പുതുവർഷ സന്തോഷം! വൺപ്ലസ് ടർബോ 6, വൺപ്ലസ് ടർബോ 6V ലോഞ്ച് ജനുവരി 8ന്; ഇന്ത്യക്ക് ഇത് നോർഡ് 6
വൺപ്ലസ് തങ്ങളുടെ ടർബോ സീരീസിലെ അടുത്ത സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൺപ്ലസ് ടർബോ 6 (OnePlus Turbo 6), വൺപ്ലസ് ടർബോ 6V (OnePlus Turbo 6V) എന്നീ മോഡലുകൾ അടങ്ങുന്ന വൺപ്ലസ് ടർബോ 6 സീരീസ് ആണ് അടുത്തതായി എത്താൻ പോകുന്നത്. പുതുവർഷത്തിലെ വൺപ്ലസിന്റെ ആദ്യ ലോഞ്ചായി ജനുവരി 8ന് ഇവ ചൈനയിൽ അവതരിപ്പിക്കപ്പെടും. തുടർന്ന് വൺപ്ലസ് നോർഡ് 6 (OnePlus Nord 6) എന്ന പേരിൽ വൺപ്ലസ് ടർബോ 6 ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.
'അസാധാരണമാംവിധം ശക്തമായ പെർഫോമൻസ്, അവിശ്വസനീയമാംവിധം നീണ്ട ബാറ്ററി ലൈഫ്!,' എന്നിവ സഹിതമാണ് വൺപ്ലസ് ടർബോ 6 സീരീസ് എത്തുകയെന്ന് കമ്പനി പറയുന്നു. വൺപ്ലസ് ടർബോ 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സീരീസ് ഫ്ലാഗ്ഷിപ്പ് ചിപ്പ് സഹിതമാകും എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

BOE 165Hz അൾട്രാ-ഹൈ റിഫ്രഷ് റേറ്റ് ഐ-കെയർ സ്‌ക്രീൻ, IP66/IP68/IP69/IP69K റേറ്റിങ് എന്നിവയും ടർബോ 6ൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 256 ജിബി, 16 ജിബി + 512 ജിബി വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാകും.
വൺപ്ലസ് ടർബോ സീരീസിൽ ഏറ്റവും ശ്രദ്ധ നേടുന്ന ഫീച്ചറുകളിലൊന്ന് അതിലെ ബാറ്ററി ശേഷിയാണ്. 27W വയർഡ് റിവേഴ്‌സ് ചാർജിംഗ് ഫംഗ്‌ഷനുള്ള പിന്തുണയുള്ള 9000mAh ബാറ്ററി ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയിൽ നോർഡ് 6 ആയി അവതരിപ്പിക്കപ്പെടുമ്പോഴും ഇതേ ബാറ്ററി ഫീച്ചർ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

ടർബോ സീരീസിനെക്കുറിച്ചുള്ള ആളുകളുടെ മതിപ്പ് ഉയർത്തുന്ന വിധത്തിലുള്ള ഒരു മോഡലായിരിക്കും ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോൺ ബ്ലാക്ക്, സിൽവർ, വൈൽഡർനെസ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് ടർബോ 6 എത്തുക. ഇതിൽ സിൽവർ നിറത്തിൽ 3D ഹോളോഗ്രാഫിക് എൻഗ്രേവിംഗ് ടെക്നോളജി ഉപയോഗിക്കുന്നു.
വൺപ്ലസ് ടർബോ 6ന്റെ മറ്റ് ഫീച്ചറുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് 6.78″ 1.5K 165Hz LTPS BOE OLED ഫ്ലാറ്റ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 SoC എന്നിവ ഇതിൽ ഉണ്ടാകുമെന്നാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാകും പ്രവർത്തനം. 217.25 ഗ്രാം ഭാരമാണ് ഈ ഫോണിന് ഉണ്ടാകുക.
വൺപ്ലസ് ടർബോ 6ന് ഒപ്പം എത്തുന്ന വൺപ്ലസ് ടർബോ 6V മികച്ച ഈട് വാഗ്ദാനം ചെയ്യും. ടർബോ 6ന്റെ അൽപ്പം കുറഞ്ഞ ഓപ്ഷൻ എന്ന നിലയിലാണ് ടർബോ 6V എത്തുക, ചൈനയിലെ ലോഞ്ചിന് ശേഷി ഇത് ചെറിയ മാറ്റങ്ങളോടെ ഇന്ത്യയിൽ നോർഡ് സിഇ6 ആയി എത്തും എന്നാണ് റിപ്പോർട്ട്.

സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാകും വൺപ്ലസ് ടർബോ 6V എത്തുക എന്നാണ് സൂചന. 8GB + 256GB, 12GB + 256GB, 12GB + 512GB വേരിയന്റുകളിൽ ഇത് ലഭ്യമാകും. ലോൺ ബ്ലാക്ക്, ഫിയർലെസ് ബ്ലൂ, നോവ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ടർബോ 6V എത്തുക. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകും.


Click it and Unblock the Notifications








