അവരുടെ T, നമ്മുടെ S! പേര് രണ്ടാണെങ്കിലും ഫോൺ ഒന്നുതന്നെ; വൺപ്ലസ് 15T മാർച്ച് 24ന് ലോഞ്ച് ചെയ്യും
വൺപ്ലസ് തങ്ങളുടെ 15 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. വൺപ്ലസ് 13T യുടെ പിൻഗാമിയായി പുതിയ വൺപ്ലസ് 15T (OnePlus 15T) എന്ന മോഡൽ ആണ് എത്താൻ പോകുന്നത്. മാർച്ച് 24ന് ചൈനയിൽ വൺപ്ലസ് 15T ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസിന്റെ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പായിട്ടാണ് ഈ മോഡൽ എത്തുന്നത്. ആദ്യം ലോഞ്ച് ചെയ്യുന്നത് ചൈനയിൽ ആണെങ്കിലും ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് ഇത് അധികം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയിൽ വൺപ്ലസ് 15T എന്ന പേരിൽ ലോഞ്ച് ചെയ്യുന്ന ഫോൺ, ഇന്ത്യയിൽ വൺപ്ലസ് 15s എന്ന പേരിലാണ് എത്തുക എന്നാണ് റിപ്പോർട്ട്. നേരത്തെ വൺപ്ലസ് 13T ഇന്ത്യയിൽ വൺപ്ലസ് 13s എന്ന പേരിലാണ് എത്തിയത്. ഇത്തവണയും ഇതുപോലെ പേര് മാറ്റം ഉണ്ടാകും. എന്നാൽ പേര് രണ്ടാണെങ്കിലും ഫോൺ ഒന്നുതന്നെയായിരിക്കും.

കോംപാക്ട് ഫോണുകൾക്ക് ഹാർഡ്‌വെയറിൽ വിട്ടുവീഴ്ചകൾ നടത്തേണ്ടിവരുമെന്ന സങ്കൽപ്പത്തെ വെല്ലുവിളിക്കും വിധത്തിൽ 'സ്മോൾ സ്ക്രീൻ പവർഹൗസ്' എന്ന നിലയ്ക്ക് ശക്തമായ ഫീച്ചറുകൾ വൺപ്ലസ് ഈ കോംപാക്ട് ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറിയ സൈസ് നിലനിർത്തിക്കൊണ്ട് തന്നെ ഏറ്റവും മികച്ച എക്സ്പീരിയൻസ് ഉപയോക്താവിന് ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വൺപ്ലസ് 15T യുടെ ചില ഫീച്ചറുകൾ കമ്പനി ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 165 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.32 ഇഞ്ച് OLED സ്‌ക്രീൻ ഈ ഫോണിൽ ഉണ്ട്. 1.1 എംഎം അൾട്രാ-നാരോ ബെസലുകളാണ് ഇതിനുള്ളത്. പ്യുവർ കൊക്കോ, റിലാക്സിംഗ് മാച്ച, ഹീലിംഗ് വൈറ്റ് ചോക്ലേറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് 15T എത്തുകയെന്നതും ഉറപ്പിച്ചിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് ആണ് വൺപ്ലസ് 15T മോഡലിന് കരുത്തുപകരുക. ഇത് AnTuTu-യിൽ 4.45 ദശലക്ഷം പോയിന്റുകൾ നേടി. കനത്ത വർക്ക്‌ലോഡുകളെയും ഗെയിമിംഗിനെയും പിന്തുണയ്ക്കുന്നതിനായി "വിൻഡ് ചേസർ ഗെയിമിംഗ് കോർ" എന്നും "എസ്‌പോർട്‌സ് ട്രിപ്പിൾ കോർ" എന്നും വിപണനം ചെയ്യുന്ന ഡ്യുവൽ കോർ സജ്ജീകരണം ഈ ഫോണിൽ ഉണ്ട്.
ക്യാമറയുടെ കാര്യത്തിൽ മുൻ മോഡലിനെക്കാൾ കരുത്ത് പുതിയ മോഡൽ പുറത്തെടുക്കും. വൺപ്ലസ് 15T-യിൽ 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് സജ്ജീകരിച്ചിരിക്കുന്നു. ഇത് കൂടുതൽ ഷാർപ്പായതും കൂടുതൽ ഡീറ്റെയിൽഡുമായ സൂം ഷോട്ടുകളും പോർട്രെയ്‌റ്റുകളും നൽകും. വൺപ്ലസ് 13T മോഡലിൽ ഇത്തരമൊരു ഓപ്ഷൻ ഇല്ലായിരുന്നു.
വൺപ്ലസ് 15T മോഡലിന്റെ ഒരു പ്രധാന ആകർഷണം അതിന്റെ 7500mAh ഗ്ലേസിയർ ബാറ്ററിയാണ്. സാധാരണയായി വളരെ വലിയ സ്മാർട്ട്‌ഫോണുകളിൽ ആണ് ഇത്ര വലിയ ബാറ്ററി ശേഷി കാണാറുള്ളത്. എന്നാൽ ഈ കോംപാക്ട് ഫോണിൽ വൺപ്ലസ് അത് സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. 100W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ഫ്ലാഷ് ചാർജിങ് പിന്തുണകളോടെയാണ് ഇത് എത്തുന്നത്.

''വൺപ്ലസ് 15T ഒരു ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, പ്രത്യേകിച്ച് വലിയ ഉപകരണങ്ങളെ എതിർക്കുന്നതോ മറികടക്കുന്നതോ ആയ പ്രകടനവും ബാറ്ററി ലൈഫ് മെട്രിക്സും ലക്ഷ്യമിടുന്നു'' എന്നാണ് വൺപ്ലസ് ചൈന മേധാവി ലൂയിസ് ജി ഈ ഫോണിനെപ്പറ്റി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിന്റെ വില അടക്കമുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ചിൽ വെളിപ്പെടുത്തും.


Click it and Unblock the Notifications











