വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഫെബ്രുവരി 17ന്
വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോൺ നോർഡ് സിഇ 2 5ജി ഫെബ്രുവരി 17ന് രാജ്യത്ത് ലോഞ്ച് ചെയ്യും. വൺപ്ലസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് കമ്പനി ലോഞ്ച് തീയതി പ്രഖ്യാപിച്ചത്. വളരെ കുറച്ച് കാലം കൊണ്ട് ഇന്ത്യൻ മാർക്കറ്റിൽ തരംഗം സൃഷ്ടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് വൺപ്ലസ്. അടിപൊളി ഫീച്ചറുകളും ആരെയും ആകർഷിക്കുന്ന ഡിസൈനുമൊക്കെ വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. വരാനിരിക്കുന്ന വൺപ്ലസ് നോർഡ് സിഇ 2 5ജിയെക്കുറിച്ചുള്ള ചർച്ചകൾ ടെക്ക് ലോകത്ത് സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി കമ്പനി ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.

ലോഞ്ച് തീയതി സ്ഥിരീകരിച്ചതിനൊപ്പം പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജിയെക്കുറിച്ചുള്ള ടീസർ വീഡിയോയും കമ്പനി പുറത്ത് വിട്ടു. പുതിയ സ്മാർട്ട്ഫോണിന്റെ രൂപകൽപ്പനയും ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ഫേസിങ് ക്യാമറ സെൻസർ സ്ഥാപിക്കുന്നതിന് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ സ്‌ക്രീനിന്റെ ഇടത് മൂലയിൽ ഒരു പഞ്ച് ഹോൾ കട്ട് ഔട്ട് ഉള്ളതായി ടീസർ വീഡിയോയിൽ വ്യക്തമാണ്. വോളിയം ബട്ടണുകളും പവർ ബട്ടണും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ വശങ്ങളിലായി കൊടുത്തിരിക്കുന്നത് ടീസർ വീഡിയോയിൽ കാണാവുന്നതാണ്.

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും കാണാം. ഏറ്റവും പുതിയതായി പുറത്ത് വന്ന വീഡിയോയിൽ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിലെ 65 വാട്ട് സൂപ്പർ വൂക് സി ടൈപ്പ് ചാർജറും 1 ടിബി വരെയുള്ള മെമ്മറി കാർഡ് ഉപയോഗിക്കാവുന്ന സ്ലോട്ടും എടുത്ത് കാണിച്ചിരിക്കുന്നു. വൺ പ്ലസിന്റെ നോർഡ് സിഇ 5ജിയുടെ പിൻഗാമിയായാണ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 5ജി; പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
വരാനിരിക്കുന്ന വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകളൊന്നും വൺപ്ലസ് വെളിപ്പെടുത്തിയിട്ടില്ല. സ്മാർട്ട്ഫോണിലെ 65 വാട്ട് സൂപ്പർ വൂക് സി ടൈപ്പ് ചാർജറും 1 ടിബി വരെയുള്ള മെമ്മറി കാർഡ് ഉപയോഗിക്കാവുന്ന സ്ലോട്ടും പിന്നെ ഡിവൈസിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും മാത്രമാണ് ഏതാണ്ട് ഉറപ്പിക്കാവുന്ന ഫീച്ചറുകൾ. 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ വൺപ്ലസ് നോർഡ് സിഇ 2 5ജി ഫീച്ചർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡിവൈസിൽ കാണുമെന്ന് കരുതപ്പെടുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 900 പ്രൊസസറിന്റെ കരുത്തിലാകും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 8 ജിബി വരെയുള്ള റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 2 5ജിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ടീസർ വീഡിയോയിൽ 1 ടിബി മെമ്മറി കാർഡ് ഇടുന്ന സ്ലോട്ട് കാണിക്കുന്നുണ്ട്. അതിനാൽ തന്നെ 1 ജിബി അധിക സ്റ്റോറേജ് വിപുലീകരണം വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ ഉറപ്പിക്കാവുന്ന ഫീച്ചർ ആണ്.

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ 64 എംപി മെയിൻ ലെൻസും 8 എംപി അൾട്രാ വൈഡ് സെൻസറും 2 എംപി സെൻസറും ഓഫർ ചെയ്യും. മുൻ വശത്ത്, സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ക്യാമറയും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യും. ഓക്സിജൻ ഒഎസ് 12 സ്കിന്നിൽ ആൻഡ്രോയിഡ് 12ൽ ആണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4,500 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 65 വാട്ട് സൂപ്പർ വൂക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഡിവൈസിൽ ഉറപ്പിച്ച ഫീച്ചറുകളിൽ ഒന്നാണ്.

വൺപ്ലസ് നോർഡ് സിഇ 2 5ജി; പ്രതീക്ഷിക്കുന്ന വില
വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച് ഉറപ്പിക്കാവുന്ന വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ടിപ്‌സ്റ്റർ അഭിഷേക് യാദവ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപയാണ് വില വരുന്നത്. ഉയർന്ന നിലവാരമുള്ള 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപ വില വരുമെന്നും അഭിഷേക് യാദവിന്റെ ലീക്ക്സിൽ പറയുന്നു. ഔദ്യോഗികമായി ഡിവൈസിന്റെ വില സംബന്ധിച്ച കാര്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് ഉപയോക്താക്കൾ മനസിലാക്കണം.

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ ലൈറ്റ് വേർഷൻ പുറത്തിറക്കാനും ബ്രാൻഡ് ആലോചിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി എന്ന പേരിലായിരിക്കും ഈ ഡിവൈസുകൾ വരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്മാർട്ട്‌ഫോണിന്റേതെന്ന പേരിൽ ചില സവിശേഷതകളും ഓൺലൈനിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയിൽ കുറഞ്ഞ വിലയിൽ വരുന്ന ആദ്യ നോർഡ് സീരീസ് സ്മാർട്ട്ഫോൺ ആയിരിക്കും ഇതെന്നും കരുതപ്പെടുന്നു. ജൂലൈ മാസത്തിന് ശേഷം രാജ്യത്ത് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്നും സൂചനയുണ്ട്.


Click it and Unblock the Notifications








