ഓപ്പോ സ്റ്റോറിൽ ഇതിനെക്കാൾ ഡിസ്കൗണ്ട് ഉണ്ട്! ഈ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് ഡീൽ നഷ്ടമാണ്
വാലന്റൈൻസ് ഡേ പ്രമാണിച്ച് വിവിധ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയും പോലെയാണ് ഫ്ലിപ്പ്കാർട്ടിലെ കാര്യങ്ങൾ. ഡിസ്കൗണ്ട് ഉണ്ട് എന്ന് കാണുമെങ്കിലും എല്ലാ ഡീലുകളും യഥാർഥത്തിൽ നമുക്ക് ലാഭം ഉള്ള ഡീലുകൾ ആയിരിക്കില്ല. അത്തരം ഒരു ഡീലിന്റെ ഉദാഹരണമാണ് ഓപ്പോ എ6 പ്രോ 5ജി (Oppo A6 Pro 5G) മോഡലിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പറയുന്ന ഡീൽ. വാലന്റൈൻസ് ഡേ ഓഫറുകളുമായി ബന്ധപ്പെട്ട ടീസറിൽ ഈ ഫോൺ ഡിസ്കൗണ്ട് സഹിതം 19800 രൂപ വിലയിൽ വാങ്ങാനാകുമെന്നാണ് ഫ്ലിപ്പ്കാർട്ട് പരസ്യപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഈ ഡിസ്കൗണ്ട് ഡീൽ കണ്ട് ഓപ്പോ എ6 പ്രോ 5ജി വാങ്ങാൻ ശ്രമിച്ചാൽ കാണുക മറ്റൊരു ഡിസ്കൗണ്ട് വിലയാണ്, അതാകട്ടെ വളരെ വില കൂടിയ ഡീലും. ഇതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഓപ്പോ സ്റ്റോറിലും ആമസോണിലും ഈ മോഡലിന് ലഭ്യമാണ് എന്നതും ഇതോടൊപ്പം എടുത്തുപറയേണ്ടതുണ്ട്.

കഴിഞ മാസമാണ് (2026 ജനുവരി) ഈ ഓപ്പോ 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8GB + 128GB വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് ഈ വിലയിൽ മാറ്റം വന്നു.
ഇപ്പോൾ ഓപ്പോ എ6 പ്രോ 5ജി വേരിയന്റുകൾ യഥാക്രമം 22999 രൂപ, 24999 രൂപ വിലകളിലാണ് ലഭ്യമാകുക. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഓപ്പോ സ്റ്റോറിലും ഈ പുതിയ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഡിസ്കൗണ്ടുകൾ വ്യത്യസ്തമാണ്. ഓഫറുകൾ സഹിതം 19800 രൂപ വിലയിൽ ഈ ഫോൺ വിൽക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്.

എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 1150 രൂപയുടെ ഡിസ്കൗണ്ട് മാത്രമേ ഈ ഓപ്പോ എ6 പ്രോ 5ജിക്ക് ലഭ്യമായിട്ടുള്ളൂ. അതിനാൽ പരമാവധി 21849 രൂപ വരെ മാത്രമേ ഇതിന്റെ വില കുറയൂ. അതേസമയം ആമസോണിലും ഓപ്പോ സ്റ്റോറിലും 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ നിന്നും ഓപ്പോ സ്റ്റോറിൽ നിന്നും 20999 രൂപ വിലയിൽ ഓപ്പോ എ6 പ്രോ 5ജി ഇപ്പോൾ വാങ്ങാനാകും. അടുത്തകാലത്ത് ഈ ഫോണിന് ലഭ്യമായ മികച്ച ഡീലുകളിൽ ഒന്നാണ് ഇത്. നേരത്തെ വില കൂട്ടിയ ഘട്ടത്തിൽ 1000 രൂപയുടെ ഡിസ്കൗണ്ട് മാത്രമാണ് ഇതിന് ലഭിച്ചത്, അതിനെക്കാൾ മെച്ചമാണ് ഇപ്പോഴത്തെ ഡിസ്കൗണ്ട്.
ഫീച്ചറുകൾ
80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി സഹിതം എത്തുന്നു എന്നതാണ് ഈ ഓപ്പോ 5ജി ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്.

6.75-ഇഞ്ച് (1570×720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB/ 256GB (UFS 2.2) സ്റ്റോറേജ്, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 16MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവയിതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ ആണ് ഓപ്പോ A6 പ്രോ 5ജിയുടെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. കാപ്പുച്ചിനോ ബ്രൗൺ, അറോറ ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








