പുതിയ മോഡലിന് കച്ചവടം പിടിക്കാനുള്ള തന്ത്രമാണോ; ഓപ്പോ A5 പ്രോ 5ജിക്ക് ഇപ്പോൾ പുതിയ വില
ഓപ്പോ ആരാധകർക്ക് കഴിഞ്ഞ ദിവസം സന്തോഷത്തിന്റേതായിരുന്നു. കാരണം മികച്ച ഈടുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ ഓപ്പോ തങ്ങളുടെ എ സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓപ്പോ എ6 പ്രോ 5ജി എന്നായിരുന്നു ആ സ്മാർട്ട്ഫോണിന്റെ പേര്. എന്നാൽ പുതിയ മോഡലിന്റെ സന്തോഷം മാറും മുമ്പ് ഓപ്പോ ആരാധകരെ നിരാശയിലാക്കുന്ന ഒരു വാർത്തകൂടി എത്തിയിരിക്കുന്നു. ഓപ്പോ എഫ്6 പ്രോയുടെ മുൻഗാമിയായ ഓപ്പോ എ5 പ്രോ 5ജിയുടെ വില വർധിച്ചിരിക്കുന്നു എന്നതാണ് അത്. സാധാരണയായി പുതിയ മോഡൽ എത്തുമ്പോൾ പഴയ മോഡലിന് വില കുറയാറുണ്ട്. എന്നാലിവിടെ അതുണ്ടായില്ല എന്നുമാത്രമല്ല വില കൂടുകയും ചെയ്തിരിക്കുന്നു.
ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം വരെ ഇതേ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിരുന്നു. അതിനാൽ ഇത് 16999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമായിരുന്നു.

എന്നാലിപ്പോൾ ഓപ്പോ വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങി എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഈ ഓപ്പോ ഫോൺ 18999 രൂപ പ്രാരംഭ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, ടോപ് മോഡലിന് 20999 രൂപയും. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17999 രൂപ വിലയിൽ വാങ്ങാം. എന്നാൽ മുൻപ് 16999 രൂപ വിലയിൽ ലഭ്യമായിരുന്ന ഫോൺ ആണ് ഇത് എന്നത് ഓർക്കുമ്പോൾ ഈ ഡീൽ അത്ര ലാഭകരമല്ല.
കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഓപ്പോ A6 പ്രോ 5ജിയുടെ 8GB + 128GB വേരിയന്റിന് 21,999 രൂപയും 8GB + 256GB പതിപ്പിന് 23,999 രൂപയുമാണ് വില. ഇതിന് ഓപ്പോ വെബ്സൈറ്റിൽ 2,000 രൂപയുടെയും ആമസോണിൽ 2300 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ കുറഞ്ഞത് 19999 രൂപ വിലയിൽ ലഭ്യമാണ്.

ഇവിടെ ഓപ്പോയുടെ എ5 പ്രോ എന്ന പഴയ മോഡലും എ6 പ്രോ എന്ന പുതിയ മോഡലും തമ്മിൽ വെറും 1000- 2000 രൂപയുടെ മാത്രം വ്യത്യാസമേ വരുന്നുള്ളൂ. ഈ ഒരു സാഹചര്യത്തിൽ പുതിയ ഫീച്ചറുകളുമായി എത്തിയ പുതിയ മോഡൽ വാങ്ങുന്നതാണ് ഉപയോക്താക്കൾക്ക് കൂടുതൽ ലാഭകരമായിട്ടുള്ളത്.
പുതിയ മോഡലിന്റെ വിൽപ്പന കൂട്ടാൻ ഓപ്പോ മനപ്പൂർവം പ്രയോഗിച്ച തന്ത്രമാണോ പഴയ മോഡലിന്റെ വില വർധന എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാകില്ല. രണ്ട് മോഡലുകളും തമ്മിൽ വലിയ വില വ്യത്യാസം ഇല്ല എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയം. എന്തായാലും ഓപ്പോ ആരാധകർക്ക് ഈ രണ്ട് ഡീലുകളും പരിശോധിച്ച ശേഷം ഇഷ്ടമുള്ള മോഡൽ തിരഞ്ഞെടുക്കാം.
പുതിയ ഓപ്പോ എ6 പ്രോ 5ജിയും പഴയ ഓപ്പോ എ5 പ്രോ 5ജിയും മികച്ച ഈട് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഇരുമോഡലുകളുടെയും കരുത്ത്. പുതിയ മോഡലിൽ 16MP ഫ്രണ്ട് ക്യാമറയുണ്ട്, എന്നാൽ പഴയ മോഡലിൽ 8MP ആണ് ഉള്ളത്.

45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററിയാണ് എ5 പ്രോയിലുള്ളത്. എന്നാൽ പുതിയ എ6 പ്രോയിൽ 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 5 വർഷത്തെ ഈട് ഈ ബാറ്ററിക്ക് ഓപ്പോ വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തിൽ പഴയ മോഡലിനെക്കാൾ ലാഭം പുതിയ മോഡൽ തന്നെ.


Click it and Unblock the Notifications








