നാട്ടുകാരേ ദേ എന്റെ 'പ്രത്യേക' ഫോൺ, വേണേൽ കണ്ടോ; പറയാതെ പറഞ്ഞ് അനുഷ്ക! ഫോണും വീഡിയോയും വൈറൽ
ഒരു വീഡിയോയിൽ ബോളിവുഡ് താരം അനുഷ്കയുടെ കൈയിലിരുന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ട്വിറ്ററിലെയും സ്മാർട്ട്ഫോൺ ആരാധകരുടെയും പ്രധാന ചർച്ചാ വിഷയം. ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്തും അടുത്തമാസം (ഒക്ടോബറിൽ) ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതുമായ വൺപ്ലസിന്റെ ഫോൾഡബിൾ ഫോണാണ് അനുഷ്കയുടെ കൈയിൽ ഉണ്ടായിരുന്നത് എന്നാണ് ടെക് വിഗദ്ധർ പറയുന്നത്.
ഇതുവരെ ആരുടെ കൈയിലും എത്തിയിട്ടില്ലാത്ത ഫോൺ ആണ് അനുഷ്കയുടെ കൈയിൽ ഇരുന്നത് എന്ന് തിരിച്ചറിഞ്ഞതോടെ വീഡിയോ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയാണ് അനുഷ്ക ശർമ്മയുടെ ഈ വീഡിയോ പകർത്തിയത്. ഭയാനി അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ട്വിറ്ററിലെ സൂക്ഷ്മദൃഷ്ടികളായ ചിലർ ഫോൺ തിരിച്ചറിയുകയായിരുന്നു.

വൺ പ്ലസ് ഇതുവരെ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിട്ടില്ല. എന്നാൽ വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ 'വൺപ്ലസ് ഓപ്പൺ' ഉടൻ അവതരിപ്പിക്കപ്പെടും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് അതിനോട് സാമ്യം തോന്നുന്ന ഫോൺ അനുഷ്കയുടെ കൈയിൽ കണ്ടെത്തിയിരിക്കുന്നത്. അനുഷ്കയുടെ കൈയിലിരുന്നത് ഒരു ഫോൾഡബിൾ ഫോൺ തന്നെയായിരുന്നു.
അതിന്റെ പിന്നിലെ ക്യാമറ മൊഡ്യൂൾ വൺപ്ലസിന്റെ ക്യാമറകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. അതോടെയാണ് അനുഷ്കയുടെ കൈയിൽ ഉണ്ടായിരുന്നത് ഇറങ്ങാൻ പോകുന്ന വൺപ്ലസ് ഓപ്പൺ ആണ് എന്ന അനുമാനത്തിലേക്ക് വിദഗ്ധർ എത്തിയത്. അതേസമയം, വൺപ്ലസ് ഉടൻ ഈ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കുമെങ്കിലും അത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നകാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ഫോൺ ഇറക്കും മുമ്പ് തന്നെ ഒരു പ്രമോഷന്റെ ഭാഗമായിട്ടായിരുന്നോ അനുഷ്കയുടെ കൈയിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടത് എന്ന ചർച്ചയും ട്വിറ്ററിൽ നടക്കുന്നുണ്ട്. കാരണം, ചുറ്റും കൂടി നിന്ന ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും വിധം അനുഷ്ക ഈ ഫോൺ കൈയിൽ പിടിച്ച് ഉയർത്തുകയും നിവർത്തുകയുമൊക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം.
എന്നാൽ ആളുകൾക്കു നേരേയോ ക്യാമറയ്ക്ക് നേരേയോ അനുഷ്ക ഈ ഫോൺ നേരിട്ട് പ്രദർശിപ്പിച്ചില്ല. സ്വാഭാവികമായി ഫോൺ ഉപയോഗിക്കുന്നു എന്ന വ്യാജേന ആയിരുന്നു വാഹനത്തിന് ഉള്ളിൽ ഇരുന്നുകൊണ്ടുള്ള അനുഷ്കയുടെ ഫോൺ പ്രദർശനം. അതായത് നേരിട്ട് കാണിക്കാതെ എന്നാൽ എല്ലാവരും കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ ആയിരുന്നു അനുഷ്ക ശർമ്മ ഫോൺ ഉപയോഗിച്ചത്.
വൺപ്ലസിന്റെ ആദ്യ ഫോൾബിൾ ഫോൺ തന്നെയാണ് ഇത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും പുറത്തുവന്ന സൂചനകൾ 99 ശതമാനവും ഇത് വൺപ്ലസ് ഓപ്പൺ തന്നെയാകാനാണ് സാധ്യത എന്ന് വിലയിരുത്തുന്നു. ഈ വൺപ്ലസ് ഫോണിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ചില ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ലീക്ക് റിപ്പോർട്ടുകൾ പ്രകാരം 120Hz പുതുക്കൽ നിരക്കുള്ള 7.8 ഇഞ്ച് അമോലെഡ് 2K ഡിസ്‌പ്ലേ വൺപ്ലസ് ഓപ്പണിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz പുതുക്കൽ നിരക്കുള്ള 6.3 ഇഞ്ച് AMOLED പാനലാണ് കവർ ഡിസ്‌പ്ലേയെന്നാണ് പറയപ്പെടുന്നത്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആയിരിക്കും ഇതിലുണ്ടാകുക.
ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, വൺപ്ലസ് ഓപ്പൺ, ഒഐഎസ് പിന്തുണയോടുകൂടിയ 50എംപി മെയിൻ ക്യാമറ, 48എംപി വൈഡ് ആംഗിൾ ലെൻസ്, 32എംപി പെരിസ്കോപ്പ് ലെൻസ് എന്നിവയോടെയാകും എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. സെൽഫി പ്രേമികൾക്കായി ഇതിൽ 32 മെഗാപിക്സലിന്റെ ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ ഉണ്ടാകുമെന്നും പറയപ്പെടുന്നു.
16 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും വൺപ്ലസ് ഓപ്പൺ വാഗ്ദാനം ചെയ്യും. 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,800mAh ബാറ്ററിയാകും ഇതിലുണ്ടാകുക. വൺപ്ലസ് ഓപ്പണിന് ഇന്ത്യയിൽ 1,10,000 മുതൽ 1,20,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. സാംസങ്ങിന്റെ ഗാലക്‌സി Z ഫോൾഡ്5 ഇന്ത്യയിൽ 1,54,999 രൂപ മുതലാണ് ആരംഭിക്കുന്നത്.


Click it and Unblock the Notifications








