32MP ഫ്രണ്ട് ക്യാമറ, ഇമേജ് ക്ലാരിറ്റി കൂട്ടാൻ ഓട്ടോഫോക്കസ്, 4K വീഡിയോ പിന്തുണ; വൺപ്ലസ് 15R- ലെ പുതിയ ഫീച്ചറുകൾ
വൺപ്ലസ് 15R (OnePlus 15R) മോഡൽ ലോഞ്ചിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ വരാൻ പോകുന്ന ഫോണിലെ ഫീച്ചറുകൾ ഇന്ത്യയെ പരിചയപ്പെടുത്തുന്നത് വൺപ്ലസ് തുടർന്നുകൊണ്ടിരിക്കുന്നു. വൺപ്ലസ് 15R ചിപ്സെറ്റ്, ബാറ്ററി തുടങ്ങിയ പ്രധാന ഫീച്ചറുകൾ ഇതിനകം തന്നെ വെളിപ്പെടുത്തിയ കമ്പനി ഇപ്പോൾ ഏറ്റവും പുതിയതായി ഇതിലെ ഫ്രണ്ട് ക്യാമറയുടെ ഫീച്ചറുകളും വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുൻഗാമിയായ വൺപ്ലസ് 13R മോഡലിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടി ഫ്രണ്ട് ക്യാമറ മികവ് പുതിയ വൺപ്ലസ് 15R അവതരിപ്പിക്കുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്.
ഡിസംബർ 17ന് ആണ് വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഇപ്പോൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് 32MP ഫ്രണ്ട് ക്യാമറ പുതിയ മോഡലിൽ ഉണ്ടാകും എന്നാണ്, വൺപ്ലസ് 13R മോഡലിൽ 16MP ഫ്രണ്ട് ക്യാമറയാണ് ഉണ്ടായിരുന്നത്. അതായത് മുൻ മോഡലിന്റെ ഇരട്ടി കരുത്ത് ഇത്തവണ ഫ്രണ്ട് ക്യാമറയ്ക്ക് ഉണ്ട്.

മെഗാപിക്സൽ ഇരട്ടിയായി എന്നുമാത്രമല്ല, വൺപ്ലസ് 15R ലെ ഫ്രണ്ട് ക്യാമറ കൂടുതൽ ശക്തമാക്കാനായുള്ള വേറെയും അപ്ഗ്രേഡുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇമേജ് ക്ലാരിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഓട്ടോഫോക്കസ് ഫീച്ചർ പിന്തുണ ഇത്തവണ ഈ ആർ മോഡലിലെ ഫ്രണ്ട് ക്യാമറയ്ക്ക് ഉണ്ട്. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയാണ് ഫ്രണ്ട് ക്യാമറയുടെ മറ്റൊരു നേട്ടം.
വൺപ്ലസ് 13R മോഡലിന്റെ 1080p വീഡിയോ റെക്കോഡിങ് എന്ന പരിമിതിയിൽ നിന്ന് അപ്‌ഗ്രേഡുചെയ്‌ത്, പുതിയ വൺപ്ലസ് 15R ഫ്രണ്ട് ക്യാമറ സെക്കൻഡിൽ 30 ഫ്രെയിംസിൽ (fps) 4K വീഡിയോ റെക്കോർഡിങ്ങിനെ പിന്തുണയ്ക്കും. ചുരുക്കത്തിൽ സെൽഫി പ്രേമികൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന വിധത്തിലാണ് പുതിയ വൺപ്ലസ് 15R ഫ്രണ്ട് ക്യാമറ എത്തുന്നത് എന്ന് ഈ സ്ഥിരീകരണങ്ങൾ വ്യക്തമാക്കുന്നു.

റിയർ ക്യാമറകളുടെ കാര്യമെടുത്താൽ, തങ്ങളുടെ പ്രീമിയം മോഡലായ വൺപ്ലസ് 15-യിൽ അവതരിപ്പിച്ച "DetailMax എഞ്ചിൻ" വരാൻ പോകുന്ന 15R മോഡലിലും ഉണ്ട് എന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അൾട്ര ക്ലിയർ മോഡ്, ക്ലിയർ ബേസ്റ്റ്, ക്ലിയർ നൈറ്റ് എൻജിൻ എന്നിവയുൾപ്പെടെ പ്രത്യേക കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതം കൊണ്ടുവരുന്നു.
വൺപ്ലസ് 15R മെയിൻ ക്യാമറ 120 fps-ൽ 4K വീഡിയോ റെക്കോർഡിംഗും പിന്തുണയ്ക്കും. "അൾട്ടിമേറ്റ് വാല്യൂ ഫ്ലാഗ്ഷിപ്പ്" എന്നാണ് വൺപ്ലസ് വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കുന്നത്. 7,400 mAh ബാറ്ററി ആണ് വൺപ്ലസ് 15r മോഡലിൽ ഉള്ളത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
165Hz 1.5K AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 15Rൽ ഉണ്ടാകുക. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ വൺപ്ലസ് ഫോൺ എത്തുക എന്നതും ഇതിനകം സ്ഥിരീകരിച്ച കാര്യമാണ്. ഇന്ത്യയിൽ ഈ ചിപ്സെറ്റ് ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 15R എന്നതാണ് മറ്റൊരു പ്രത്യേകത.

പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിങ് വൺപ്ലസ് 15Rൽ ഉണ്ട്. വൺപ്ലസ് 15R മോഡലിന് ഒപ്പം വൺപ്ലസ് 15R എയ്സ് എഡിഷൻ ലോഞ്ച് ചെയ്യുന്ന വിവരവും കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് 15R മോഡൽ ചാർക്കോൾ ബ്ലാക്ക്, മിന്റ് ഗ്രീൻ എന്നീ കളറുകളിലാണ് എത്തുക. വൺപ്ലസ് 15Rന്റെ മൂന്നാമത്തെ കളർ ഓപ്ഷനായ "ഇലക്ട്രിക് വയലറ്റ്'' മോഡലാണ് വൺപ്ലസ് 15R എയ്സ് എഡിഷൻ എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








