സ്മാർട്ട്ഫോണുകളിലെ പ്രധാന പ്രശ്നത്തിന് പരിഹാരം! റെയിൻ വാട്ടർ ടച്ച് ടെക്നോളജിയുമായി വൺപ്ലസ്
മഴക്കാലമായാൽ പിന്നെ സ്മാർട്ട്ഫോണുകൾ നിയന്ത്രിക്കുക എന്നത് പലർക്കും അൽപ്പം ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്, അബദ്ധത്തിൽ വല്ല, മഴയും നനഞ്ഞുകഴിഞ്ഞാൽ സ്മാർട്ട്ഫോണുകളിലെ ടച്ച് ഉടമ ഉദ്ദേശിക്കുന്നത്ര എളുപ്പത്തിൽ വഴങ്ങിക്കൊടുക്കില്ല. മഴക്കാലത്ത് മാത്രമല്ല, ഏതു കാലത്തും ഫോണിന്റെ ഡിസ്പ്ലേയിൽ അൽപ്പം നനവ് പറ്റിയാൽ പലപ്പോഴും കൺട്രോൾ സാധ്യമായി എന്നുവരില്ല.
സ്മാർട്ട്ഫോൺ ഉടമകൾ നേരിട്ടിരുന്ന ഈ 'തൊട്ടുകൂടായ്മ' പ്രതിസന്ധിക്ക് ഇപ്പോൾ പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്. റെയിൻ റെയിൻ വാട്ടർ ടച്ച് എന്ന ഒരു പുത്തൻ ടെക്നോളജി ആണ് സ്ക്രീനുകൾക്കായി വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇപ്പോൾ വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്.

വൺപ്ലസ് പുതിയതായി അവതരിപ്പിച്ച ഈ സ്ക്രീൻ ടെക്നോളജിയുടെ പേരിൽ തന്നെ അതിന്റെ ഉദ്ദേശലക്ഷ്യവും അടങ്ങിയിരിക്കുന്നു. റെയിൻ വാട്ടർ ടച്ച് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ഈ സാങ്കേതികവിദ്യ മഴ നനഞ്ഞാലും ടച്ച് ഇൻപുട്ട് കൃത്യമായി പ്രോസസ്സ് ചെയ്യാൻ സ്ക്രീനിനെ പ്രാപ്തമാക്കും. ജല സമ്പർക്കം ഉണ്ടായാലും അത് ബാധിക്കാതെ ഫോൺ ഉപയോഗിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
സ്മാർട്ട്ഫോൺ ഉടമകൾ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ മറ്റ് ഫോണുകളിൽനിന്ന് ഇനി വൺപ്ലസ് ഫോണുകളെ വേറിട്ടുനിർത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അടുത്തതായി ലോഞ്ച് ചെയ്യുന്ന വൺപ്ലസിന്റെ ഏയ്സ് 2 പ്രോ സ്മാർട്ട്ഫോണിൽ പുതിയ റെയിൻ വാട്ടർ ടച്ച് ടെക്നോളജി ഉണ്ടാകും എന്നാണ് ടീസർ വ്യക്തമാക്കുന്നത്.
റെയിൻ വാട്ടർ ടച്ച് ടെക്നോളജി ആദ്യം അവതരിപ്പിക്കുന്ന ഫോൺ ഇതാകും. എന്നാൽ ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഈ ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. വൺപ്ലസ് എയ്സ് 2 പ്രോ ചൈനയിൽ ലോഞ്ച് ചെയ്യുന്ന തീയതി സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസ് എയ്സ് 2 പ്രോ ഓഗസ്റ്റ് 16-ന് ചൈനയിൽ ലോഞ്ച് ചെയ്യും. റെയിൻ റെയിൻ വാട്ടർ ടച്ച് ടെക്നോളജി അവതരിപ്പിച്ചുകൊണ്ട് വൺപ്ലസ് പുറത്തുവിട്ട വീഡിയോയിലുള്ളത് എയ്സ് 2 പ്രോ ആണ്. മഴ നനഞ്ഞിട്ടും തടസം കൂടാതെ പ്രവർത്തിക്കാൻ ഈ ഫോണിന് സാധിക്കുമെന്ന് വീഡിയോ വ്യക്തമാക്കുന്നു.
സ്മാർട്ട്ഫോൺ രംഗത്തെ വമ്പനായ ആപ്പിൾ ഐഫോണിന്റെ 14 പ്രോയുമായി താരതമ്യം ചെയ്തുകൊണ്ടാണ് വൺപ്ലസ് വീഡിയോയിൽ ഈ ഫീച്ചർ പരിചയപ്പെടുത്തുന്നത്. നനഞ്ഞ അവസ്ഥയിൽ ഉപയോക്താവിന്റെ ടച്ച് കൃത്യമായി ക്ലിക്ക് ആകാൻ ഇതര ഫോൺ ഏറെ പണിപ്പെടുമ്പോൾ റെയിൻ വാട്ടർ ടച്ച് പിന്തുണയുള്ള വൺപ്ലസ് ഫോൺ അത് വളരെ നിസാരമായി മറികടക്കുന്നത് വീഡിയോയിൽ കാണാം.

ഇന്നത്തെ സ്മാർട്ട്ഫോണുകളിലെ ഡിസ്പ്ലേ ഏറെ പുരോഗതി പ്രാപിച്ചവയാണ്. എങ്കിലും നനവിന്റെ കാര്യമെത്തുമ്പോൾ അവ പരാജയമാകുന്നു. ടച്ച് പോയിന്റുകൾ തിരിച്ചറിയാൻ വൈദ്യുതചാലകത്തെ ആശ്രയിക്കുന്ന ആധുനിക ടച്ച്‌സ്‌ക്രീനുകളിൽ കപ്പാസിറ്റീവ് സാങ്കേതികവിദ്യയുടെ പരമ്പരാഗത ഉപയോഗമാണ് വെല്ലുവിളി ഉയർത്തുന്നത്. ജലത്തിന്റെ ചാലകത ടച്ച് പോയിന്റുകൾ തിരിച്ചറിയുന്നത് തടസ്സപ്പെടുത്തുന്നു. അത് മൂലം ടച്ച് കൺട്രോളില്ലാതാകുകയും അതല്ലെങ്കിൽ സ്പർശനങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്നു.
ജലത്തിന്റെ വൈദ്യുതചാലകത മൂലമുണ്ടാകുന്ന പ്രശ്‌നം മറികടക്കാൻ പ്രത്യേക ടച്ച് അൽഗോരിതങ്ങളും ഒരു പ്രത്യേക ഇന്റേണൽ ചിപ്പും വൺപ്ലസ് ഇവിടെ ഉപയോഗിക്കുന്നു. ടെക്നോളജിയിൽ ഉണ്ടായ ഈ മുന്നേറം ടച്ച് സ്ക്രീൻ അനുഭവം കൂടുതൽ മികച്ചതാക്കും. പ്രത്യേകിച്ച് മഴക്കാലം പോലുള്ള പ്രതികൂല കാലാവസ്ഥാ ചുറ്റുപാടുകളിൽ സ്ക്രീൻ ടച്ച് സുഗമമാക്കാൻ ഈ സംവിധാനം ഏറെ സഹായിക്കും.
പുതിയ റെയിൻ റെയിൻ വാട്ടർ ടച്ച് ടെക്നോളജി ആഗോള തലത്തിൽ പുറത്തിറക്കുന്ന ഏതെങ്കിലും ഫോണുകളിൽ അവതരിപ്പിക്കുന്ന കാര്യം വൺപ്ലസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഏറ്റവും പ്രധാന സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിലും അമേരിക്കയിലും കമ്പനി ഈ ടെക്നോളജി അവതരിപ്പിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








