ഇങ്ങനെ ഡിസ്കൗണ്ട് തന്നാൽ എങ്ങനെ വേണ്ടെന്ന് പറയും! വൺപ്ലസ് 5ജി ഫോണിന് കിടിലൻ ഡീലുമായി ആമസോൺ
സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ വിവിധ ബ്രാൻഡുകൾ തമ്മിൽ മാത്രമല്ല, ഒരേ ബ്രാൻഡിന്റെ വിവിധ മോഡലുകൾ തമ്മിലും കടുത്ത മത്സരം സൃഷ്ടിക്കുന്ന നിലയിലേക്ക് വൺപ്ലസിന്റെ 5ജി ഫോണിന് വൻ ഡിസ്കൗണ്ടുമായി ആമസോൺ രംഗത്ത്. വൺപ്ലസ് ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ വൺപ്ലസ് നോർഡ് സിഇ4 5ജി ഇപ്പോൾ ആമസോൺ 3000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു. ജൂലൈയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് ഫോർ കഴിഞ്ഞ ദിവസമാണ് (ഓഗസ്റ്റ് 2) ലോഞ്ച് ഓഫറുകളുമായി ഓപ്പൺ സെയിൽ ആരംഭിച്ചത്. ഇതിന് പിന്നാലെ നോർഡ് സിഇ4 കൂടി ഡിസ്കൗണ്ടിൽ ലഭ്യമായതോടെ ഏത് വാങ്ങണമെന്ന കൺഫ്യൂഷനിലാണ് ഉപയോക്താക്കൾ.
ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമാണ് വില. അതേപോലെ വൺപ്ലസ് നോർഡ് 4ന്റെ 8GB + 128GB മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും നൽകണം.

ഇപ്പോൾ ആമസോണിൽ 3000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ വൺപ്ലസ് നോർഡ് സിഇ 4 ന്റെ 8GB+128GB വേരിയന്റ് 21,999 രൂപയ്ക്കും 8GB+256GB വേരിയൻ്റ് 23,999 രൂപയ്ക്കും വാങ്ങാം. അതേസമയം ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് നോർഡ് 4 ന്റെ 128ജിബി മോഡൽ 27,999 രൂപ വിലയിൽ കിട്ടും.
വൺപ്ലസ് നോർഡ് 4 ന്റെ 128ജിബി മോഡലിന് 2000 രൂപയും 256ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 3000 രൂപയും ഡിസ്കൗണ്ട് ആണ് കിട്ടുക. വൺപ്ലസ് നോർഡ് സീരീസിൽ നിലവിൽ ലഭ്യമായിട്ടുള്ള കരുത്തൻ സ്മാർട്ട്ഫോൺ നോർഡ് 4 5ജിയാണ്. എന്നാൽ നോർഡ് 4 എടുക്കാൻ ബജറ്റ് ഇല്ലാത്തവർക്ക് കുറച്ച് കുറഞ്ഞ ബജറ്റിൽ പരിഗണിക്കാവുന്ന ഓപ്ഷനായി നോർഡ് സിഇ4 നിലനിൽക്കുന്നു.

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഈ വൺപ്ലസ് ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
LPDDR4x റാം, UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ്, ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ, വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. അതിൽ, OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിലാണ് വൺപ്ലസ് നോർഡ് സിഇ4 5ജി ലഭ്യമാകുക. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവും ഈ ഫോണിനുണ്ട്. ഏകദേശം 186 ഗ്രാം ആണ് ഭാരം.


Click it and Unblock the Notifications








