അതൊരു വല്ലാത്ത ചോർത്തൽ ആയിരുന്നു; ഏപ്രിൽ 1ന് ഇറങ്ങുന്ന വൺപ്ലസ് നോർഡ് CE4 ന്റെ വില പുറത്തായി
വൺപ്ലസ് തങ്ങളുടെ ഇന്ത്യയിലെ അംഗബലം വർധിപ്പിക്കാൻ തയാറെടുത്ത് വീണ്ടുമൊരു സ്മാർട്ട്ഫോൺ കൂടി ഏപ്രിൽ 1ന് ലോഞ്ച് ചെയ്യാൻ പോകുകയാണ്. മികച്ച സ്മാർട്ട്ഫോണുകൾ മാന്യമായ വിലയിൽ ലഭ്യമാക്കിക്കൊണ്ട് കൂടുതൽ ഉപയോക്താക്കളെ സ്വന്തമാക്കി കളം നിറയാനാണ് വൺപ്ലസിന്റെ നീക്കം. അതിന്റെ ഭാഗമായാണ് പുതിയതായി നോർഡ് സിഇ4 അവതരിപ്പിക്കാൻ പോകുന്നത്.
വൺപ്ലസ് നോർഡ് സിഇ4 5ജി (OnePlus Nord CE4 5G) ഏപ്രിൽ 1ന് ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വൺപ്ലസ് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് ലീക്ക് റിപ്പോർട്ടുകളിലൂടെ ഇതിനകം തന്നെ ഒരു ഏകദേശ ചിത്രം ലഭ്യമായിരുന്നു.

എന്നാൽ ഇന്ത്യയിൽ എന്ത് വിലയിലാകും വൺപ്ലസിന്റെ പുതിയ ഈ കിടിലൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുക എന്ന സംശയം ബാക്കിയായിരുന്നു. എന്നാലിപ്പോൾ ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വൺപ്ലസ് നോർഡ് സിഇ4 ന്റെ ഇന്ത്യയിലെ വില ചോർത്തിയിരിക്കുകയാണ് പ്രമുഖ ടിപ്സ്റ്ററായ ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ.
വൺപ്ലസ് നോർഡ് CE4 ൻ്റെ അടിസ്ഥാന മോഡൽ 26,999- 27,999 രൂപ പ്രാരംഭ വിലയിലാകും ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്ന് യോഗേഷ് ബ്രാർ വെളിപ്പെടുത്തി. ഈ മോഡലിന് 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടിസ്ഥാന വേരിയൻ്റിന് 128 ജിബി സ്റ്റോറേജ് ഉണ്ടായിരിക്കുമെന്നാണ് സൂചന.

വെളിപ്പെടുത്തൽ ശരിയാണെങ്കിൽ, മുൻ മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വൺപ്ലസ് നോർഡ് സിഇ 4 എത്തുന്നത് തികച്ചും മാന്യമായ വിലയിലാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വൺപ്ലസ് നോർഡ് സിഇ4 ന്റെ മുൻഗാമിയായ നോർഡ് സിഇ 3യുടെ പ്രാരംഭ വേരിയന്റ് 26,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്.
മുൻ മോഡലിനെ അപേക്ഷിച്ച് ഒരുപാട് പുതിയ മാറ്റങ്ങളുമായാണ് വൺപ്ലസ് നോർഡ് സിഇ 4 എത്തുന്നത്. അതിനാൽത്തന്നെ മുൻ മോഡലിന്റെ അതേവിലയിൽ എത്തിയാൽ പോലും നോർഡ് സിഇ 4 വാങ്ങുന്നത് ലാഭകരമാണ്. കൂടുതൽ മികച്ച ഫീച്ചറുകളും പുതിയ ടെക്നോളജിയുമാണ് വൺപ്ലസ് വില വർധിപ്പിക്കാതെ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
കൂടാതെ 26,999 രൂപ വിലയിലാണ് എത്തുന്നത് എങ്കിൽപ്പോലും തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ വൺപ്ലസ് നോർഡ് സിഇ 4ന് ലഭ്യമാകും. അതിനാൽ 1500- 2000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും എന്നകാര്യവും ഉറപ്പാണ്. അങ്ങനെയെങ്കിൽ വൺപ്ലസിന്റെ ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിച്ചേക്കും.

ഏപ്രിൽ 1 ന് വൈകുന്നേരം 6:30ന് (IST) ആണ് വൺപ്ലസ് നോർഡ് സിഇ 4 ന്റെ ഇന്ത്യൻ ലോഞ്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
8GB LPDDR4x റാമും 256GB വരെ UFS 3.1 സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 4ൽ ഉണ്ടാകുമെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 100W SUPERVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ഫോണിന്റെ ഫീച്ചറുകളുടെ പട്ടികയിലുണ്ട്. ഒരു നോർഡ് ഫോണിൽ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാർജിങ് ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും.


Click it and Unblock the Notifications








