അതങ്ങ് മടക്കിവെച്ചേക്ക്! ഫോൾഡ് ചെയ്യാൻ കഴിയുന്ന വൺപ്ലസ് ഓപ്പൺ 2 ഉടൻ പുറത്തിറങ്ങില്ല
ഏറെ ആരാധകരുള്ള സ്മാർട്ട് ഫോണാണ് വൺ പ്ലസ്. ഇതിനകം തന്നെ നിരവധി മോഡലുകൾ പുറത്തിറക്കി ജനശ്രദ്ധ പിടിച്ചുപറ്റാൻ ഈ കമ്പനിക്ക് സാധ്യമായിട്ടുണ്ട്. എന്നാൽ കുറച്ച് മാസങ്ങളായി വൺപ്ലസ് ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വെറും ഊഹാപോഹങ്ങൾ ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൺപ്ലസ് അധികൃതർ തന്നെ ഇക്കാര്യം വ്യക്തമാക്കിയതോടെ ഫോൾഡബിൾ ഫോണായ വൺപ്ലസ് ഓപ്പൺ 2 (OnePlus Open 2) വിനെകുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിടാം. ഈ വർഷം വൺപ്ലസ് ഓപ്പൺ 2 പുറത്തിറക്കില്ലെന്ന് വൺപ്ലസ് കമ്പനി ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ വെളിപ്പെടുത്തി. അതേസമയം, ഫോൾഡബിൾ സെഗ്‌മെന്റിൽ നിന്ന് കമ്പനി പിന്നോട്ടുപോകില്ലെന്നും കമ്പനി ആരാധകർക്ക് ഉറപ്പ് നൽകി. അതിനാൽ തന്നെ ഭാവിയിൽ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ ബെഞ്ചുമാർക്ക് സൃഷ്ടിക്കുന്നതുമായ ഉൽപന്നങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യം. അതിനാലാണ് വൺപ്ലസ് ഓപ്പൺ 2വിന്റെ ലോഞ്ച് 2025ൽ വേണ്ട എന്ന് തീരുമാനമെടുത്തതെന്ന് വൺപ്ലസ് അധികൃതർ ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
അതേ സമയം വൺപ്ലസിന്റെ ഉപകമ്പനിയായ ഒപ്പോ പുതിയ ഫോൾഡബിൾ പുറത്തിറക്കുന്ന കാര്യം സ്ഥിരീകരിച്ചതും വൺപ്ലസിനെ പിന്നോട്ടുവലിച്ച തീരുമാനത്തിന് പിന്നിലുണ്ട്.

2023ലാണ് വൺപ്ലസ് അതിന്റെ ആദ്യ തലമുറ ഫോൾഡബിളായ വൺപ്ലസ് ഓപ്പൺ പുറത്തിറക്കിയത്. ഇതിന്റെ വിജയത്തെ തുടർന്ന് അപെക്‌സ് വേരിയൻറ് 2024ൽ ലോഞ്ച് ചെയ്തു. ഇതും വൻ വിജയത്തിലെത്തി. തുടർന്നാണ് ഈ വർഷം വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങൾ ടെക് വിദഗ്ദർക്കിടയിൽ ഉയർന്നത്.
വൺ പ്ലസിന്റെ ഉപകമ്പനിയായ ഒപ്പോയുടെ ഫൈൻഡ് എൻ5 (OPPO Find N5) ഫെബ്രുവരി 20ന് ആഗോള വിപണിയിലെത്തുന്നത്. ഈ തീരുമാനമാണ് വൺപ്ലസിനെ പിന്നോട്ടു വലിച്ചത്. അതേസമയം ഇന്ത്യൻ വിപണിയിൽ ഒപ്പോ ഫൈൻഡ് എൻ5 എത്താൻ വൈകുമെന്നാണ് പുതിയ റിപ്പോർട്ട്. അതായത് ഈ ഫോണിനായി ഇന്ത്യക്കാർ കാത്തിരുന്നേ മതിയാകൂ.
ഒപ്പോ ഫൈൻഡ് എൻ5 പുറത്തിറക്കുന്നതിന് പ്രഖ്യാപിച്ചതിനാൽ, ഫോൾഡബിളുകളുടെ സമവാക്യം തിരുത്തിക്കുറിക്കുന്ന ഫോൺ ഇറക്കുന്നതിലും ഉപഭോക്താക്കൾക്ക് പുതുമയുള്ള അനുഭവം നൽകുന്നതിലുമാണ് ശ്രദ്ധയെന്ന് വൺപ്ലസ് അധികൃതർ വ്യക്തമാക്കയിരുന്നു. ഓപ്പോയുടെ ഈ പുതിയ ഫോണിനും ആരാധകൾ കാത്തിരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫോൾഡബിൾ ഫോണിന് മാത്രമായി കാത്തിരിക്കുന്നവരും ഏറെയാണ്.
ഒപ്പോയുടെ ഫൈൻഡ് എൻ5 പുറത്തിറങ്ങുന്നതോടെ വൺപ്ലസ് ഓപ്പൺ 2 ഓപ്പോയിൽ ഫീച്ചറുകൾ കടമെടുക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. ഓപ്പോയുടെ വരാനിരിക്കുന്ന ഫോൾഡബിൾ ഫോൺ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുക. 5,600mAh ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്. ടൈറ്റാനിയം ഫ്രെയിമും സ്ലീക്ക് 9.2 എംഎം ഫോൾഡഡ് ഡിസൈനുമാണ് ഇതിന് നൽകിയിരിക്കുന്നത്.
ഈ ഫീച്ചറുകളിൽ നിന്നെല്ലാം അനുഭവങ്ങൾ ഉൾക്കൊണ്ടും കടമെടുത്തും വൺപ്ലസ് ഓപ്പൺ 2 വൈകാതെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റിൽ വരുന്ന ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ആവാനാണ് ഒപ്പോ ഫൈൻഡ് എൻ5 തയ്യാറെടുക്കുന്നത്. ചിപ്പിന്റെ 7-കോർ വേരിയൻറാണ് ഒപ്പോ ഇതിൽ ഉപയോഗിക്കുന്നത്.
ഒപ്പോ ഫൈൻഡ് എൻ5 പുറത്തിറങ്ങി വിപണി പിടിച്ചടക്കിയാലും വൺപ്ലസ് ഓപ്പൺ 2വിനായി ആരാധകൾ കാത്തിരിക്കുമെന്ന് ഉറപ്പാണ്. പുതിയ ഫീച്ചറുകൾക്കായി അവർ കാത്തിരിപ്പാണ്. വൺപ്ലസിന്റെ ചരിത്രത്തിൽ നിന്ന് ഇത് മനസിലാക്കാൻ കഴിയും. കൈയിൽ ഒതുങ്ങുന്ന ഡിസൈനാണ് പലപ്പോഴും വൺപ്ലസിനെ മറ്റു കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.


Click it and Unblock the Notifications








