യൂത്തന്മാരേ... ഇന്നത്തെ ട്രെൻഡിങ് ചർച്ചാവിഷയം ദേ ഈ മുതലാണ്! വൺപ്ലസ് എയ്സ് 3V
ഇന്റർനെറ്റിലെയും സ്മാർട്ട്ഫോൺ ആരാധകർക്കിടയിലെയും ഇപ്പോഴത്തെ ട്രെൻഡിങ് ടോപ്പിക്കായി വൺപ്ലസ് എയ്സ് 3V (OnePlus Ace 3V). വൺപ്ലസിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി വൺപ്ലസ് എയ്സ്-3വി ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യും എന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ലോഞ്ച് അടുത്തതോടെ ഇതിനെച്ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശക്തമായ മിഡ് റേഞ്ച് പ്രോസസറാണ് ഇതിൽ അവതരിപ്പിക്കപ്പെടുകയെന്നും അതിന്റെ ബലത്തിലാണ് ഇത്തരമൊരു അവകാശവാദം വൺപ്ലസ് മുന്നോട്ട് വയ്ക്കുന്നത് എന്നും പറയപ്പെടുന്നു. മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുടെ സീൻ മാറ്റുന്ന കടന്നുവരവായിരിക്കുമിത്.

നിലവിലെ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 8 Gen 3- ചിപ്സെറ്റിൻ്റെ അതേ ആർക്കിടെക്ചർ ഉപയോഗിക്കുന്ന സ്‌നാപ്ഡ്രാഗൺ 7+ Gen 3 SoC ആണ് വൺപ്ലസ് എയ്സ് 3vയിൽ ഉണ്ടാകുക എന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൺ അടുത്ത ആഴ്ച എത്തുമെന്ന് വൺപ്ലസ് വെയ്ബോയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ റിലീസ് ചെയ്യാത്ത ഒരു ചിപ്‌സെറ്റാണ് സ്‌നാപ്ഡ്രാഗൺ 7+ Gen 3. ഇത് മിക്കവാറും മാർച്ച് 18 ന് ചൈനയിൽ ക്വാൽകോമിൻ്റെ ഇവൻ്റിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രോസസ് ടെക്‌നോളജി, അൾട്രാ ലാർജ് കോർ, മെമ്മറി റീഡ് ആൻഡ് റൈറ്റ് കഴിവുകൾ എന്നിവയിലും ഈ ചിപ്സെറ്റ് സ്നാപ്ഡ്രാഗൺ 8 ജെൻ 3യെ അനുകരിക്കുന്നു.
ഏറ്റവും ശക്തമായ മിഡ് റേഞ്ച് ചിപ്സെറ്റുള്ള ഫോൺ അവതരിപ്പിച്ചുകൊണ്ട് മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുടെ നിലവാരത്തിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് വൺപ്ലസ് തയാറെടുക്കുന്നതെന്നും ഇതുവഴി മിഡ് റേഞ്ചിൽ ആധിപത്യം പുലർത്താൻ വൺപ്ലസ് ആഗ്രഹിക്കുന്നുവെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. മിഡ് റേഞ്ചിൽ ഇത്ര മികച്ച ഒരു സ്മാർട്ട്ഫോൺ വൺപ്ലസ് അവതരിപ്പിക്കുന്നു എന്നതിനാൽത്തന്നെ ഏവരുടെയും ശ്രദ്ധയിപ്പോൾ ഈ ഫോണിലാണ്.
ചൈനയിൽ വൺപ്ലസ് എയ്സ് 3വി എന്ന പേരിലാണ് ലോഞ്ച് ചെയ്യുന്നത് എങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ വൺപ്ലസ് നോർഡ് 4 (OnePlus Nord 4) എന്ന പേരിലാകും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ ഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെയാണ് വൺപ്ലസ് എയസ് 3Vയുടെ ലോഞ്ചിനെ നോക്കിക്കാണുന്നത്.
വൺപ്ലസ് ചൈന പ്രസിഡൻ്റ് ലി ജി ലൂയിസ് ഫോണിൻ്റെ മുൻ രൂപകൽപ്പന കാണിക്കുന്ന വൺപ്ലസ് എയ്‌സ് 3വിയുടെ ചിത്രം വെയ്‌ബോയിൽ ഷെയർ ചെയ്തു. ഫ്ലാറ്റ് ഡിസ്‌പ്ലേയും പഞ്ച്-ഹോൾ സെൽഫി ക്യാമറയുമായാണ് ഈ ഫോൺ എത്തുന്നത് എന്ന് ചിത്രം സൂചിപ്പിക്കുന്നു. പവർ കീയും വോളിയം ബട്ടണുകളും ഫോണിൻ്റെ വലതുവശത്താണ്.

വൺപ്ലസ് എയ്സ് 3Vയുടെ ഇടതുവശത്ത് ഒരു അലേർട്ട് സ്ലൈഡറിൻ്റെ സാന്നിധ്യം ചിത്രത്തിൽ കാണാം. വൃത്താകൃതിയിലുള്ള അരികുകളും ചെറിയ ക്യാമറ റിംഗുകളും ഉള്ള നവീകരിച്ച ഡിസൈനിലാകും ഈ ഫോൺ എത്തുക. പ്ലാസ്റ്റിക് ഫ്രെയിം, ഗ്ലാസ് ബാക്ക് എന്നിവയും ഒട്ടനവധി എഐ ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്.
1.5K OLED ഫ്ലാറ്റ് സ്‌ക്രീൻ, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററി, 16GB വരെ റാം, ആൻഡ്രോയിഡ് 14, OIS ഉള്ള 50MP പ്രൈമറി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയൊക്കെ വൺപ്ലസ് എയ്സ് 3V സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നു. ഇതിന്റെ ലോഞ്ച് തീയതി മാർച്ച് 18ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








