അടക്കവും ഒതുക്കവുമുള്ള ആദ്യത്തെ കൺമണി! വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ എത്തി
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൊബൈൽ ബ്രാൻഡുകളിലൊന്നായ വൺപ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ ആയ 'വൺപ്ലസ് ഓപ്പൺ' (OnePlus Open) ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. ക്വാൽകോമിന്റെ നിലവിലുള്ള ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.
മികച്ച ഡ്യുവൽ ഡിസ്‌പ്ലേ സജ്ജീകരണവും ആകർഷകമായ മറ്റ് ഒട്ടേറെ ഫീച്ചറുകളുമായാണ് വൺപ്ലസ് ഓപ്പൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 6.31 ഇഞ്ച് കവർ സ്ക്രീനും 7.82 ഇഞ്ച് അമോലെഡ് ഇന്നർ ഡിസ്‌പ്ലേയുമാണ് ഇതിലുള്ളത്. ഈ രണ്ട് പാനലുകളും 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റോടെയാണ് എത്തുന്നത്.

മുൻ വൺപ്ലസ് ഫോണുകളിൽ കണ്ടിരുന്ന ബ്രാൻഡിന്റെ ഐക്കണിക് അലേർട്ട് സ്ലൈഡറിന്റെ "പുനർജന്മം" ഇത് അടയാളപ്പെടുത്തുന്നു. ഫോണിന്റെ കോംപാക്ട് ബോഡിക്ക് അനുയോജ്യമായ രീതിയിൽ വൺപ്ലസ് ഓപ്പണിന്റെ അലർട്ട് സ്ലൈഡർ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. കോംപാക്റ്റ് ഡിസൈനോടെ വരുന്ന ഫോൺ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുന്നു.
വൺപ്ലസ് ഓപ്പണിന്റെ പ്രധാന സവിശേഷതകൾ: തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഫോൺ ഏറെ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ് എന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഫോണിന് 153.4 എംഎം ഉയരമുണ്ട്. നിവർത്തുമ്പോൾ 143.1 മില്ലീമീറ്ററും മടക്കുമ്പോൾ 73.3 മില്ലീമീറ്ററുമാണ് വീതി. വ്യത്യസ്ത കളർ വേരിയന്റുകളിൽ വലിപ്പത്തിൽ ചെറിയ വ്യത്യാസമുണ്ട്.
തുറക്കുമ്പോൾ, വൺപ്ലസ് ഓപ്പൺ എമറാൾഡ് ഡസ്ക് വേരിയന്റിന് 5.8 എംഎം കനവും വോയേജർ ബ്ലാക്ക് വേരിയന്റിന് 5.9 എംഎം കനവും ഉണ്ടാകും. മടക്കിക്കഴിയുമ്പോൾ, എമറാൾഡ് ഡസ്ക് വേരിയന്റിന് 11.7 എംഎം കനവും വോയേജർ ബ്ലാക്ക് വേരിയന്റിന് 11.9 എംഎം കനവും ഉണ്ടാകും. വോയേജർ ബ്ലാക്കിന് 239 ഗ്രാമും എമറാൾഡ് ഡസ്കിന് 245 ഗ്രാമുമാണ് ഭാരം.
വൺപ്ലസ് ഓപ്പണിന്റെ കവർ സ്‌ക്രീൻ 6.31-ഇഞ്ച് (1,116x2,484 പിക്‌സൽ) 2K LTPO 3.0 സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ്, 10-120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് റെസ്‌പോൺസ് റേറ്റ്, 2,800 വരെ പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയുണ്ട്. ഇതിന് ഒരു സെറാമിക് ഗാർഡ് പ്രൊട്ടക്റ്റീവ് മെറ്റീരിയലുണ്ട് എന്ന് കമ്പനി പറയുന്നു.
വൺപ്ലസ് ഓപ്പണിലെ രണ്ട് ഡിസ്പ്ലേകളും ടിയുവി റെയിൻലാൻഡ് ഇന്റലിജന്റ് ഐ കെയർ സർട്ടിഫൈഡ് ആണ്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്, അഡ്രിനോ 740 ജിപിയു, 16 ജിബി എൽപിഡിഡിആർ5x റാം സഖ്യവുമായാണ് വൺപ്ലസ് ഓപ്പൺ കരുത്തുകാട്ടാൻ എത്തിയിരിക്കുന്നത്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് റാം ശേഷി വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
മികച്ച ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഹാസ്സൽബ്ലാഡ് സഹകരണത്തോടെ ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് ഓപ്പണിൽ സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ LYT-T808 "Pixel Stacked" CMOS സെൻസറോട് കൂടിയ OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് ഇതിലുള്ളത്.
60 FPS ഉപയോഗിച്ച് 4K നിലവാരത്തിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ വൺപ്ലസ് ഓപ്പണിന് കഴിയും. കവർ ഡിസ്പ്ലേയിൽ 20 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. കൂടാതെ ഒരു 32 മെഗാപിക്സൽ ക്യാമറയും ഇഐഎസും 88.5 ഡിഗ്രി വ്യൂ ഫീൽഡും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി f/2.4 അപ്പേർച്ചറും സജ്ജീകരിച്ചിരിക്കുന്നു.
ആൻഡ്രോയിഡ് 13 ഔട്ട് ദി ബോക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ ഓക്‌സിജൻ ഒഎസ് 13.2-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. നാല് വർഷത്തെ ആൻഡ്രോയിഡ് വേർഷൻ അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,805 mAh ബാറ്ററിയാണ് വൺപ്ലസ് ഓപ്പണിലുള്ളത്.
റീട്ടെയിൽ ബോക്സിൽ 80Wചാർജർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 42 മിനിറ്റിനുള്ളിൽ ബാറ്ററി 1-100 ശതമാനത്തിൽ എത്തുമെന്നും ഒറ്റ ചാർജിൽ ഒരു ദിവസത്തിലധികം ഉപയോഗിക്കാമെന്നും വൺപ്ലസ് പറയുന്നു. 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS/ A-GPS, NFC, GPS, GLONASS, QZSS എന്നിവയും USB 3.1 കണക്റ്റിവിറ്റിയുള്ള USB ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്.

വൺപ്ലസ് ഓപ്പണിൽ സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്, കൂടാതെ ഫേസ് അൺലോക്ക് ഫീച്ചറും പിന്തുണയ്ക്കുന്നു. ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, സെൻസർ കോർ, ഇ-കോമ്പസ്, ഫ്ലിക്-ഡിറ്റക്റ്റ് സെൻസർ, അണ്ടർ സ്‌ക്രീൻ ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയുൾപ്പെടെ വിവിധ സെൻസറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
വിലയും ലഭ്യതയും: ഇന്ത്യയിൽ വൺപ്ലസ് ഓപ്പണിന്റെ 16GB + 512GB റാം+ സ്റ്റോറേജ് കോൺഫിഗറേഷന് 1,39,999 രൂപയാണ് വില. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോൺ വഴിയും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഫോൺ ലഭ്യമാകും. പ്രീ-ഓർഡറുകൾ ആരംഭിച്ചുകഴിഞ്ഞു. ഓപ്പൺ സെയിൽസ് ഒക്ടോബർ 27-ന് ആരംഭിക്കും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 2000 രൂപയുടെ ട്രേഡ്-ഇൻ ബോണസ് ലഭിക്കും. കൂടാതെ ഐസിഐസിഐ ബാങ്ക്, വൺകാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 5,000 രൂപയുടെയും ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാകും. വിൽപ്പന തുടങ്ങി, ആദ്യത്തെ ഒരാഴ്ചത്തേക്ക് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ.


Click it and Unblock the Notifications








