വൺപ്ലസ് 15R വെറുമൊരു ഫോണല്ല, അൾട്ടിമേറ്റ് വാല്യൂ ഫ്ലാഗ്ഷിപ്പ്'! 7400mAh ബാറ്ററി സ്ഥിരീകരിച്ചു
വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു കരുത്തൻ സ്മാർട്ട്ഫോൺ ഈ മാസം 17ന് എത്താൻ പോവുകയാണ്. വൺപ്ലസ് 15 സീരീസിൽ ഉൾപ്പെടുത്താവുന്ന വൺപ്ലസ് 15r (OnePlus 15R) മോഡൽ ആണ് അത്. ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് എയ്സ് 6T മോഡൽ ആണ് ഇന്ത്യ അടക്കമുള്ള വിപണികളിൽ വൺപ്ലസ് 15R മോഡലായി എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ ബാറ്ററി ശേഷി ഉൾപ്പെടെ ചില ഫീച്ചറുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ടാകും. അതിനാൽത്തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 15R മോഡലിന്റെ ഫീച്ചറുകൾ ഇപ്പോൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.
വൺപ്ലസിന്റെ ഒരു സാധാരണ സ്മാർട്ട്ഫോൺ ആയല്ല വൺപ്ലസ് 15R എത്തുന്നത്, അത് അവരുടെ പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയുടെ ഒരു ബജറ്റ് ഓപ്ഷൻ എന്ന നിലയിലാണ് എത്തുക. അതായത് വൺപ്ലസ് 15 മോഡലിനോട് ചേർന്ന് നിൽക്കുന്നതും എന്നാൽ പ്രീമിയം മോഡലിനെക്കാൾ അൽപ്പം വില കുറഞ്ഞതുമായ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 15R.

"അൾട്ടിമേറ്റ് വാല്യൂ ഫ്ലാഗ്ഷിപ്പ്" എന്നാണ് വൺപ്ലസ് വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് 15R ന്റെ ഫീച്ചറുകൾ ചിലത് കമ്പനി വെളിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതിൽ ആദ്യം സ്ഥിരീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചർ ബാറ്ററിയാണ്. 7,400 mAh ബാറ്ററി ആണ് വൺപ്ലസ് 15r മോഡലിൽ ഉള്ളത്.
ഇന്ത്യയിൽ വൺപ്ലസ് ഫോണുകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവുമധികം ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണായി വൺപ്ലസ് 15R മാറുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു. ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് എയ്സ് 6T മോഡലിൽ 100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 8300mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്, ഇതിൽ നിന്ന് വ്യത്യസ്തമായ ബാറ്ററി ശേഷിയാണ് ഇന്ത്യൻ മോഡലിൽ വൺപ്ലസ് നൽകിയിരിക്കുന്നത്.

ഉപയോക്താക്കളുടെ ദീർഘനേരത്തെ സ്മാർട്ട്ഫോൺ ഉപയോഗം കണക്കിലെടുത്താണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു, വൺപ്ലസിന്റെ 80W SUPERVOOC ഫാസ്റ്റ് ചാർജിങ് ടെക്നോളജി പിന്തുണയോടെയാണ് വൺപ്ലസ് 15R എത്തുക. നാല് വർഷത്തെ പ്രവർത്തനത്തിന് ശേഷവും ഇതിലെ ബാറ്ററി കുറഞ്ഞത് 80% ശേഷി നിലനിർത്തുമെന്ന് കമ്പനി പറയുന്നു. സിലിക്കൺ നാനോസ്റ്റാക്ക് ടെക്നോളജി ഉപയോഗിച്ചാണ് ഈ ബാറ്ററി നിർമിച്ചിരിക്കുന്നത്.
ഇതിനകം സ്ഥിരീകരിക്കപ്പെട്ട മറ്റൊരു കാര്യം വൺപ്ലസ് 15R-ന് സെക്കൻഡിൽ 120 ഫ്രെയിമുകളിൽ (fps) 4K റെസല്യൂഷൻ വീഡിയോ റെക്കോർഡുചെയ്യാൻ കഴിയും എന്നതാണ്. ഈ ഫീച്ചർ ഇതിനകം വൺപ്ലസ് 15 ഫ്ലാഗ്ഷിപ്പ് മോഡലിൽ മാത്രം ലഭ്യമായിരുന്നതാണ്. 165Hz 1.5K AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 15Rൽ ഉണ്ടാകുക.
വൺപ്ലസ് 15R ഡിസ്‌പ്ലേയ്ക്ക് TÜV റൈൻലാൻഡ് ഇന്റലിജന്റ് ഐ കെയർ 5.0 സർട്ടിഫിക്കേഷനും ലഭിച്ചതായി റിപ്പോർട്ടുണ്ട്. വൺപ്ലസിന്റെ പ്രൊപ്രൈറ്ററി AI സാങ്കേതികവിദ്യയായ പ്ലസ് മൈൻഡിനെയും ഈ സ്മാർട്ട്‌ഫോൺ പിന്തുണയ്ക്കും. വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിൽ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിങ് ഉള്ളതായും വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് വൺപ്ലസ് 15R മോഡലിന് കരുത്ത് പകരുക. ഈ പുത്തൻ ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്ന് കൂടിയാണ് ഇത്. ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് എയ്സ് 6T മോഡൽ ഈ ചിപ്സെറ്റ് കരുത്തിൽ ആണ് എത്തിയത്, അതുതന്നെ ഈ വൺപ്ലസ് 15Rനും കിട്ടും.
വൺപ്ലസ് 15R മോഡലിലെ മറ്റ് ഫീച്ചറുകൾ കമ്പനി വരുംദിവസങ്ങളിൽ സ്ഥിരീകരിക്കും. ഡിസംബർ 17 ന് ഇന്ത്യയിലെ ബെംഗളൂരുവിൽ വച്ചാണ് വൺപ്ലസ് 15R ഇന്ത്യൻ ലോഞ്ച് നടക്കുക. ഈ ഇവന്റിൽ വൺപ്ലസ് പാഡ് ഗോ 2 ടാബും ഇന്ത്യയിൽ അവതരിപ്പിക്കും. തുടർന്ന് വൺപ്ലസ് ഇന്ത്യ സ്റ്റോറിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ആമസോണിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications








