വേണേൽ ഫെബ്രുവരി 28ന് മുമ്പ് വാങ്ങിക്കോ! മാർച്ച് 1 മുതൽ വൺപ്ലസ് 15R ന് 4000 രൂപ വില കൂടിയേക്കും
ഇന്ത്യയിലെ വൺപ്ലസ് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു. വൺപ്ലസ് പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയുടെ അൽപ്പം വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട വൺപ്ലസ് 15R (OnePlus 15R ) 5ജിക്ക് വില കൂടാൻ പോകുന്നു. രണ്ട് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 ഡിസംബറിലാണ് വൺപ്ലസ് 15R ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇതിന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമായിരുന്നു വില.
മാർച്ച് 1 മുതൽ വൺപ്ലസ് 15R 5ജിക്ക് വില കൂടും എന്ന് ടിപ്‌സ്റ്റർ അഭിഷേക് യാദവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. നിലവിലുള്ള വിലയിൽ നിന്ന് ഏകദേശം 4000 രൂപയുടെ വർധനയാണ് ഉണ്ടാകുകയെന്നും മാർച്ച് 1 മുതൽ 12GB + 256GB വേരിയന്റിന് 51,999 രൂപയും 12GB + 512GB വേരിയന്റിന് 56,999 രൂപയും ആയിരിക്കും പുതിയ വിലയെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നു.

വിശ്വസനീയമായ പെർഫോമൻസ്, മികച്ച ബാറ്ററി ശേഷി, ഊർജ്ജസ്വലമായ ഡിസ്‌പ്ലേ എന്നിവ സഹിതം 50000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ശക്തനായ സ്മാർട്ട്ഫോൺ ഓപ്ഷനായിരുന്നു വൺപ്ലസ് 15R. എന്നാൽ പുതിയ വില നടപ്പിലായാൽ അത് വിപണിയിൽ ഈ മോഡലിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഐക്യൂ 15R ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ.
കഴിഞ്ഞ ദിവസമാണ് ഐക്യൂ 15R ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഐക്യൂ 15R 5ജിയുടെ 8GB + 256GB മോഡലിന് 44,999 രൂപയും, 12GB + 256GB മോഡലിന് 47,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB മോഡലിന് 52,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 4000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമായതിനാൽ യഥാക്രമം 40999 രൂപ, 43999 രൂപ, 48999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

നിലവിൽ ഐക്യൂ 15R പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്, മാർച്ച് 3 മുതലാണ് ഇത് വിൽപ്പനയ്ക്ക് എത്തുക. വൺപ്ലസ് 15R 5ജിയുടെ പ്രധാന എതിരാളിയാണ് ഐക്യൂ 15R. ഈ സാഹചര്യത്തിൽ വൺപ്ലസ് 15R ന് വില കൂടിയാൽ അത് ഐക്യൂ 15Rന് കാര്യങ്ങൾ കൂടുതൽ ഈസിയാക്കും.
അതേസമയം വൺപ്ലസ് 15R വില ഉയർത്തുന്നത് സംബന്ധിച്ച് ഇതുവരെ വൺപ്ലസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നുംതന്നെ വന്നിട്ടില്ല. വൺപ്ലസ് വില ഉയർത്തിയാൽ, അത് ഐക്യൂ 15Rന് കാര്യങ്ങൾ കൂടുതൽ ഈസിയാക്കുകയും വൺപ്ലസിന് തന്നെ തിരിച്ചടിയാകുകയും ചെയ്യും. ഐക്യൂ കുറഞ്ഞ വിലയിൽ എത്തിയതിനാൽ നിലവിലെ മത്സരാന്തരീക്ഷത്തിൽ വൺപ്ലസും വില കുറയ്ക്കുന്നതിനായിരുന്നു കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റാണ് വൺപ്ലസ് 15R 5ജിയുടെ കരുത്ത്. പുതിയ ഐക്യൂ 15R 5ജിയും ഇതേ ചിപ്സെറ്റ് കരുത്തിൽ തന്നെയാണ് വന്നിരിക്കുന്നത്. 100W ഫാസ്റ്റ് ചാർജിങ്, 7600 mAh ബാറ്ററി എന്നിവയുള്ള ഐക്യൂ 15R 5ജി വൺപ്ലസിന്റെ 15R 5ജിയെക്കാൾ മുൻതൂക്കം നേടുന്നുമുണ്ട്.

നിലവിൽ പല സ്മാർട്ട്ഫോണുകളും തങ്ങളുടെ വിവിധ മോഡലുകളുടെ വില വർധിപ്പിക്കുന്നുണ്ട് എന്നത് വേറെ കാര്യം. സ്മാർട്ട്ഫോൺ നിർമാണച്ചെലവ് വർധിക്കുന്നതാണ് നിരക്ക് ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്. അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട റിയൽമി 16 പ്രോ സീരീസിന് അടക്കം ലോഞ്ചിന് ശേഷം വീണ്ടും വില വർധിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലേക്ക് വൺപ്ലസും എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ വില കൂടാൻ തന്നെയാണ് സാധ്യത.
ഇനി പുതിയ ഐക്യൂ 15R മോഡലിന്റെ വിലയും ഉയരുമോ എന്ന ആകാംക്ഷയും ഇതോടെ ഉയർന്നിട്ടുണ്ട്. വൺപ്ലസ് 15R നെക്കാൾ കുറഞ്ഞ വിലയിലെത്തി കളം പിടിക്കുക എന്നതായിരുന്നു ഐക്യൂ പുറത്തെടുത്ത തന്ത്രം എന്ന് തോന്നുന്നു, കാരണം 47999 രൂപ പ്രാരംഭ വിലയിൽ ഐക്യൂ 15R എത്തുമെന്നായിരുന്നു ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ വില വന്നപ്പോൾ ഏവരെയും ഞെട്ടിച്ച് പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിലാണ് ഐക്യൂ 15R എത്തിയത്.
വൺപ്ലസ് വില കൂട്ടിയ സാഹചര്യത്തിൽ ഐക്യൂ 15Rന് മുന്നിലും വില വർധിപ്പിക്കാനുള്ള സാഹചര്യം തുറന്നുകിടപ്പുണ്ട്, എന്തായാലും വിലകൂട്ടാനാണെങ്കിലും വിൽപ്പന ആരംഭിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞേ വില കൂടാൻ സാധ്യതയുള്ളൂ. എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാതെ വൺപ്ലസ് ആരാധകർക്ക് വേണമെങ്കിൽ മാർച്ച് 1ന് മുൻപ് വൺപ്ലസ് 15R സ്വന്തമാക്കാൻ ശ്രമിക്കാവുന്നതാണ്.


Click it and Unblock the Notifications








