വൺപ്ലസിന്റെ ശക്തി സാധാരണക്കാരിലേക്കും; നോർഡ് സിഇ 3യുടെ വിവരങ്ങൾ പുറത്ത്
ഇന്ത്യയിൽ ഇന്ന് നിരവധി ആളുകൾ ഇഷ്ടപ്പെടുന്ന ഒരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. മികച്ച ആകർഷകതയും പ്രവർത്തന ശേഷിയും കൈമുതലാക്കി എത്തുന്ന വൺപ്ലസ് ഫോണുകൾക്ക് വില അൽപ്പം കൂടും എന്നതുപോലെ തന്നെ ആവശ്യക്കാരും ഏറെയുണ്ട്. ഇപ്പോൾ പുതിയൊരു സ്മാർട്ട്ഫോണുമായി അധികം വൈകാതെ ഇന്ത്യയിലേക്ക് എത്താനുള്ള തയാറെടുപ്പിലാണ് വൺപ്ലസ്.
രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ വൺപ്ലസ് ഇന്ത്യയിൽ എത്തിച്ചിരുന്നു. തങ്ങളുടെ പ്രീമിയം നിരയിൽ വൺപ്ലസ് 11 5ജിയും മിഡ് പ്രീമിയം നിരയിൽ വൺപ്ലസ് 11 ആർ 5ജിയും ആണ് ഒറ്റയടിക്ക് വൺപ്ലസ് ഇന്ത്യയിൽ എത്തിച്ചത്. ഇതിനു പിന്നാലെ ഇടത്തരക്കാർക്കുകൂടി വാങ്ങാൻ സാധിക്കുന്ന വിലയിൽ ഒരു സ്മാർട്ട്ഫോൺ കമ്പനി നിർമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് സിഇ 2 വിന്റെ പിൻഗാമിയായി എത്തുന്ന നോർഡ് സിഇ 3 ആണ് അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന വൺപ്ലസ് സ്മാർട്ട്ഫോൺ എന്നാണ് വിവരം. ഇപ്പോൾ വൺപ്ലസ് നിർമിച്ചുകൊണ്ടിരിക്കുന്ന ഈ സ്മാർട്ട്ഫോണിനെ സംബന്ധിച്ച പ്രധാന വിവരങ്ങൾ ഇപ്പോൾ ചോർന്നിരിക്കുകയാണ്.
ഈ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്ന നോർഡ് സിഇ 3യുടെ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ തന്നെ ടിപ്‌സ്റ്റർ ഓൺലീക്കിനൊപ്പം മൈ സ്മാർട്ട്പ്രൈസ് എന്ന ഓൺലൈൻ മാധ്യമം ആണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങൾ ശരിയാണെങ്കിൽ ഏതാണ്ട് 20,000 - 25,000 രൂപ വിലയിൽ ആയിരിക്കും നോർഡ് സിഇ 3 ഇന്ത്യയിൽ എത്തുക.
ഏറെ ആരാധകർ ഉള്ളതിനാൽത്തന്നെ വൺപ്ലസ് സ്മാർട്ട്ഫോണുകളെ സംബന്ധിച്ച ചെറിയ വിവരങ്ങൾ പോലും ഏറെ ചർച്ചയാകാറുണ്ട്. അതേ വിധത്തിൽ നോർഡ് സിഇ 3യുടെ വിവരങ്ങളും ഇപ്പോൾ സ്മാർട്ട്ഫോൺ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്നു. മൈ സ്മാർട്ട്പ്രൈസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നോർഡ് സിഇ 3യിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകളും സവിശേഷതകളും എന്തൊക്കെയാണ് എന്ന് നോക്കാം.
സ്‌നാപ്ഡ്രാഗൺ 782G ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് നോർഡ് സിഇ -3 എത്തുന്നത് എന്നാണ് ടിപ്സർ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. 6.72 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസർ എന്നിവയാണ് ഈ വൺപ്ലസ് ഫോണിന്റെ പ്രധാന സവിശേഷതകൾ ആയി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 782 പ്രോസസറിന് കൂട്ടായി 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉണ്ടാകും. ബായ്ക്കിൽ 50 മെഗാപിക്സൽ (IMX890) പ്രധാന ക്യാമറയോടൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയുൾപ്പെട്ട ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് വൺപ്ലസ് നൽകിയിരിക്കുന്നത് എന്നാണ് വിവരം.
മികച്ച സെൽഫികൾക്കും വീഡിയോ കോളിങ് ആവശ്യങ്ങൾക്കുമായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ ഈ സ്മാർട്ട്ഫോണിൽ ഇടം പിടിച്ചിരിക്കുന്നതായാണ് ടിപ്സർ പുറത്തുവിട്ടിരിക്കുന്നത്. 6.72 ഇഞ്ച് AMOLED ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റും ഫുൾ-എച്ച്ഡി+ റെസല്യൂഷനും വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബയോമെട്രിക് സുരക്ഷയ്ക്കായി ഒരു ഫിംഗർപ്രിന്റ് സ്കാനറും ഡിസ്പ്ലേയിൽ ഉൾപ്പെട്ടേക്കാം.
ബാറ്ററി കരുത്തിന്റെ കാര്യത്തിലേക്ക് വന്നാൽ വൺപ്ലസ് നോർഡ് സിഇ 3യിൽ 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്, ഇതൊരു 5ജി സ്മാർട്ട്ഫോൺ ആണെന്നും ടിപ്സറെ അടിസ്ഥാനമാക്കി മൈ സ്മാർട്ട്പ്രൈസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വില സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
പുറത്തുവന്ന വിവരങ്ങളനുസരിച്ച് നോർഡ് സിഇ 3യ്ക്ക് 20,000 -25,000 രൂപ വിലവരും. നോർഡ് സിഇ 2 കഴിഞ്ഞ വർഷം 23,999 രൂപയ്ക്കാണ് പുറത്തിറക്കിയത് (6GB റാം + 128GB സ്റ്റോറേജ്). 8 ജിബിയുടെ ടോപ്പ് വേരിയന്റിന് 24,999 രൂപയായിരുന്നു. ഇപ്പോൾ നോർഡ് സിഇ 2 യഥാക്രമം 18,999 രൂപയ്ക്കും 20,999 രൂപയ്ക്കും ലഭിക്കും.
ഏറെ നാളായി വൺപ്ലസ് നോർഡ് സിഇ 3യെ സംബന്ധിച്ച് ഇത്തരത്തിൽ പല വെളിപ്പെടുത്തലുകളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ നവംബറിലും ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 6.7 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി, 108 എംപി അടങ്ങുന്ന ഡ്യുവൽ ക്യാമറ എന്നിവയാണ് ആ റിപ്പോർട്ടിൽ നോർഡ് സിഇ 2വിന്റെ സവിശേഷതകളായി പറഞ്ഞിരുന്നത്.


Click it and Unblock the Notifications