വൺപ്ലസ് 2023 വിജയാഘോഷം: ഈ വർഷത്തെ സൂപ്പർഹിറ്റായ വൺപ്ലസ് ഓപ്പൺ സൗജന്യമായി നേടാം, ഇത് ഫോളോ ചെയ്യൂ
2023 വർഷത്തെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ കമ്പനിയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയ വൺപ്ലസ് ഓപ്പൺ സൗജന്യമായി നൽകുന്ന മത്സരം പ്രഖ്യാപിച്ച് വൺപ്ലസ് (OnePlus). കമ്പനി പ്രസിഡന്റും സിഒഒയുമായ കിൻഡർ ലിയു, ആണ് വൺപ്ലസ് ഫന്റാസ്റ്റിക് 2023" മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്.
വൺപ്ലസിന് ഈ വർഷം ഏറെ മികച്ചതായിരുന്നു. അതിനാൽ താൻ ഈ വിജയം ആഘോഷിക്കാൻ ആഗ്രഹിക്കുന്നതായി കിൻഡർ ലിയു ട്വിറ്ററിലൂടെ ( ഇപ്പോൾ എക്സ് ) പറഞ്ഞു. ഈ വർഷത്തെ തങ്ങളുടെ മികച്ച ഉൽപ്പന്നങ്ങൾ സമ്മാനിച്ചുകൊണ്ട് വിജയം ആഘോഷിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

വിജയാഘോഷത്തിന്റെ ഭാഗമായി വൺപ്ലസ് 11, വൺപ്ലസ് പാഡ്, വൺപ്ലസ് നോർഡ്3 എന്നിവ ഇതിനകം സമ്മാനിച്ചു. ബിഗ് കിൻഡർ ഗിവ് എവേയുടെ ഭാഗമായി തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ വൺപ്ലസ് ഓപ്പൺ സൗജന്യമായി നേടാനുള്ള അവസരം ഉപയോക്താക്കൾക്ക് ഉണ്ടെന്നും അതിനായി തന്നെ ട്വിറ്ററിൽ പിന്തുടരാനും അദ്ദേഹം അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി ലിയു gleam.io എന്ന വെബ്‌സൈറ്റ് ലിങ്ക് പങ്കുവച്ചു. ഈ ലിങ്ക് പിന്തുടരുമ്പോൾ ലഭിക്കുന്ന നിർദേശങ്ങളിലൂടെ മത്സരത്തിൽ പങ്കെടുക്കാം. അതോടൊപ്പം സമ്മാനങ്ങൾ ട്രാക്ക് ചെയ്യുകയും ചെയ്യാം. ഡിസംബർ 7 ന് വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരം 2023 ഡിസംബർ 12 ന് രാവിലെ 10.29 ന് അവസാനിക്കും.
ഈ മത്സരത്തിൽ പങ്കെടുക്കാൻ ഉപയോക്താക്കൾ ട്വിറ്ററിൽ KinderLiu എന്ന അക്കൗണ്ട് പിന്തുടരേണ്ടതുണ്ട്, അത് മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഒരു "നിർബന്ധിത നടപടി" ആണ്. അതോടൊപ്പം വൺപ്ലസിനെയും ട്വിറ്ററിൽ പിന്തുടരണം. ഓരോ മത്സരവും അവസാനിക്കുമ്പോൾ, ലിയു രണ്ട് ദിവസത്തിനുള്ളിൽ വിജയിയെ പ്രഖ്യാപിക്കും.
ഓരോ വിജയിയെയും തിരഞ്ഞെടുക്കുന്നത് gleam.io വഴിയാണ്, കൂടാതെ ഒരു "റാൻഡം" പാർട്നറെയും തിരഞ്ഞെടുക്കുമെന്ന് വൺപ്ലസ് പറയുന്നു. അറിയിപ്പ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ വിജയി പ്രതികരിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് സമ്മാനം നൽകും. പ്രതികരിക്കാത്ത യഥാർത്ഥ വിജയിക്ക് പകരം സമ്മാനമോ തത്തുല്യമായ പണമോ നൽകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
വൺപ്ലസ് ഓപ്പൺ സമ്മാനമായി ലഭിക്കുന്ന ഈ മത്സരത്തിൽ ആർക്കൊക്കെ പങ്കെടുക്കാം: ഇന്ത്യക്ക് പുറമേ, നോർത്ത് അമേരിക്ക, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഗ്രീസ്, ഹംഗറി, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലക്സംബർഗ്, മാൾട്ട എന്നീ രാജ്യങ്ങളിലുള്ളവർക്ക് പങ്കെടുക്കാം.

നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്ലോവേനിയ, സ്ലൊവാക്യ, ലിത്വാനിയ, ക്രൊയേഷ്യ, പോർച്ചുഗൽ, റൊമാനിയ, സൈപ്രസ്, സ്പെയിൻ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളും വൺപ്ലസ് ഓപ്പൺ ഗിവ് എവേ മത്സരപരിധിയിൽ വരുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്ന് നിർബന്ധമാണ്.
വൺപ്ലസ് ഓപ്പൺ: വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് ഓപ്പൺ. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ് കരുത്തിലെത്തുന്ന ഈ ഫോൾഡബിൾ ഫോൺ മികച്ച ഡ്യുവൽ ഡിസ്‌പ്ലേ സജ്ജീകരണവും ആകർഷകമായ മറ്റ് ഒട്ടേറെ ഫീച്ചറുകളുമായാണ് അവതരിപ്പിക്കപ്പെട്ടത്. 6.31 ഇഞ്ച് കവർ സ്ക്രീനും 7.82 ഇഞ്ച് അമോലെഡ് ഇന്നർ ഡിസ്‌പ്ലേയുമാണ് ഇതിലുള്ളത്.
ഫോണിന് 153.4 എംഎം ഉയരമുണ്ട്. നിവർത്തുമ്പോൾ 143.1 മില്ലീമീറ്ററും മടക്കുമ്പോൾ 73.3 മില്ലീമീറ്ററുമാണ് വീതി. വ്യത്യസ്ത കളർ വേരിയന്റുകളിൽ വലിപ്പത്തിൽ ചെറിയ വ്യത്യാസമുണ്ട്. വൺപ്ലസ് ഓപ്പണിലെ രണ്ട് ഡിസ്പ്ലേകളും ടിയുവി റെയിൻലാൻഡ് ഇന്റലിജന്റ് ഐ കെയർ സർട്ടിഫൈഡ് ആണ്. മികച്ച ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഹാസ്സൽബ്ലാഡ് സഹകരണത്തോടെ ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് ഓപ്പണിൽ സജ്ജീകരിച്ചിരിക്കുന്നത്.

സോണിയുടെ LYT-T808 "Pixel Stacked" CMOS സെൻസറോട് കൂടിയ OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് ഇതിലുള്ളത്. കവർ ഡിസ്പ്ലേയിൽ 20 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്.
ഒരു 32 മെഗാപിക്സൽ ക്യാമറയും ഇഐഎസും 88.5 ഡിഗ്രി വ്യൂ ഫീൽഡും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി f/2.4 അപ്പേർച്ചറും സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് വേർഷൻ അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,805 mAh ബാറ്ററിയാണ് വൺപ്ലസ് ഓപ്പണിലുള്ളത്.
സൈഡ്-മൗണ്ട് ഫിംഗർപ്രിന്റ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഉണ്ട്. ഇന്ത്യയിൽ വൺപ്ലസ് ഓപ്പണിന്റെ 16GB + 512GB റാം+ സ്റ്റോറേജ് കോൺഫിഗറേഷന് 1,39,999 രൂപയാണ് വില. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോൺ വഴിയും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഫോൺ ലഭ്യമാകുന്നു.


Click it and Unblock the Notifications








