വിഡ്ഢിദിനം ഇത്തവണ ബുദ്ധിമാന്മാരുടെ ദിനമാകും! മെഗാഹിറ്റ് അടിക്കാൻ വൺപ്ലസ് നോർഡ് CE4 എത്തുന്നു
വൺപ്ലസിന്റെ സ്മാർട്ട്ഫോണുകളിൽ ഏറെ ജനപ്രീതി നേടിയിട്ടുള്ള സീരീസ് ആണ് നോർഡ് സിഇ സീരീസ്. പുതിയ നോർഡ് സിഇ സീരീസ് ഫോൺ പുറത്തിറക്കാൻ വൺപ്ലസ് തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത നോർഡ് CE3 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് നോർഡ് CE4 ഏപ്രിൽ 1ന് ലോഞ്ച്ചെയ്യും.
വൺപ്ലസ് നോർഡ് സിഇ4 ഏപ്രിൽ 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിചിതമായ റിയർ ഡിസൈനിലാണ് എത്തുന്നത് എങ്കിലും ചില മാറ്റങ്ങൾ കാഴ്ചയിൽ പ്രകടമാണ്. ഉദാഹരണത്തിന് ഫ്ലാഷ് ഇപ്പോൾ ക്യാമറയ്ക്ക് താഴെ ഒരു സർക്കിളിൽ നിൽകിയിരിക്കുന്നു. ഇതിന്റെ ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്.

കാഴ്ചയിൽ മാത്രമല്ല ഫീച്ചറുകളുടെയും പെർഫോമൻസിന്റെയും കാര്യത്തിലും വൺപ്ലസ് നോർഡ് സിഇ4 (OnePlus Nord CE4) ഒട്ടേറെ നവീകരണങ്ങളോടെയാണ് എത്തുന്നത്. നോർഡ് CE3-ൽ ഉണ്ടായിരുന്ന സ്നാപ്ഡ്രാഗൺ 782G ചിപ്സെറ്റിനെ അപേക്ഷിച്ച് കൂടുതൽ മികച്ച സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് നോർഡ് സിഇ4ൽ ഉണ്ടാകുകയെന്ന് വൺപ്ലസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻ മോഡലിനെ അപേക്ഷിച്ച്, CPU പെർഫോമൻസിൽ 15% വർധനയും GPU പെർഫോമൻസിൽ 50% വർധനയും ഊർജ്ജ സംരക്ഷണത്തിൽ 20% വർധനയും വൺപ്ലസ് നോർഡ് സിഇ4 വാഗ്ദാനം ചെയ്യുന്നു. ഇതിന് നന്ദി പറയേണ്ടത് പുതിയ ചിപ്സെറ്റിനോട് ആണ്. നോർഡ് സിഇ4 ഡാർക്ക് ക്രോം നിറത്തിൽ ലഭ്യമാകും.

കൂടാതെ, വൺപ്ലസ് 11 മാർബിൾ ഒഡീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രീമിയം ലുക്കും ഗംഭീരമായ ടെക്സ്ചർ അധിഷ്ഠിത ഡിസൈനുകളുമുള്ള സെലാഡൺ മാർബിൾ വേരിയന്റും ലഭ്യമാകും. ഇതിനകം പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ആണ് വൺപ്ലസ് നോർഡ് സിഇ4ൽ ഉണ്ടാകുക.
അതേപോലെ 50 എംപി + 8 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഡ്യുവർ ക്യാമറയാണ് ഇതിൽ ഉണ്ടാകുകയെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആയിരിക്കും. പതിവ് പോലെ ലോഞ്ചിന് ശേഷം ആമസോൺ വഴി ഈ വൺപ്ലസ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും.
വൺപ്ലസ് നോർഡ് സിഇ4, വൺപ്ലസ് നോർഡ് സിഇ4 എന്നിവ സ്വന്തമാക്കാനുള്ള മത്സരത്തിൽ വിജയിക്കുന്നതിനായി ആരാധകർക്ക് വൺപ്ലസ് ഔദ്യോഗിക വെബ്സൈറ്റിലെ നോട്ടിഫൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഈ സ്മാർട്ട്ഫോണിന്റെ വില അടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലോഞ്ചിനോട് അടുത്തുള്ള ദിവസങ്ങളിൽ ഇത് പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് സിഇ3യുടെ പ്രാരംഭ വേരിയന്റിന്റെ വില 26,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ഇത് ആമസോണിൽ 24,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഒട്ടേറെ പേർ തെരഞ്ഞെടുക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്.
എന്നാൽ പുതിയ വൺപ്ലസ് നോർഡ് സിഇ4 ലോഞ്ച് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി വൺപ്ലസ് ആരാധകർ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ അൽപ്പം കാത്തിരിക്കുന്നതാണ് നല്ലത്. കാരണം മുൻ മോഡലിനെ അപേക്ഷിച്ച് ഒട്ടേറെ മികച്ച ഫീച്ചറുകളുമായിട്ടാണ് നോർഡ് സിഇ4 വരുന്നത്. വിലയും അധികം വർധിക്കാൻ സാധ്യതയില്ല. അതിനാൽ കാത്തിരുന്ന് ഈ പുതിയ 5ജി ഫോണിന് കൈകൊടുക്കുന്നതാണ് ബുദ്ധി!


Click it and Unblock the Notifications








