ഇതാണ് ഞങ്ങൾ പറഞ്ഞ വൺപ്ലസ് 15R; ആദ്യ ടീസർ പുറത്ത്, ആമസോൺ ലഭ്യതയും ഉറപ്പിച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വൺപ്ലസ് 15 കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ടു. ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത് അടുത്തതായി വരാൻ പോകുന്ന വൺപ്ലസ് 15r (OnePlus 15R) മോഡലിലേക്ക് ആണ്. വൺപ്ലസ് 15 ലോഞ്ച് ഇവന്റിൽ തന്നെ വൺപ്ലസ് 15r ഉടൻ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് 15Rന്റെ ആദ്യ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. വൺപ്ലസിന്റെ വെബ്സൈറ്റിലും ആമസോണിലും വൺപ്ലസ് 15R മോഡലിനായുള്ള
മൈക്രോ സൈറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും വൺപ്ലസ് 15r വാങ്ങാനാകും എന്നതിനും സ്ഥിരീകരണമായിട്ടുണ്ട്. ടീസറിൽ "പവർ ഓൺ. ലിമിറ്റ്സ് ഓഫ്" എന്ന ടാഗ് ലൈനോടെയാണ് വൺപ്ലസ് 15r അവതരിപ്പിച്ചിരിക്കുന്നത്. ടീസറിൽ ബ്ലാക്ക്, ഗ്രീൻ നിറങ്ങളിലുള്ള ഫോണിന്റെ ചിത്രവും കാണാം. ഇതിൽ ഒരു മെറ്റൽ ഫ്രെയിമും ഇടതുവശത്ത് പ്ലസ് കീയും ഉണ്ട്.

ഡിസംബറിലാകും വൺപ്ലസ് 15R ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യുക എന്ന് കരുതപ്പെടുന്നു. കൃത്യമായ ലോഞ്ച് തിയതിയും ഇന്ത്യൻ വേരിയന്റിന്റെ പ്രത്യേകതകളും വരും ദിവസങ്ങളിൽ ഒന്നൊന്നായി വൺപ്ലസ് വെളിപ്പെടുത്തും. ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് എയ്സ് 6 മോഡലാണ് ആഗോള തലത്തിൽ വൺപ്ലസ് 15r മോഡലായി എത്തുക എന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായി വൺപ്ലസ് എയ്സ് 6T ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് വൺപ്ലസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതോടെ വൺപ്ലസ് 15r മോഡലിന്റെ കാര്യത്തിൽ ചെറിയ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. വൺപ്ലസ് എയ്സ് 6ന് പകരം വൺപ്ലസ് എയ്സ് 6T ആണോ വൺപ്ലസ് 15R മോഡലായി എത്തുക എന്ന സംശയമാണ് ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുള്ളത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് 15r മോഡലിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പുറത്തുവന്ന ടീസറിൽ ഡ്യുവൽ റിയർ ക്യാമറകൾ ഭാഗികമായി കാണാം. അതിനടുത്തായി ഒരു എൽഇഡി ഫ്ലാഷ് ഉണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത് വൺപ്ലസ് 15R ന്റെ മുൻഗാമിയായ വൺപ്ലസ് 13R ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തിയത് എന്നതാണ്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 16 അടിസ്ഥാനമാക്കിയാകും വൺപ്ലസ് 15r എത്തുക എന്നകാര്യം വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോസസറിന്റെ കാര്യമെടുത്താൽ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിൽ വൺപ്ലസ് 15r 5ജി എത്തുമെന്ന് കരുതുന്നു.
കാരണം, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് എയ്സ് 6 എത്തിയത്, അതേസമയം ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് എയ്സ് 6T മോഡൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് എത്തുകയെന്നാണ് സൂചന, ഈ ചിപ്സെറ്റിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയും എയ്സ് 6T സ്വന്തമാക്കുമെന്ന് കരുതപ്പെടുന്നു.
വൺപ്ലസ് എയ്സ് 6T ആണ് വൺപ്ലസ് 15r ആയി എത്തുന്നത് എങ്കിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തുള്ള ഇന്ത്യയിലെ ആദ്യ ഫോൺ എന്ന സ്ഥാനം ഒരുപക്ഷേ വൺപ്ലസ് 15r സ്വന്തമാക്കിയേക്കാം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാറായിട്ടില്ല. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, 50MP പ്രധാന ക്യാമറയും സെക്കൻഡറി ക്യാമറ, 100W/ 120W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7800mAh/ 8000mAh ബാറ്ററി എന്നിവയും വൺപ്ലസ് 15R-ൽ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








