ് 15 5ജിക്ക് ഉണ്ട്. എങ്കിലും ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടും മറ്റും നൽകിക്കൊണ്ട് വിലവർധനയുടെ ഭാരം കുറയ്ക്കാൻ കമ്പനി തയാറായേക്കും.

വൺപ്ലസ് മാത്രമല്ല, പ്രധാന എതിരാളിയായ ഐക്യൂ 15 5ജിയും ഇത്തവണ മുൻ മോഡലിനെക്കാൾ കൂടിയ വിലയിലാകും അവതരിപ്പിക്കപ്പെടുക എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നവംബർ 26ന് ആണ് ഐക്യൂ 15 ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. വൺപ്ലസ് 15 5ജിയും ഐക്യൂ 15 5ജിയും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് എത്തുക.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ എന്ന നേട്ടം വൺപ്ലസ് 15 നാളത്തെ ലോഞ്ചിലൂടെ സ്വന്തമാക്കും. ഇതിനകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആയതിനാൽ വൺപ്ലസ് 15 5ജിയുടെ ഫീച്ചറുകൾ ഏറെക്കുറെ വ്യക്തമാണ്. ചൈനീസ് വേരിയന്റിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകില്ല എന്ന് കരുതപ്പെടുന്നു.
ആകെ അറിയാൻ ബാക്കിയുണ്ടായിരുന്നത് വിലയായിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇപ്പോൾ വിലയുടെ കാര്യത്തിലും ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. ട്രിപ്പിൾ- ചിപ്പ് ആർക്കിടെക്ചർ, അൾട്രാ-സ്മൂത്ത് 1.5K 165 Hz ഡിസ്പ്ലേ എന്നിവ അടക്കമുള്ള ഫീച്ചറുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 15 മോഡലിലുണ്ടെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു.

120W SUPERVOOC വയർഡ് ചാർജിങ്, 50W AIRVOOC വയർലെസ് ചാർജിജ് പിന്തുണയോടെ 7300mAh സിലിക്കൺ നാനോസ്റ്റാക്ക് ബാറ്ററി ഇതിലുണ്ടാകും. ഓക്സിജൻ ഒഎസ് 16 ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുന്ന വിപണിയിലെ ആദ്യത്തെ ഫോണായിരിക്കും ഇത്. വിശദ ഫീച്ചറുകൾ നാളെ വൈകുന്നേരം നടക്കുന്ന ലോഞ്ചിന് ശേഷം പരിചയപ്പെടാം.


Click it and Unblock the Notifications








