വിലകൊണ്ട് നോവിക്കാതെ ഓപ്പോയുടെ സർജിക്കൽ സ്ട്രൈക്ക്! മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുള്ള OPPO A3x 5G ഇന്ത്യയിൽ
ഓർക്കാപ്പുറത്ത് ബമ്പർ അടിച്ചപോലൊരു സന്തോഷം ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് സമ്മാനിച്ചുകൊണ്ട് ഓപ്പോ പുതിയ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ എ3 പ്രോയുടെ നിരയിലേക്ക് ഓപ്പോ എ3എക്സ് 5ജി (OPPO A3x 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ വളരെ നിശബ്ദമായി ഓപ്പോ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊരു ഫോൺ ഇപ്പോൾ ലോഞ്ച് ചെയ്യും എന്നത് സംബന്ധിച്ച ഒരു സൂചനയും അടുത്തെങ്ങും ഓപ്പോ നൽകിയിരുന്നില്ല. കൂടാതെ ഫോൺ ഇറങ്ങിയ വിവരവും ഓപ്പോ കാര്യമായി പരസ്യം നൽകിയിട്ടില്ല. ഇതിന്റെ കാരണം എന്താണ് എന്ന് ഇപ്പോൾ വ്യക്തമല്ല.
അടുത്തിടെയായി ഓപ്പോ ഫോണുകൾ ഫോണിന്റെ ഈടിന് വളരെയേറെ പ്രാധാന്യം നൽകാറുണ്ട്. കഠിനമായ സാഹചര്യങ്ങളിൽ ഉപയോഗിച്ചാൽ പോലും അത്ര പെട്ടെന്ന് തകരാത്ത വിധത്തിലുള്ള ഫോണുകൾ നിർമിക്കാൻ ഓപ്പോ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നു. അടുത്തിടെ എത്തിയ ഓപ്പോ എഫ്27 പ്രോ, ഓപ്പോ എ3 പ്രോ എന്നിവ ശ്രദ്ധ നേടിയത് അതിന്റെ ബിൽഡ് ക്വാളിറ്റിയും പ്രതിരോധശേഷികളും കൊണ്ടായിരുന്നു.

ഓപ്പോ എഫ്27 പ്രോ, ഓപ്പോ എ3 പ്രോ എന്നിവയുടെ നിരയിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയും വിധം വീഴ്ചകളെയും ജലത്തെയും പ്രതിരോധിക്കാനുള്ള ശേഷിയോടെ മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുമായാണ് ഓപ്പോ എ3x 5ജിയും വന്നിരിക്കുന്നത്. ഡ്യൂറബിലിറ്റിക്കും മൾട്ടിപ്പിൾ ലിക്വിഡ് റെസിസ്റ്റൻസിനുമായി MIL-STD 810H സർട്ടിഫിക്കേഷൻ ഈ ഫോണിന് ഉണ്ട്.
ഓപ്പോ A3x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് HD+ ഡിസ്പ്ലേ, 1604 x 720 പിക്സൽ റെസല്യൂഷൻ, സെൽഫി സ്നാപ്പറിനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട്, 1000nits പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. 6nm മീഡിയടെക് ഡിമെൻസിറ്റി 6300 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഗ്രാഫിക്‌സിനായി മാലി-G57 MC2 ജിപിയുവും ഉണ്ട്. 4GB റാം + 64GB ഇന്റേണൽ സ്റ്റോറേജ്, 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ ഫോൺ ലഭിക്കുക. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ മെയിൻ ക്യാമറ 32MP (8MP പിക്സൽ-ബിൻഡ്) ആണ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഫ്രണ്ടിൽ 5 എംപി ക്യാമറയുമുണ്ട്.
45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് ഓപ്പോ A3x പായ്ക്ക് ചെയ്യുന്നത്.
ഓപ്പോ എ3x 5ജിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ട്. മിലിട്ടറി-ഗ്രേഡ് MIL-STD 810H സർട്ടിഫിക്കേഷൻ ഉളളതിനാൽ ഷോക്ക് ആൻഡ് ഡ്രോപ്പ്-റെസിസ്റ്റൻ്റ് ആണ്, താഴെ വീണാലും അത്രപെട്ടെന്ന് തകരില്ല.

സ്റ്റാറി പർപ്പിൾ, സ്പാർക്കിൾ ബ്ലാക്ക്, സ്റ്റാർലൈറ്റ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഓപ്പോ A3x ഹാൻഡ്സെറ്റ് വരുന്നത്. ഇന്ത്യയിൽഇതിന്റെ 64GB അടിസ്ഥാന വേരിയൻ്റിന് 12,499 രൂപയും 128GB വേരിയന്റിന് 13,499 രൂപയുമാണ് വില. ഓഗസ്റ്റ് 7 മുതൽ ഓപ്പോ വെബ്സൈറ്റ് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ഫോൺ വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications








