'ഹൃദയത്തിന്റെ നിറം', 18GB റാം, 512GB സ്റ്റോറേജ്, ഫീച്ചറുകളെല്ലാം മാസ്; അങ്ങനെയൊരു വൺപ്ലസ് ഫോൺ!
അടുത്തയാഴ്ച, കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 8ന് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടങ്ങുകയാണ്. സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുന്നതിനാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇന്ത്യക്കാരെ തേടി എത്താൻ പോകുന്നത്. ഓഫറുകളുടെ ഈ ഉത്സവത്തിരക്കിലേക്ക് ഒരു കിടിലൻ സ്മാർട്ട്ഫോൺ വൺപ്ലസ് വകയായും എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം വൺപ്ലസ് ആമസോണിൽ ഒരു ടീസർ പുറത്തിറക്കുകയുണ്ടായി. ആമസോൺ ഓഫർ സെയിൽ ആരംഭിക്കുന്ന സമയത്ത് ഒരു വൺപ്ലസ് ഫോൺ കൂടി വരുന്നു എന്നതിന്റെ സൂചനയാണ് ആ ടീസറിൽ ഉണ്ടായിരുന്നത്. അതിലെ ടെക്സ്റ്റിൽ 'വൺപ്ലസ് ആമസോൺ സ്പെഷ്യൽ R3.18.512 കമിങ് സൂൺ' എന്നാണ് എഴുതിയിരുന്നത്.

ആമസോൺ ഫെസ്റ്റിവൽ സെയിലിൽ റെഡ് നിറത്തിൽ ഒരു സ്മാർട്ട്ഫോൺ വൺപ്ലസ് അവതരിപ്പിക്കുമെന്നും അതിൽ 18ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കാം എന്നുമാണ് ഈ വരികൾ സൂചിപ്പിക്കുന്നതെന്നാണ് സ്മാർട്ട്ഫോൺ വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം വൺപ്ലസ് അവതരിപ്പിക്കുന്നത് പുതിയ ഫോൺ ആയിരിക്കുമോ നിലവിലുള്ള ഏതെങ്കിലും മോഡലിന്റെ റെഡ് വേരിയന്റ് ആയിരിക്കുമോ എന്ന് വ്യക്തമല്ല.
ഈ അവസരത്തിൽ ഓർക്കേണ്ട ഒരു കാര്യം എന്തെന്നാൽ, വൺപ്ലസ് ഇതിനകം ചൈനയിൽ വൺപ്ലസ് എയ്സ് 2 ജെൻഷിൻ ഇംപാക്ട് ലിമിറ്റഡ് എഡിഷൻ (OnePlus Ace 2 Genshin Impact Limited Edition) പുറത്തിറക്കിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് 18GB റാമും 512GB ഇന്റേണൽ സ്റ്റോറേജും ആണ്.
ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഫോൺ 18 ജിബി റാം, 512 ജിബി സ്റ്റോറേജ് വേരിയന്റാണ് എന്ന് സൂചനയുടെ അടിസ്ഥാനത്തിൽ ചൈനയിൽ പുറത്തിറക്കിയ ആ ലിമിറ്റഡ് എഡിഷൻ ഫോൺ ആകാം വൺപ്ലസ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് വിപണിയിൽ പൊതുവേയുള്ള വിലയിരുത്തൽ.
പുതിയ നിറത്തിൽ ഫോൺ അവതരിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് വൺപ്ലസ് പ്രതികരിച്ചിട്ടുണ്ട്. ''ഇത് വെറുമൊരു നിറമല്ല... വൺപ്ലസിന്റെ ഹൃദയത്തിൽ ആഴത്തിൽ പ്രവർത്തിക്കുന്ന ഒരു വികാരമാണ്. നിങ്ങൾ വൺപ്ലസ് ഡിവൈസ് കൈവശം വയ്ക്കുമ്പോഴെല്ലാം നിങ്ങളുടെ സിരകളിലൂടെ അഡ്രിനാലിൻ കുതിക്കും. അസാധാരണമായതിലും കുറഞ്ഞ ഒന്നിനും ഒരിക്കലും സെറ്റിൽ ചെയ്യരുത് എന്നുള്ള ഓർമ്മപ്പെടുത്തലാണിത്'' എന്നാണ് വൺപ്ലസ് ഇതേപ്പറ്റി പറയുന്നത്.
''ആദ്യമായി ഒരു വൺപ്ലസ് ഫോൺ കൈവശം വച്ചതിന്റെ വികാരം നിങ്ങൾ ഓർക്കുന്നുണ്ടോ? ഈ വർഷം, ഞങ്ങൾ ആ യഥാർത്ഥ വികാരം തിരികെ കൊണ്ടുവരുന്നു.'' എന്നും വൺപ്ലസ് പറയുന്നുണ്ട്. റെഡ് നിറത്തിലുള്ള വരാൻ പോകുന്ന വൺപ്ലസ് സ്മാർട്ട്‌ഫോൺ ആമസോണിൽ മാത്രമല്ല, വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും.

ഒക്ടോബർ 8 മുതൽ ആണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഡേയ്‌സ് വിൽപ്പന ആരംഭിക്കുന്നത്. ഈ വിൽപ്പനയ്‌ക്കിടെ ഫോൺ വിൽപ്പനയ്ക്ക് ഉണ്ടാകും എന്ന് ഉറപ്പായതിനാൽ, അടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും ഈ വൺപ്ലസ് ഫോൺ ലോഞ്ച് ചെയ്തേക്കാം. വൺപ്ലസിന്റെ ടീസർ വിപണിയിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വരാൻ കൊണ്ടുവരാൻ പോകുന്നത് എന്ത് ഐറ്റമാണ് എന്ന് അറിയാനുള്ള ആകാംക്ഷ വൺപ്ലസ് ആരാധകരിൽ മാത്രമല്ല, മുഴുവൻ സ്മാർട്ട്ഫോൺ പ്രേമികളിലും ഉണ്ട്. അതേസമയം, ഫോൺ മാത്രമല്ല ഒരു ടാബ്ലെറ്റും വൺപ്ലസ് ഈ ആഴ്ച അവതരിപ്പിക്കും. വൺപ്ലസ് പാഡ് ഗോ (OnePlus Pad Go) എന്ന് പേരുള്ള ടാബ് ഒക്ടോബർ 6ന് ആണ് ലോഞ്ച് ചെയ്യുക.
11.35 ഇഞ്ച് LCD ഡിസ്‌പ്ലേ, 2.4K റെസല്യൂഷൻ, 7:5 വീക്ഷണാനുപാതം, ശക്തമായ മീഡിയടെക് ഹീലിയോ G99 ചിപ്‌സെറ്റ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കളർഒഎസ് 13.2, 8000 mAh ബാറ്ററി, 8എംപി സെൽഫി ക്യാമറ, 8എംപി ബാക്ക് ക്യാമറ തുടങ്ങിയവയാകും ഈ ടാബ്ലെറ്റിന്റെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








