ഇല്ലാ... ഇല്ലാ... തീരുന്നില്ലാ..., തീർന്ന ചരിത്രം കേട്ടിട്ടില്ലാ...! വിപ്ലവമായി വൺപ്ലസ് ഗ്ലേസിയർ ബാറ്ററി എത്തി
സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷിയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് വൺപ്ലസ് ഇന്ന് ചൈനയിൽ ഗ്ലേസിയർ ബാറ്ററി പ്രഖ്യാപിച്ചു. പുതുപുത്തൻ ടെക്നോളജിയിൽ എത്തുന്ന ഈ 6,100mAh ബാറ്ററി മിക്ക ആധുനിക സ്‌മാർട്ട്‌ഫോണുകളിലും കാണപ്പെടുന്ന സാധാരണ 5,000mAh ബാറ്ററികളേക്കാൾ കനം കുറഞ്ഞതാണ്. മറ്റുള്ളവർ നടക്കുന്ന പാതയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയിലൂടെ മുന്നേറാനുള്ള വൺപ്ലസിന്റെ നീക്കമാണ് പുതിയ ഗ്ലേസിയർ ബാറ്ററിയുടെ പ്രഖ്യാപനത്തിൽ എത്തി നിൽക്കുന്നത്. കണ്ടമ്പററി ആംപെറെക്സ് ടെക്നോളജി ലിമിറ്റഡ് -സിഎടിഎൽ- (Contemporary Amperex Technology Limited) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് വൺപ്ലസ് ഗ്ലേസിയർ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്.
നിലവിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഉള്ളതിനെക്കാൾ പലമടങ്ങ് കരുത്തനാണ് വൺപ്ലസിന്റെ പുതിയ ഗ്ലേസിയർ ബാറ്ററി. ഗാലക്സി S24 സീരീസ് നോക്കുകയാണെങ്കിൽ, സാധാരണ S24-ൽ 4000mAh ബാറ്ററി മാത്രമേ ലഭ്യമാകൂ. അതിനാൽ, ചാർജർ കൈയിൽ ഇല്ലെങ്കിൽ, S24-നൊപ്പം ഒരു പവർ ബാങ്ക് കൊണ്ടുപോകേണ്ടിവരും. എന്നാൽ പുതിയ വൺപ്ലസ് ഗ്ലേസിയർ 6100mAh ബാറ്ററിയാണെങ്കിൽ പവർബാങ്കിന്റെ ആവശ്യമേ ഉണ്ടാകില്ല.

ഇപ്പോൾ ചില സ്മാർട്ട്ഫോണുകൾ 6000എംഎഎച്ച് ബാറ്ററി വരെ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വൺപ്ലസ് ഒരു പടികൂടി കടന്ന് 6100എംഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. ഭാവിയിൽ വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടെ ഇടംപിടിക്കുക ഈ പുതിയ 6000എംഎഎച്ച് ബാറ്ററിയാണ് എന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ച ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യുന്ന എയ്‌സ് 3 പ്രോയിൽ ആണ് പുതിയ വൺപ്ലസ് ഗ്ലേസിയർ 6100എംഎഎച്ച് ബാറ്ററി ആദ്യമായി അവതരിപ്പിക്കുക.
ഈ ബാറ്ററി നിർമിക്കാനായി വൺപ്ലസിനോട് സഹകരിച്ച CATL ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമ്മാതാക്കളിൽ ഒന്നാണ്. സിലിക്കൺ-കാർബൺ നെഗറ്റീവ് ഇലക്ട്രോഡുള്ള ഒരു പുതിയ ബാറ്ററി കെമിസ്ട്രിയാണ് വൺപ്ലസ് ഗ്ലേസിയർ അവതരിപ്പിക്കുന്നത്. ഈ പുതിയ ബാറ്ററി 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്ന് വൺപ്ലസ് പറയുന്നു.

5.51 മില്ലിമീറ്റർ കനം മാത്രമാണ് പുതിയ വൺപ്ലസ് ബാറ്ററിക്ക് ഉള്ളത്. നാല് വർഷത്തെ തുടർച്ചയായ ഉപയോഗത്തിന് ശേഷവും അതിൻ്റെ യഥാർത്ഥ ശേഷിയുടെ 80 ശതമാനം വരെ നിലനിർത്താൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. വൺപ്ലസിന്റെ കണക്കുകൾ പ്രകാരം, ഈ ബാറ്ററി 100W ചാർജിംഗ് ഉപയോഗിച്ച് 36 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.
763Wh/L ഊർജ്ജ സാന്ദ്രത വൺപ്ലസ് ഗ്ലേസിയർ ബാറ്ററിക്കുണ്ട്. 6 ശതമാനം സിലിക്കൺ കണ്ടന്റ് ഉപയോഗിച്ചാണ് വൺപ്ലസ് ഗ്ലേസിയർ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്, ഉയർന്ന കരുത്തുള്ളതും വളരെ നേർത്തതുമായ കോപ്പർ ഫോയിലും ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. honeycomb സ്ട്രക്ചറൽ ഡിസൈൻ ആണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ ഒരുവിഭാഗം സ്മാർട്ട്ഫോണുകൾ എത്തുന്നത് 5000എംഎഎച്ച് ബാറ്ററിയുമായാണ്. എന്നാൽ വൺപ്ലസിന്റെ പുതിയ ഗ്ലേസിയർ ബാറ്റിക്ക് ശേഷി കൂടുതലാണ് എന്ന് മാത്രമല്ല, 5000എംഎഎച്ച് ബാറ്ററിയെക്കാൾ കനം കുറഞ്ഞവയുമാണ്. ബാറ്ററി ശേഷി വർധിക്കുന്നതിന് അനുസരിച്ച് വലിപ്പത്തിലോ, കനത്തിലോ, ആകൃതിയിലോ മാറ്റം ഉണ്ടാകാതിരിക്കാൻ വൺപ്ലസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ചൈനയിൽ മാത്രമല്ല, ആഗോള തലത്തിലും വൺപ്ലസ് ഗ്ലേസിയർ 6100mAh ബാറ്ററി ആദ്യം അവതരിപ്പിക്കുക വൺപ്ലസ് എയ്സ് 3 പ്രോ ആണ്. ഇന്ത്യയിൽ വൺപ്ലസ് എയ്സ് 3 പ്രോ വൺപ്ലസ് 13ആർ (OnePlus 13R) എന്ന മോഡലായിട്ടായിരിക്കും പുറത്തിറങ്ങുക. അതിനാൽ ഇവിടെ ആദ്യം ഈ ബാറ്ററി അവതരിപ്പിക്കുക വൺപ്ലസ് 13R ആയിരിക്കും.


Click it and Unblock the Notifications







