ഫീച്ചറുകളിൽ നല്ല പൊരുത്തം കാണുന്നു! വൺപ്ലസ് നോർഡ് 6 ഇന്ത്യയിലേക്ക്; ബാറ്ററിയിൽ സസ്പെൻസ്
വൺപ്ലസ് ആരാധകർക്ക് മിഡ്-റേഞ്ച് ലൈനപ്പിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ വൺപ്ലസ് നോർഡ് 5 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് നോർഡ് 6 (OnePlus Nord 6) ആണ് എത്താൻ ഒരുങ്ങുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് എന്ത് അപ്ഗ്രേഡ് ആണ് വരാൻ പോകുന്ന വൺപ്ലസ് നോർഡ് 6 കൊണ്ടുവരുന്നത് എന്നതിന്റെ ചില സൂചനകൾ ഇപ്പോൾ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു. വൺപ്ലസ് നോർഡ് 6 ഇപ്പോൾ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത് വരാൻ പോകുന്ന ഈ വൺപ്ലസ് ഫോണിന്റെ ഹാർഡ്വെയറിനെക്കുറിച്ച് ചില സൂചനകൾ നൽകുന്നു.
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ CPH2795 എന്ന മോഡൽ നമ്പറുള്ള ഒരു വൺപ്ലസ് ഡിവൈസ് കണ്ടെത്തി, ബെഞ്ച്മാർക്ക് ഡാറ്റ അനുസരിച്ച് സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന, "sun" എന്ന കോഡ് നാമമുള്ള ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇതിനകം പുറത്തുവന്ന ചില റിപ്പോർട്ടുകളുമായി ഗീക്ക്ബെഞ്ച് ലിസ്റ്റിങ് ഡാറ്റ പൊരുത്തപ്പെടുന്നതിനാൽ CPH2795 എന്ന മോഡൽ നമ്പറിൽ കണ്ടത് വൺപ്ലസ് നോർഡ് 6 ആണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസിന്റെ ടർബോ 6 മോഡലിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റാണ്. വൺപ്ലസ് ടർബോ 6 തന്നെയാണ് ഇന്ത്യയിലും ആഗോളതലത്തിലും വൺപ്ലസ് നോർഡ് 6 എന്ന പേരിൽ എത്തുക എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോൾ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തിയ വൺപ്ലസ് ഫോണിലെ ഫീച്ചറുകൾക്ക് ഇതിനകം അവതരിപ്പിക്കപ്പെട്ട വൺപ്ലസ് നോർഡ് 6ന്റെ ഫീച്ചറുകളുമായി പൊരുത്തമുണ്ട്. അതിനാൽ ടർബോ 6 ആണ് നോർഡ് 6 ആയി എത്തുക എന്ന വിശ്വാസം ശക്തിപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈനയിലെ മോഡലിൽ നിന്ന് ചില വ്യത്യാസങ്ങൾ നോർഡ് 6ൽ പ്രതീക്ഷിക്കുന്നു, അത് പ്രധാനമായും ബാറ്ററിയുടെ കാര്യത്തിലാണ്.

ഒരു വൺപ്ലസ് ഫോണിൽ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയോടുകൂടിയാണ് വൺപ്ലസ് ടർബോ 6 എത്തിയത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ബാറ്ററിയാണ് ടർബോ 6 മോഡലിൽ ഉണ്ടായിരുന്നത്. ഇതേ മോഡൽ ഇന്ത്യയിൽ റീബ്രാൻഡ് ചെയ്യുമ്പോൾ ഇത്ര വലിയ ബാറ്ററി ശേഷി ഇന്ത്യയിലും അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുന്നു.
10001mAh ബാറ്ററിശേഷിയുമായി റിയൽമിയുടെ പി4 പവർ 5ജി അടക്കമുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് എത്തുന്ന സാഹചര്യത്തിൽ മത്സരം കടുപ്പിച്ചുകൊണ്ട് 9000mAh ബാറ്ററിയോടെ വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ എത്താനുള്ള സാധ്യതകൾ കൂടുതലാണ്. പക്ഷേ ചൈനയിലെ മോഡലിലുള്ള 9000mAh ബാറ്ററിശേഷിയെക്കാൾ കുറഞ്ഞ ബാറ്ററി ശേഷി നോർഡ് 6 അവതരിപ്പിച്ചാലും അതിശയിക്കാനില്ല.
പ്രീമിയം ലെവൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ശക്തനായ മിഡ് റേഞ്ച് സ്മാർട്ട്ഫോണായിട്ടാകും വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 12GB റാമും ആൻഡ്രോയിഡ് 16 ഒഎസും നോർഡ് 6ൽ ഉണ്ടാകുമെന്ന് ഗീക്ക്ബെഞ്ച് ഡാറ്റ സൂചിപ്പിക്കുന്നു. 4 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സോഫ്റ്റ്‌വെയർ പിന്തുണയും നോർഡ് 6ന് വൺപ്ലസ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വൺപ്ലസ് ടർബോ ഫീച്ചറുകൾ തന്നെയാണ് വൺപ്ലസ് നോർഡ് 6 അവതരിപ്പിക്കുന്നത് എങ്കിൽ, 165Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് AMOLED ഡിസ്പ്ലേ, 50MP+ 2MP ഡ്യുവൽ-ക്യാമറ സജ്ജീകരണം എന്നിവ നോർഡ് 6ൽ പ്രതീക്ഷിക്കാം. ഇതിന്റെ ലോഞ്ച് സംബന്ധിച്ച് വൺപ്ലസ് നിലവിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ വിവിധ സർട്ടിഫിക്കേഷൻ സൈറ്റുകളിലും ബെഞ്ച്മാർക്ക് സൈറ്റുകളിലും ഈ മോഡലിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








