ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ 33 അവതരിപ്പിച്ചു: വില, സവിശേഷതകൾ
എ സീരീസ് ഫോണിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായി ഓപ്പോ എ 33 ഇന്ത്യയിൽ പുറത്തിറക്കി. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ 90Hz ഡിസ്പ്ലേയും 18W ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുന്നു. ഓപ്പോ നിലവിൽ എ 33 ന്റെ ഒരൊറ്റ വേരിയൻറ് മാത്രമായി 11,990 രൂപ വിലയിൽ വിൽപ്പനയ്ക്ക് ലഭ്യമാകും. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റാണ് ഈ സ്മാർട്ഫോൺ. ഓപ്പോ എ 33യുടെ മറ്റ് വകഭേദങ്ങൾ ഇന്ത്യയിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 11,990 രൂപ വിലയുള്ള എ 33 സമാനമായ സജ്ജീകരിച്ച റിയൽമി 7 ഐയുമായി മത്സരിക്കുന്നു.

ഓപ്പോ എ 33 മൂൺലൈറ്റ് ബ്ലാക്ക്, മിന്റ് ക്രീം എന്നി രണ്ട് കളർ വേരിയന്റുകളിൽ ലഭ്യമാണ്. 2020 ഒക്ടോബറിൽ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പനയ്ക്ക് എത്തിക്കും. ഓപ്പോ എ 33 വാങ്ങുമ്പോൾ 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന പേടിഎം ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

കൊട്ടക് ബാങ്ക് (ക്രെഡിറ്റ് കാർഡ് ഇഎംഐ / ഡെബിറ്റ് കാർഡ് ഇഎംഐ), ആർബിഎൽ ബാങ്ക് (ക്രെഡിറ്റ് കാർഡ് ഇഎംഐ, നോൺ ഇഎംഐ), ബാങ്ക് ഓഫ് ബറോഡ (ക്രെഡിറ്റ് കാർഡ് ഇഎംഐ), ഫെഡറൽ ബാങ്ക് (ഡെബിറ്റ് കാർഡ് ഇഎംഐ) തുടങ്ങിയവയിൽ നിന്നും അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഉപയോക്താക്കൾക്ക് ലഭിക്കും.

ഓപ്പോ എ 33: സവിശേഷതകൾ
ചില മുൻനിര സെഗ്‌മെൻറ് സവിശേഷതകളുള്ള ഒരു ബജറ്റ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് ഓപ്പോ എ 33. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിന്റെ പ്രധാന സവിശേഷത. 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് അളക്കുന്ന ഡിസ്‌പ്ലേയാണ് ഓപ്പോ എ 33ക്ക് ലഭിക്കുന്നത്. ഡിസ്പ്ലേയിൽ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ വരുന്നു. പിന്നിൽ, ഫോട്ടോഗ്രാഫിക്കായി ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വരുന്നു. പ്രധാന ക്യാമറയിൽ 13 മെഗാപിക്സൽ സെൻസറാണ് വരുന്നത്. സെക്കൻഡറി ക്യാമറ 2 മെഗാപിക്സൽ സെൻസറുള്ള മാക്രോ ക്യാമറയാണ്. മൂന്നാമത്തെത് 2 മെഗാപിക്സലിൽ വരുന്ന ഡെപ്ത് ക്യാമറയാണ്.

3 ജിബി റാമും 32 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 ചിപ്‌സെറ്റാണ് എ 33ക്ക് മികച്ച പ്രവർത്തക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി നിങ്ങൾക്ക് സ്റ്റോറേജ് 256 ജിബിയായി വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 7.2 ൽ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നു. എ 33 ൽ 18W ഫാസ്റ്റ് ചാർജിംഗ് സിസ്റ്റവുമായി ജോടിയാക്കിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ ഉപയോഗിക്കുന്നത്. ഡ്യുവൽ സ്പീക്കർ സിസ്റ്റം, യുഎസ്ബി-സി പോർട്ട്, റിയർ ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത്ത് 5.0 എന്നിവയാണ് എ 33 ലെ മറ്റ് പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications








