7500mAh ബാറ്ററി കൺഫേം! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ വൺപ്ലസ് 15T വരുന്നു
വൺപ്ലസ് തങ്ങളുടെ പ്രീമിയം വൺപ്ലസ് 15 സീരീസിലേക്ക് ഒരു കരുത്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ വൺപ്ലസ് 13T 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് 15T (OnePlus 15T) എന്ന മോഡലാണ് ലോഞ്ചിന് ഒരുങ്ങുന്നത്. മുൻ രീതികൾ കണക്കിലെടുക്കുമ്പോൾ ചൈനയിൽ വൺപ്ലസ് 15Tഎന്ന പേരിലാണ് ലോഞ്ച് ചെയ്യുകയെങ്കിലും ഇന്ത്യയിൽ ഇത് വൺപ്ലസ് 15s എന്ന പേരിലാകും എത്തുക. വൺപ്ലസ് 13T കഴിഞ്ഞ വർഷം ഇന്ത്യയിൽ വൺപ്ലസ് 13s എന്ന പേരിലാണ് അവതരിപ്പിക്കപ്പെട്ടത്, ആ പതിവ് ഇത്തവണയും തുടരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ശേഷമാണ് വൺപ്ലസ് 15T ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് എത്തുക. അധികം വൈകാതെ ഇത് ചൈനയിൽ പുറത്തിറക്കും. ലോഞ്ചിന് മുന്നോടിയായി ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ ഈ ഡിവൈസ് കണ്ടെത്തിയിട്ടുണ്ട്. PLZ110 എന്ന മോഡൽ നമ്പറിലാണ് ഗീക്ക്ബെഞ്ചിൽ വൺപ്ലസ് 15T പ്രത്യക്ഷപ്പെട്ടത്.

ഗീക്ക്ബെഞ്ച് ലിസ്റ്റിങ്ങിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഫ്ലാഗ്ഷിപ്പ് സെഗ്‌മെന്റിലെ കരുത്തൻ ചിപ്‌സെറ്റായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ആണ് ഈ ഫോണിന് കരുത്ത് പകരുക. സിംഗിൾ-കോർ ടെസ്റ്റിൽ ഈ സ്മാർട്ട്‌ഫോൺ 3,440 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 10,523 പോയിന്റും നേടി.
നിലവിൽ വൺപ്ലസിന്റെ ഏറ്റവും പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിക്ക് കരുത്ത് പകരുന്നത് ഇതേ ചിപ്സെറ്റ് ആണ്. പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകളും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാണ് എത്തുന്നത്. അതിനാൽ മികച്ച പെർഫോമൻസ് തന്നെ വൺപ്ലസ് 15T 5ജിയിൽ പ്രതീക്ഷിക്കാം.
ഏകദേശം 16ജിബി റാം ഈ ഫോണിൽ ഉണ്ടായിരിക്കുമെന്നും ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ൽ ആയിരിക്കും ഈ വൺപ്ലസ് ഫോൺ പ്രവർത്തിക്കുകയെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിങ് ഡാറ്റ സൂചന നൽകുന്നുണ്ട്. വൺപ്ലസ് 15T-യിൽ 7,500mAh ബാറ്ററി ഉണ്ടായിരിക്കുമെന്ന് കൺഫേം ആയിട്ടുണ്ട്. ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണകളോടെ എത്തും.
ഒരു കോംപാക്ട് സ്മാർട്ട്ഫോൺ എന്ന നിലയിലാണ് വൺപ്ലസ് 15T എത്തുക എന്ന് ഇതിനകം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അൾട്രാ-തിൻ ബെസലുകളുള്ള 6.32 ഇഞ്ച് OLED ഡിസ്‌പ്ലേയായിരിക്കും ഉണ്ടാകുക. പ്രീമിയം ഡിസൈനും ഉയർന്ന നിലവാരമുള്ള ഫീച്ചറുകളും ഈ വൺപ്ലസ് കോംപാക്ട് ഫോൺ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഇതിൽ ഉണ്ടായേക്കും എന്നാൽ അൾട്രാ-വൈഡ് ക്യാമറ സെൻസർ ഉണ്ടാകില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയിൻ ക്യാമറയും 50MP ആയിരിക്കും. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും മാഗ്നറ്റിക് ആക്‌സസറികൾക്കുള്ള പിന്തുണയും ഈ ഫോണിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
പൊടി, ജല പ്രതിരോധത്തിനായി IP66, IP68, IP69, IP69K റേറ്റിങ്ങും വൺപ്ലസ് 15T മോഡലിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ചൈനയിൽ അധികം വൈകാതെ തന്നെ ഈ ഫോൺ പുറത്തിറങ്ങിയേക്കും. ലോഞ്ച് തിയതി ഉടൻ കമ്പനി വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ആഗോള തലത്തിൽ ഇത് വൺപ്ലസ് 13s എന്ന പേരിൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








