ലോഞ്ച് അകലെയല്ല, അരികിൽ തന്നെ! വൺപ്ലസ് നോർഡ് 6 ന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
വൺപ്ലസിന്റെ നോർഡ് സീരീസ് മോഡലുകൾ വൺപ്ലസ് ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ട മോഡലുകളാണ്. ഇടത്തരക്കാർക്ക് കൂടുതൽ അടുപ്പം വൺപ്ലസിന്റെ നോർഡ് മോഡലുകളോടാണ്. കാരണം അവയെല്ലാം 35000 രൂപയിൽ താഴെ വിലയിൽ എത്തുന്നവയാണ്. നിലവിൽ ഇന്ത്യയിൽ നോർഡ് സീരീസിൽ ടോപ് മോഡൽ വൺപ്ലസ് നോർഡ് 5 ആണ്. എന്നാൽ നോർഡ് 5ന്റെ പിൻഗാമി വൺപ്ലസ് നോർഡ് 6 (OnePlus Nord 6) എത്താൻ സമയം അടുത്തിരിക്കുന്നു. വൺപ്ലസ് ഈ മാസം 8ന് ചൈനയിൽ നടക്കുന്ന ഒരു ഇവന്റിൽ തങ്ങളുടെ ടർബോ 6 സീരീസ് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
വൺപ്ലസ് ടർബോ 6 സീരീസിൽ വൺപ്ലസ് ടർബോ 6, വൺപ്ലസ് ടർബോ 6V എന്നിങ്ങനെ രണ്ട് മോഡലുകൾ ആണ് ഉണ്ടാകുക. ഇതിൽ വൺപ്ലസ് ടർബോ 6 മോഡൽ ഇന്ത്യ അടക്കമുള്ള വിപണികളിൽ വൺപ്ലസ് നോർഡ് 6 ആയി എത്തും എന്നാണ് റിപ്പോർട്ട്. മുൻകാലങ്ങളിലെ രീതി കണക്കിലെടുക്കുമ്പോൾ ഈ റിപ്പോർട്ട് ശരിയാകാൻ സാധ്യത കൂടുതലാണ്.

വൺപ്ലസ് 15 എന്ന പ്രീമിയം മോഡലും അതിന് താഴെയായി വരുന്ന വൺപ്ലസ് 15r എന്ന മോഡലും വൺപ്ലസ് അടുത്തകാലത്ത് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇനി വൺപ്ലസ് നോർഡ് 6 മോഡലിലൂടെ മിഡ് റേഞ്ച് വിഭാഗത്തിൽ ആണ് വൺപ്ലസിന്റെ അടുത്ത ഫോൺ എത്തുക.
വൺപ്ലസ് ടർബോ 6ന്റെ ലോഞ്ച് തിയതി ഉറപ്പിക്കപ്പെട്ടതിനാൽ ഇതിന്റെ ലോഞ്ചിന് ശേഷം അധികം വൈകാതെ തന്നെ വൺപ്ലസ് നോർഡ് 6ന്റെ ഇന്ത്യൻ വരവും പ്രതീക്ഷിക്കാം. ഇത്തവണ വൺപ്ലസിന്റെ പ്രീമിയം മോഡലുകൾ കുറച്ച് നേരത്തെയാണ് എത്തിയത്, അതിനാൽ നോർഡ് സീരീസും നേരത്തെ എത്തുമെന്നാണ് വിലയിരുത്തൽ.

വൺപ്ലസ് നോർഡ് 5 ലോഞ്ച് ചെയ്തത് 2025 ജൂലൈയിലാണ്, എന്നാൽ നോർഡ് 6 എത്താൻ ജൂലൈ വരെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടാകില്ല. ചൈനയിൽ ലോഞ്ച് ചെയ്യുന്ന ടർബോ 6 മോഡലിൽ നിന്ന് ചെറിയ ചില മാറ്റങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നോർഡ് 6ൽ ഉണ്ടാകാം.
എന്ത് വിലയിലാകും നോർഡ് 6 ഇന്ത്യയിൽ എത്തുക എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയർന്നുകേൾക്കുന്നത്. കാരണം സ്മാർട്ട്ഫോണുകൾക്ക് ഇത് വിലവർധനയുടെ കാലമാണ്. നേരത്തെ ലോഞ്ച് ചെയ്ത മോഡലുകൾക്ക് വരെ വില കൂടുന്നു. അതിനാൽ മുൻ മോഡലിന്റെ അതേ വിലയിൽ പുതിയ മോഡൽ എത്തും എന്ന പ്രതീക്ഷകൾക്ക് നിലവിൽ എവിടെയും സ്ഥാനമില്ല.
വൺപ്ലസ് നോർഡ് 5 5ജിയുടെ പ്രാരംഭ മോഡൽ 31,999 രൂപ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെ പിൻഗാമിയായി എത്തുന്ന വൺപ്ലസ് നോർഡ് 6 പ്രാരംഭ മോഡൽ 35000 രൂപ വിലയിൽ എത്താനാണ് സാധ്യത കൂടുതൽ. കാരണം 40000 രൂപയോട് അടുത്ത വിലയിൽ വൺപ്ലസ് 13r മോഡൽ വിപണിയിലുണ്ട്. അതിന് മുകളിൽ വൺപ്ലസ് 15R മോഡലും ഉണ്ട്.

അതിനാൽ വൺപ്ലസ് നോർഡ് മോഡൽ നേരിയ വില വർധനവോടെ 35000 രൂപയ്ക്ക് ഉള്ളിൽ ഇന്ത്യയിൽ ലഭ്യമാകാനാണ് സാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്നത്. വൺപ്ലസ് നോർഡ് 6ലെ ഫീച്ചറുകൾ എന്തായിരിക്കും എന്ന് ജനുവരി 8ന് ചൈനയിൽ നടക്കുന്ന വൺപ്ലസ് ടർബോ 6ന്റെ ലോഞ്ചിന് ശേഷം ഏകദേശം അറിയാനാകും. ഇതിനകം തന്നെ വൺപ്ലസ് നോർഡ് ആഗോള സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്, അതിനാൽ ഇതിന്റെ ഗ്ലോബൽ ലോഞ്ച് അധികം അകലെയായിരിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു.


Click it and Unblock the Notifications








